Connect with us

International

ആസ്‌ത്രേലിയയിലെ അഭയാര്‍ഥി തടവറയില്‍ സംഘര്‍ഷം

Published

|

Last Updated

കാന്‍ബറെ: ആസ്‌ത്രേലിയയിലെ ക്രിസ്ത്മസ് ദ്വീപില്‍ സംവിധാനിച്ച അഭയാര്‍ഥി കേന്ദ്രത്തില്‍ സംഘര്‍ഷം. അഭയം തേടിയെത്തിയ ഒരാള്‍ മരിച്ചതോടെയാണ് ഇവിടെയുള്ള അഭയാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. പെര്‍ത്തില്‍ നിന്ന് 2000 കി. മീ വടക്ക്പടിഞ്ഞാറാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാനില്‍ നിന്നുള്ള കുര്‍ദ് അഭയാര്‍ഥി ഇന്നലെ അഭയാര്‍ഥി ക്യാമ്പില്‍ മരണപ്പെട്ടിരുന്നു. 30കാരനായ ഫസല്‍ ശെഗാനിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. അഭയാര്‍ഥികളെ തടവില്‍ വെച്ചിരിക്കുന്ന ഈ കേന്ദ്രം സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ വ്യാപകമായ പരാതി ഉണ്ടായിരുന്നു.
സുരക്ഷാ കാരണങ്ങളുടെ പേരില്‍ അഭയാര്‍ഥികളെ തടഞ്ഞ് വെച്ചിരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് ജോലിക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചിരിക്കുകയാണ്. വലിയ തോതില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നാണ് ആസ്‌ത്രേലിയന്‍ സര്‍ക്കാറിന്റെ വിശദീകരണം. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇറാന്‍ പൗരന്‍ കൊല്ലപ്പെട്ടതെന്നും ഇതേത്തുടര്‍ന്ന് ചെറിയൊരു സംഘം സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
നിലവില്‍ ഈ ക്യാമ്പില്‍ 285 അഭയാര്‍ഥികളെ രാജ്യത്തിന്റെ അഭയാര്‍ഥി നിയമം തെറ്റിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി തടവില്‍ വെച്ചിരിക്കുകയാണ്. മൈഗ്രേഷന്‍ ആക്ട് 501 അനുസരിച്ച്, നിയമവിരുദ്ധമായി അഭയം തേടിയെത്തുന്ന ആസ്‌ത്രേലിയക്കാരല്ലാത്ത പൗരന്മാരെ തിരിച്ചയക്കാന്‍ അനുമതി നല്‍കുന്നുണ്ട്. 12 മാസം നീണ്ടുനില്‍ക്കുന്ന ജയില്‍ ശിക്ഷയും ഇവര്‍ക്ക് നിയം ശിപാര്‍ശ ചെയ്യുന്നു.
സഹായത്തിന് വേണ്ടി നിലവിളിക്കുന്ന ഇറാന്‍ പൗരന്റെ ശബ്ദം കേട്ടിരുന്നതായും കുറച്ചുകഴിഞ്ഞപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അഭയാര്‍ഥികളുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റൈസ്(ആര്‍ ഐ എസ് ഇ) അംഗം വ്യക്തമാക്കി. ഭരണപരമായ തടവ് വെക്കല്‍ എന്നാണ് ഇതിന്റെ പേരെങ്കിലും ഗ്വാണ്ടനാമോ, ഇസ്‌റാഈല്‍ ജയിലുകള്‍ പോലെയാണ് ഈ കേന്ദ്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകളില്‍ അഭയാര്‍ഥികള്‍ക്ക് കോടതിയെ സമീപിക്കാനും അനുമതിയില്ല. ബോട്ട് വഴി അഭയം തേടിയെത്തി പിടിയിലായവര്‍ക്ക് മൊബൈല്‍ ഫോണ്‍ അധികൃതര്‍ വിലക്കിയിട്ടുണ്ട്. സിഡ്‌നിയില്‍ ഇതുപോലുള്ള മറ്റൊരു തടവറയില്‍ 2011ല്‍ അഞ്ച് പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.