Connect with us

Kerala

ബാര്‍കോഴ വിവാദം മാണിയുടെ രാജിയില്‍ തീരില്ല

Published

|

Last Updated

കൊച്ചി: ബാര്‍കോഴ കേസില്‍ തന്നേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന ബലത്തിലാണ് രാജിവെക്കാനുള്ള സമ്മര്‍ദങ്ങളെ കെ എം മാണി ഇതുവരെ അതിജീവിച്ചത്. താന്‍ പോയാല്‍ അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെയും കൊണ്ടായിരിക്കുമെന്നായിരുന്നു ഇതുവരെ മാണിയുടെ മനസ്സിലിരുപ്പ്. ഹൈക്കോടതിയില്‍ നിന്നുണ്ടായ അപ്രതീക്ഷിത പരാമര്‍ശങ്ങളോടെ മാണി കെട്ടിയുയര്‍ത്തിയ പ്രതിരോധക്കോട്ട ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. എന്നാല്‍ തനിക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും നടപ്പില്ലെന്ന നിലപാട് ഇന്ന ത്തെ യു ഡി എഫ് യോഗത്തില്‍ മാണി ഉയര്‍ത്തിയാല്‍ ബാര്‍ കോഴക്ക് പുതിയ മാനങ്ങള്‍ കൈവരും.
ബാറുടമകളില്‍ നിന്ന് വന്‍ തുക കോഴ വാങ്ങിയതായി ബിജു രമേശ് ആരോപിച്ച എക്‌സൈസ് മന്ത്രി കെ ബാബു അടക്കമുള്ള കോണ്‍ഗ്രസിലെ മൂന്ന് മന്ത്രിമാര്‍ മന്ത്രിമാരായി തുടരുമ്പോള്‍ കേവലം ഒരു കോടിയുടെ ആരോപണം നേരിട്ട മാണിയോട് രാജിവെക്കണമെന്നാവശ്യപ്പെടാനുള്ള ധാര്‍മിക ശബ്ദം കോണ്‍ഗ്രസ് നേതൃത്വത്തിലെ ആര്‍ക്കും ഇതുവരെ ഇല്ലാതെപോയി. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയില്ലെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ താഴെ വീഴുമെന്ന അവസ്ഥയുണ്ടെങ്കിലും മാണി മാത്രം ഉള്‍പ്പെട്ട ആരോപണമായിരുന്നുവെങ്കില്‍ രാജിക്കായി അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ കോണ്‍ഗ്രസിന് വളരെ മുമ്പ് തന്നെ കഴിയുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എക്‌സൈസ് മന്ത്രിയടക്കമുള്ളവര്‍ ഗുരുതരമായ ആരോപണം നേരിട്ടിരിക്കുന്ന കേസില്‍ മാണിയെ പിണക്കിക്കൊണ്ട് ഒരുതരത്തിലും മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ബാറുടമകളില്‍ നിന്ന് പണം വാങ്ങിയ മറ്റു മന്ത്രിമാര്‍ മാന്യന്‍മാരായി വിലസുമ്പോള്‍ താന്‍ മാത്രം കേസില്‍പെട്ടതിന്റെ അമര്‍ഷം മാണി പലവട്ടം പറയാതെ പറഞ്ഞിരുന്നു.
ബാര്‍ ഉടമകളില്‍ നിന്നും യു ഡി എഫ് സര്‍ക്കാറിലെ ചില മന്ത്രിമാരും എം എല്‍ എമാരും ചേര്‍ന്ന് പല ഘട്ടങ്ങളിലായി 24 കോടിയോളം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ബിജു രമേശ് ആരോപിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവുമധികം പണം നല്‍കിയിട്ടുള്ളത് എക്‌സൈസ് മന്ത്രി കെ ബാബുവിനാണെന്നും ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലടക്കം ആരോപിച്ചിരുന്നു. ബാബുവിന് താന്‍ ഓഫീസില്‍ നേരിട്ടെത്തി പണം നല്‍കുകയായിരുന്നുവെന്ന് ആരോപിച്ച ബിജു രമേശ് സാക്ഷിയെ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജു രമേശിന്റെ മൊഴി സംബന്ധിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ എറണാകുളത്തെ വിജിലന്‍സ് ഡിവൈ എസ് പി ആരോപണത്തിന് തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കോടതി