Connect with us

Gulf

ശൈഖ് മുഹമ്മദും ജനറല്‍ ശൈഖ് മുഹമ്മദും ദുബൈ എയര്‍ ഷോ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ദുബൈ എയര്‍ ഷോ 2015 യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലാണ് 14ാമത് ദുബൈ എയര്‍ഷോക്ക് ഇന്നലെ തുടക്കമായിരിക്കുന്നത്. 12 വരെ തുടരും. വാണിജ്യ വിമാനങ്ങളുടെ വ്യോമ പ്രകടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ഈ വര്‍ഷത്തെ എയര്‍ ഷോയെ കൂടുതല്‍ ആകര്‍ഷകമാക്കും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. അല്‍ മക്തൂം വിമാനത്താവള പരിസരത്ത് രണ്ടാം തവണയാണ് പ്രദര്‍ശനം നടക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിന് ഒരാള്‍ക്ക് 50 ദിര്‍ഹം നിരക്കിലാണ് ഫീസ്. സാധാരണ ടിക്കറ്റ് നിരക്ക് 17 വയസ്സിന് മുകളില്‍ 80 ദിര്‍ഹമും 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 50 ദിര്‍ഹമുമാണ്. ഏഴു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
എയര്‍ ഷോയില്‍ വാണിജ്യ വിമാനങ്ങള്‍ക്ക് റെക്കോര്‍ഡ് ഓര്‍ഡറുകളാണ് ലഭിക്കാറ്. 2013ല്‍ നടന്ന കഴിഞ്ഞ പ്രദര്‍ശനത്തില്‍ 20,610 കോടി ഡോളറിന്റെ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. മേഖലയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനമാണ് ദുബൈ എയര്‍ ഷോ. വ്യോമ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമാണ് പ്രദര്‍ശനം. അതേസമയം സ്‌കൈവ്യൂ ഗ്രാന്റ് സ്റ്റാന്റില്‍ രണ്ട് മണി മുതല്‍ 5.30 വരെയാണ് പ്രദര്‍ശനം. എന്നാല്‍ ഞായറാഴ്ച ഗ്രൂപ്പ് ടിക്കറ്റുകള്‍ക്ക് മാത്രമായിരിക്കും പ്രവേശം.
ദുബൈ ഉപ ഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരിയും ദുബൈ ടെക്‌നോളജി ആന്റ് മീഡിയാ ഫ്രീ സോണ്‍ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഷാര്‍ജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഫുജൈറ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ഉമ്മുല്‍ ഖുവൈന്‍ കിരീടാവകാശി ശൈഖ് റാശിദ് ബിന്‍ സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ശൈഖ് നഹ്‌യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, യു എ ഇ സാംസ്‌കാരിക – യുവജന-സാമൂഹിക വികസനകാര്യമന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍കാര്യ സഹ മന്ത്രി അഹ്മദ് ജുമാ അല്‍ സആബി തുടങ്ങിയവര്‍ക്കൊപ്പം പ്രതിരോധ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബൊവാര്‍ഡി, യു എ ഇ സായുധ സേനാ മേധാവി ലഫ്. ജനറല്‍ ഹമദ് മുഹമ്മദ് താനി അല്‍ റുമൈതി, ലഫ്. ജനറല്‍ മുസബ്ബഹ് ബിന്‍ റാശിദ് അല്‍ ഫത്താന്‍, ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest