Connect with us

Gulf

'ഇന്‍ഡിഗോ'യുടെ ഓഹരി വാങ്ങാന്‍ ഖത്വര്‍ എയര്‍വേയ്‌സ് തയാറെടുക്കുന്നു

Published

|

Last Updated

ദോഹ: ഇന്ത്യയുടെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോയില്‍ ഓഹരി നിക്ഷേപിക്കുന്നതിന് ഖത്വര്‍ എയര്‍വേയ്‌സ് ആലോചന. ഇന്‍ഡിഗോയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ നിയമപരമായ തടസം നേരിട്ട സാഹചര്യത്തിലാണ് ഓഹരി നിക്ഷേപത്തിന് കമ്പനി തയാറെടുക്കുന്നത്.
ജെറ്റ് എയര്‍വേയ്‌സില്‍ യു എ ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് ഓഹരി നിക്ഷേപം നടത്തിയതിനു പിറകേ ഖത്വര്‍ എയര്‍വേയ്‌സിന്റെ നീക്കം ഇന്ത്യാ-ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നിരീക്ഷണം. ഗള്‍ഫിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് ഇന്‍ഡിഗോയുടെ 49 ശമതാനം ഓഹരികള്‍ സ്വന്തമാക്കി വിമാന കമ്പനിയുടെ ബിസിനസ് നിയന്ത്രണത്തില്‍ ഇടപെടാനാണ് ആലോചിക്കുന്നത്. കമ്പനിയുടെ പ്രാഥമിക ഓഹരി വില്‍പന വില അനുസരിച്ച് രണ്ടു ബില്യന്‍ ഡോളറാണ് (7.28 ബില്യന്‍ റിയാല്‍) നിക്ഷേപം നടത്തേണ്ടി വരിക. ഇന്നലെ ആരംഭിച്ച ദുബൈ എയര്‍ഷോക്കെത്തിയ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ആണ് ഇന്‍ഡിഗോയില്‍ ഓഹരി നിക്ഷേപം നടത്തുന്ന വിവരം സൂചിപ്പിച്ചത്.
ഒക്‌ടോബറില്‍ ഇന്‍ഡിഗോയുടെ പത്തു ശമതാനം ഓഹരികള്‍ വിറ്റഴിക്കാന്‍ ശ്രമിച്ചിരുന്നു. 456 ദശലക്ഷം ഡോളര്‍ (30 ബില്യന്‍ ഇന്ത്യന്‍ രൂപ) സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഏഷ്യയിലെ മൂന്നാമത്തെ വലിയ ബജറ്റ് വിമാനമായി ഇന്‍ഡിഗോയുടെ ആകെ മൂല്യം 4.2 ബില്യന്‍ ഡോളറാണ് കണക്കാക്കുന്നത്. ഇത് ജെറ്റ് എയര്‍വേയ്‌സിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. സ്‌പൈസ് ജെറ്റിനേക്കാള്‍ എട്ടിരട്ടിയും ഉയരത്തിലാണ്. ഇന്ത്യയിലെ നിയമപരമായ നിയന്ത്രണത്തെത്തുടര്‍ന്ന് ഇന്‍ഡിഗോയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ കഴിയില്ലെന്നും 49 ശമതാനം ഓഹരിയെടുക്കുകയാണെങ്കില്‍ അത് സാധ്യമാണെന്നും അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദീര്‍ഘസമയം വേണ്ടി വരും. തിരക്കു പിടിച്ച് നടക്കില്ല.
ഇന്ത്യയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനമായാണ് ഇന്‍ഡിഗോ പരിഗണിക്കപ്പെടുന്നത്. ഓഹരി വിപണയില്‍ വിലയുള്ള ഓഹരികളാണ് ഇന്‍ഡിഗോയുടെത്. ഖത്വര്‍ എയര്‍വേയ്‌സിന്റെ പത്തു ശതമാനം ഓഹരികള്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാന കമ്പനികളില്‍ നിക്ഷേപിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് ശരിയായ സമയത്തായിരിക്കും ചെയ്യുക. മൊറോകന്‍ ദേശീയ വിമാനമായ റോയല്‍ എയര്‍ മൊറോകോയുടെ ഓഹരികള്‍ സ്വന്തമാക്കുന്നതിനും ഖത്വര്‍ എയര്‍വേയ്‌സ് ആലോചിക്കുന്നുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കു സര്‍വീസ് വികസിപ്പിക്കുക ലക്ഷ്യം വെച്ചാണിത്. റോയല്‍ എയര്‍ മൊറോകോയുമായി കോഡ് ഷെയറിംഗിലൂടെ സേവനം മെച്ചപ്പെടുത്തുന്നതിനും ഖത്വര്‍ എയര്‍വേയ്‌സിനു പദ്ധതിയുണ്ട്.
ഗള്‍ഫില്‍നിന്നും കൂടുതല്‍ യാത്രക്കാരുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസ് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാന്‍ ഇന്‍ഡിഗോയുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ജെറ്റ് എയര്‍വേയ്‌സ്-ഇത്തിഹാദ് സഹകരണം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഗള്‍ഫിലെ മിക്ക നഗരങ്ങളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്താന്‍ സഹായിച്ചിരുന്നു.

Latest