Connect with us

International

കോഹിനൂര്‍ രത്‌നം തിരികെ ലഭിക്കാന്‍ ഇന്ത്യന്‍ പ്രമുഖര്‍ ലണ്ടന്‍ കോടതിയെ സമീപിക്കുന്നു

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലുറപ്പിച്ചിരുന്ന ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം തിരികെ കിട്ടാന്‍ ഇന്ത്യ നിയമനടപടികളുമായി മുന്നോട്ട്. ബോളിവുഡ് താരങ്ങളും വ്യവസായികളും ചേര്‍ന്നാണ് ഇത്തരമൊരു നടപടിയുമായി രംഗത്തെത്തുന്നത്. കോഹിനൂര്‍ രത്‌നം ഇന്ത്യക്ക് തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ ഇവര്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി.
1937ല്‍ ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ കിരീടത്തില്‍ ഈ രത്‌നം ധരിച്ചിരുന്നു. 1953ല്‍ എലിസബത്ത് രാജ്ഞിയും അവരുടെ കിരീടത്തില്‍ കോഹിനൂര്‍ രത്‌നം ധരിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.
105 കാരറ്റ് കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ മോഷ്ടിക്കുകയായിരുന്നുവെന്നും ഇത് ഇന്ത്യക്ക് തിരിച്ചുനല്‍കണമെന്നുമാണ് ബോളിവുഡ് താരങ്ങളുടെയും വ്യവസായികളുടെയും കൂട്ടായ്മ ആവശ്യപ്പെടുന്നത്. സംഘത്തില്‍ ബോളിവുഡ് താരം ഭൂമിക സിംഗുമുണ്ട്. കോഹിനൂര്‍ വെറുമൊരു 105 കാരറ്റ് രത്‌നമല്ല. ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണത്. അതുകൊണ്ട് അത് തിരിച്ചുനല്‍കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോഷ്ടിക്കപ്പെട്ട കലാവസ്തുക്കള്‍ തിരികെ നല്‍കാന്‍ ലണ്ടനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന് അധികാരം നല്‍കുന്ന ഹോളോകോസ്റ്റ് ആക്ട് പ്രകാരമായിരിക്കും കേസ് ഫയല്‍ ചെയ്യുകയെന്ന് ബ്രിട്ടനിലെ അഭിഭാഷകര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി സി)യിലേക്ക് ഈ കേസെത്തിക്കാനും പദ്ധതിയുണ്ട്.