നിരാകരിക്കുകയും കോടതിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോപണവിധേയരെല്ലാം അങ്കലാപ്പിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ബാര്‍ കോഴയില്‍ ആരോപണവിധേയരാണ്. വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ ചെന്നിത്തലയുടെ പേര് ബിജു രമേശ് പരാമര്‍ശിച്ചിരുന്നു. പിന്നീട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ നിര്‍ണായക രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേര് ബിജു രമേശ് ഒഴിവാക്കുകയായിരുന്നു.
മുഖ്യമന്ത്രിപദം സ്വപ്‌നം കണ്ട് മറുകണ്ടം ചാടാന്‍ ഒരുങ്ങിയ കെ എം മാണിയെ വെടക്കാക്കി തനിക്കാക്കാന്‍ ബാര്‍ കോഴ ആരോപണം ആസൂത്രണം ചെയ്തത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരുമാണെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ് ഇക്കാര്യം പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. വിജിലന്‍സ് എസ് പി സുകേശന്റെ കൈകളില്‍ അന്വേഷണ ചുമതല വന്നതു മുതലാണ് കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ നിന്നു പോയത്. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല സ്വീകരിച്ച തന്ത്രപരമായ നിലപാട് വിജിലന്‍സിന് സ്വതന്ത്രമായ അന്വേഷണത്തിന് സാഹചര്യമൊരുക്കുകയും ചെയ്തു. ബിജു രമേശിനെക്കൊണ്ട് മൊഴി മാറ്റിച്ചുകൊണ്ടാണ് ചെന്നിത്തല സ്വന്തം തടി ഭദ്രമാക്കിയതെന്നും ആക്ഷേപമുണ്ടായി. ഏറ്റവുമൊടുവില്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സിനെക്കൊണ്ട് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുപ്പിക്കുകയും കേസ് വാദിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ കപില്‍ സിബലിനെ ഏര്‍പ്പാടാക്കുകയും ചെയ്തുകൊണ്ട് കോടതി വിമര്‍ശം ക്ഷണിച്ചുവരുത്തുന്നതിന് കോണ്‍ഗ്രസിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന സംശയവും മാണിക്കുണ്ട്.
ബാര്‍കോഴ ആരോപണത്തിന് പിന്നാലെ നേതൃമാറ്റത്തിനായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പുതിയ കരുനീക്കം തുടങ്ങിയിട്ടുണ്ട്. കെ എം മാണിയുടെ രാജിക്കൊപ്പം ബാര്‍കോഴ കേസില്‍ കെ ബാബു അടക്കമുള്ളവരുടെ പങ്ക് മുഖ്യവിഷയമായി ഉയര്‍ന്നുവരുമെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഒരു പക്ഷേ ബാര്‍ ഉടമകളോട് പണം വാങ്ങിയ കെ ബാബു അടക്കമുള്ളവര്‍ രാജിവെക്കണമെന്ന ആവശ്യം ഇന്നത്തെ യു ഡി എഫ് യോഗത്തില്‍ കെ എം മാണി ഉയര്‍ത്താനുള്ള സാധ്യത സജീവമാണ്. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന കെ ബാബുവിന് നേരെ ഉണ്ടാകുന്ന ഏത് നീക്കവും മുഖ്യമന്ത്രിക്കെതിരായ നീക്കമായി മാറും. മാണിയുടെ രാജിയില്‍ വിഷയം ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കാതെ ബാര്‍ വിവാദം പുതിയ തലങ്ങളിലേക്ക് ആളിക്കത്തിക്കുന്ന നീക്കങ്ങളാണ് ഐ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പോകുന്നത്.

---- facebook comment plugin here -----

Latest