Connect with us

Kerala

കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസിലെ വിധിപ്രസ്താവനക്കിടെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും വിജിലന്‍സ് ഉദ്യോഗസ്ഥരും തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ ആദ്യ കേസായി ബാര്‍ കോഴ കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകുന്നതില്‍ നിന്ന് താന്‍ ഒഴിവാകുകയാണെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡവാണി അറിയിച്ചു. കേസിലെ എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ താന്‍ ഹാജരാകുന്നതിനെതിരെ അരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, എ ജി ഹാജരാകുന്നതിനെ എതിര്‍ത്തിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിജിലന്‍ന് വേണ്ടി വാദം തുടങ്ങി.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തില്‍ ഡയറക്ടറുടെ സവിശേഷമായ അധികാരങ്ങളെ കുറിച്ച് വിശദമായ വാദത്തിലേക്ക് കടന്നെങ്കിലും, വിജിലന്‍സിന്റെ ഹരജി നിയമപരമായി നിലനില്‍കുന്നതല്ലെന്നും കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദനടക്കമുള്ള എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സ് കോടതി വിധിക്കെതിരെ ഹരജി സമര്‍പ്പിക്കാന്‍ വിജിലന്‍സ് എ ഡി ജി പിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാറിന്റെ കത്ത് അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് കൈമാറി. കേസന്വേഷണത്തില്‍ ഇടപെടാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരവും തുടരന്വേഷണ ഉത്തരവിന്റെ സാധ്യതയുമാണ് പരിശോധിക്കേണ്ടതെന്നും കേസിന്റെ മറ്റ് വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെയും സുക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്റെയും നിയമസാധുത, വിജിലന്‍സ് മാന്വല്‍ പ്രകാരമുള്ള ഡയറക്ടറുടെ അധികാരങ്ങള്‍, ക്രിമിനല്‍ നടപടിക്രമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയാണ് പരിശോധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സിന്റെ വാദങ്ങളില്‍ വ്യക്തത വരുത്തിയ കോടതി തുടര്‍ന്ന് എതിര്‍കക്ഷികളുടെ വാദത്തിന് സമയം നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ ഇടപെട്ട ഡയറക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നും കണ്ടെത്തലുകളില്‍ മാറ്റം വരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. വിജിലന്‍സ് മാന്വല്‍ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വാസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ഇടപെട്ട ഡയറക്ടറുടെ നടപടി ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താജ് ഇടനാഴി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ബാര്‍ കോഴ കേസിലെ വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലെന്നും അന്വേഷണ ഉദ്യേഗസ്ഥന്റെ കണ്ടെത്തലുകള്‍ക്ക് അനുസൃതമായാകണം അന്തിമ റിപ്പോര്‍ട്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കേസ് ഡയറിയും അനുബന്ധ രേഖകളും പരിശോധിക്കാന്‍ വിചാരണ കോടതിക്ക് അധികാരമുണ്ടെന്നും അന്വേഷണം സ്വതന്ത്രവും നീതിപൂര്‍വകവുമായാണ് നടന്നെതെന്ന് ഉറപ്പുവരുത്താന്‍ കീഴ്‌ക്കോടതിക്ക് ഇവ പരിശോധിക്കാമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വേണ്ടി ഹാജരായ അഡ്വ. പി എന്‍ സുകുമാരന്‍ വാദിച്ചു. വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.