Connect with us

Kozhikode

എല്‍ ഡി എഫ് വിജയം യു ഡി എഫിന്റെ വികസന മുരടിപ്പിനുള്ള മറുപടി: എളമരം കരീം

Published

|

Last Updated

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടത് മുന്നണി വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വലിയ നേട്ടമാണുണ്ടാക്കിയത്. ജില്ലാ പഞ്ചായത്തില്‍ 2010 ല്‍ 14 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ 16 സീറ്റായി വര്‍ധിച്ചു. കോഴിക്കോട് കോര്‍പറേഷനില്‍ 41 സീറ്റ് 48 ആയി വര്‍ധിപ്പിച്ചു. 2010 ല്‍ 34 ഗ്രാമപഞ്ചായത്തുകളുടെ ഭരണം ലഭിച്ചിരുന്ന എല്‍ ഡി എഫിന് ഇത്തവണ 42 ഗ്രാമ പഞ്ചായത്തുകളുടെ ഭരണം ലഭിച്ചു. യു ഡി എഫ് ഭരണം 38 ല്‍ നിന്ന് 20 ആയി കുറഞ്ഞു. 12 ല്‍ ബ്ലോക്ക് പഞ്ചായത്തില്‍ എട്ടെണ്ണവും എല്‍ ഡി എഫിന് ലഭിച്ചു. മൂന്നെണ്ണമാണ് യു ഡി എഫിന് ലഭിച്ചത്. മന്ത്രി എം കെ മുനീര്‍ പ്രതിനിധീകരിക്കുന്ന കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണിക്കാണ് ഭൂരിപക്ഷം ലഭിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ. എം കെ മുനീറിന്റെ ഭൂരിപക്ഷം 3626 വോട്ടായിരുന്ന സ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് നില വെച്ച് എല്‍ ഡി എഫിന് 7731 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മന്ത്രി എന്ന നിലയില്‍ കോഴിക്കോട് നഗരത്തിന് വേണ്ടി യാതൊന്നും ചെയ്തില്ലെന്നതിന്റെ പ്രതിഫലനമാണിതെന്ന് എളമരം കരീം പറഞ്ഞു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മന്ത്രിയായിരുന്നു. കോഴിക്കോട് കോര്‍പറേഷനില്‍ ഭരണം പിടിക്കാനെത്തിയ യു ഡി എഫിന് ദയനീയ പരാജയമാണുണ്ടായത്. ഇതില്‍ മുസ്‌ലിം ലീഗിനാണ് വലിയ തിരിച്ചടി നേരിട്ടത്. നിലവില്‍ 13 കൗണ്‍സിലര്‍മാരുണ്ടായിരുന്ന ലീഗിന് ഇത്തവണ ആറ് അംഗങ്ങളെ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോഴിക്കോട് കോര്‍പറേഷനില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ യു ഡി എഫ് നടത്തിയ വില കുറഞ്ഞ ആരോപണങ്ങള്‍ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്നതിന്റെ തെളിവാണ് മുന്നണിയുടെ ഉജ്ജ്വല വിജയമെന്നും എളമരം വ്യക്തമാക്കി. യു ഡി എഫ് ജയിക്കാനായി ഉണ്ടാക്കിയ നഗരസഭകളാണെങ്കിലും അവിടെയും എല്‍ ഡി എഫിന് ഭരണം ലഭിച്ചു. കൊടുവള്ളിയിലും പയ്യോളിയിലുമാണ് നേരിയ ഭൂരിപക്ഷത്തില്‍ യു ഡി എഫിന് ഭരണം ലഭിച്ചത്. ഒഞ്ചിയത്ത് സി പി എമ്മിന് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ തവണ അഞ്ച് സീറ്റായിരുന്ന സി പി എമ്മിന് ഇത്തവണ ഏഴായി വര്‍ധിച്ചു. എന്നാല്‍ ആര്‍ എം പിക്ക് എട്ടില്‍ നിന്ന് ആറായി കുറഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷി സിപി എമ്മാണെങ്കിലും ഇവിടെ കഴിഞ്ഞ തവണത്തെ പോലെ യു ഡി എഫും ആര്‍ എം പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കി ഭരണം നടത്തുമോയെന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് എളമരം കരീം പറഞ്ഞു. ചോറോട് പഞ്ചായത്തിലും ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടാക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ചോറോട് പരാജയം സംബന്ധിച്ച് പാര്‍ട്ടി പ്രത്യേക പരിശോധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ പി മോഹനന്‍,ടി വി ബാലന്‍,എ പ്രദീപ്കുമാര്‍ എം എല്‍ എ, മുക്കം മുഹമ്മദ്, പി സത്യചന്ദ്രന്‍ , ഇ പി ദാമോദരന്‍,ടി പി ദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Latest