Connect with us

Malappuram

കോട്ടക്കല്‍ ലീഗില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു

Published

|

Last Updated

കോട്ടക്കല്‍: നഗരസഭയില്‍ മുസ്‌ലിം ലീഗ് വിജയം ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടികകത്ത് പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. പ്രമുഖ നേതാവ് പി മൂസകുട്ടി ഹാജിയുടെ പരാജയമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കളമൊരുക്കുക. ആദ്യവെടി എന്ന നിലയില്‍ ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഹാജി രാജി വെച്ചു. കോട്ടക്കല്‍ പഞ്ചായത്തായിരുന്ന സമയത്തും പിന്നീട് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയപ്പോഴും മൂസകുട്ടി ഹാജി ഭരണ സമിതിയുടെ മുഖ്യ സ്ഥാനത്തുണ്ടായിരുന്നു.
ഇത്തവണ മത്സരിച്ച മുസ്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ കെ നാസര്‍, യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് മങ്ങാട്ടില്‍, ട്രഷറര്‍ സുലൈമാന്‍ പാറമ്മല്‍, മുന്‍ ചെയര്‍പേഴ്‌സന്‍ മാരായ ബുശ്‌റ ശബീര്‍, ടി വി സുലൈഖാബി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഉസ്മാന്‍ കുട്ടി തുടങ്ങിയ പ്രമുഖരൊക്കൊ ജയിച്ചു കയറി എന്നിരിക്കെയാണ് മൂസകുട്ടി ഹാജിയുടെ പരാജയം. വലിയപറമ്പ് വാര്‍ഡില്‍ നിന്നും ഡി വൈ എഫ് ഐ നേതാവിനോട് 183വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
ലീഗിനകത്ത് നേരത്തെ നിലനിന്നിരുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വിജയസാധ്യത ഇല്ലാത്ത സ്ഥലത്ത് ഇട്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കഴിഞ്ഞ തവണത്തെ ഭരണ സമിതിയില്‍ അവസാനനാള്‍ വരെ പ്രശ്‌നങ്ങളുടെ ഇടയിലായിരുന്നു ലീഗ്. നേതൃത്വം പലതവണ ബന്ധപ്പെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനായിരുന്നില്ല. കഴിഞ്ഞതവണ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തെ ചെല്ലി ഒട്ടേറെ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. രണ്ടര വര്‍ഷം ബുശ്‌റ ശബീറിന് നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പ്രശ്‌നം കത്തിയതോടെയാണ് സുലൈഖാബി ചെയര്‍പേഴ്‌സന്‍ സ്ഥാനത്തെത്തിയത്. ഇതിനിടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ നാസര്‍ രാജിവെച്ചത് പ്രശ്‌നം കൂടുതല്‍ വശളാക്കി.
പിന്നീട് ഈ സ്ഥാനം ബുശ്‌റ ശബീറിന് നല്‍കുകയായിരുന്നു. ഇതിലും ജില്ലാ നേതൃത്വം ഇടപ്പെട്ടു. പ്രശ്‌നങ്ങള്‍ ശക്തമായതോടെ ലീഗിന്റെ പലയോഗങ്ങളും ബഹളമായിരുന്നു. പ്രശ്‌നം കത്തി നില്‍കെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയത്. സീറ്റിനായും പിടിവലികള്‍ നടന്നു. പലരേയും അപ്രധാന സ്ഥലത്തേക്ക് മാറ്റിയതായി ആരോപണമുയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍ പാര്‍ട്ടിയുമായി ചങ്ങാത്തത്തിലായതും ഉള്ളറ രഹസ്യം.
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെയാണ് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി രാജി വെച്ചതായി പ്രഖ്യാപിച്ചത്. ഇതിനിടെ ഇദ്ദേഹത്തിന്റെ രാജി പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ശക്തമായ സമ്മര്‍ദ്ധമുണ്ടായിട്ടുണ്ട്. പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞ നാളെ നടക്കുന്നതിനിടയില്‍ തന്നെ ലീഗ് യോഗവും ചേരുന്നുണ്ട്. പ്രശ്‌നം ഉടനെ തണുപ്പിച്ചില്ലെങ്കില്‍ അത് ലീഗിന് തന്നെ ക്ഷീണം ചെയ്യും. കാരണം ഇടത് പക്ഷം കഴിഞ്ഞ തവണത്തേതിലും അഞ്ച് സീറ്റുകൂടി അതികം നേടിയാണ് നഗരസഭയില്‍ ശക്തിതെളിയിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest