Connect with us

Gulf

സ്‌കൂള്‍ മേഖലയിലെ സുരക്ഷക്ക് 74 ലക്ഷം ദിര്‍ഹമിന്റെ പദ്ധതി

Published

|

Last Updated

അബുദാബി: നഗരത്തിലെ സ്‌കൂളുകളില്‍ ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കാന്‍ അബുദാബി സിറ്റി നഗരസഭ 74 ലക്ഷം ദിര്‍ഹമിന്റെ പദ്ധതി ആവിഷ്‌കരിച്ചു. 98 സ്‌കൂളുകള്‍ക്ക് മുന്‍വശത്ത് സീബ്രാലൈന്‍ ഉള്‍പെടെ ട്രാഫിക് നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാണ് നഗരസഭ പദ്ധതി ആവിഷ്‌കരിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി ആക്ടിംഗ് ജനറല്‍ മാനജര്‍ മുസബഹ് മുബാറക് അല്‍ മുറര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് സ്‌കൂളുകള്‍ സോണുകള്‍ തിരിച്ച് നിര്‍ഭയ പദ്ധതി ആവിഷ്‌കരിച്ചത്; അദ്ദേഹം പറഞ്ഞു.
2011ലാണ് നഗരസഭ സ്‌കൂള്‍ പരിസരങ്ങളിലെ ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ കുട്ടികളുടെ സുരക്ഷയൊരുക്കുന്നതില്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് നഗരസഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു എന്‍ സുരക്ഷാ വിഭാഗം നടപ്പിലാക്കുന്ന സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് സുരക്ഷാ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്.
നഗരത്തിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നതിനും സ്‌കൂള്‍ പരിസരത്ത് ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും 60ല്‍ പരം സുരക്ഷാ വികസന പഠനങ്ങള്‍ നടത്തിയതായി പ്രാദേശിക റോഡ് വിഭാഗം ഡയറക്ടര്‍ എഞ്ചിനീയര്‍ മാജിദ് അല്‍ കത്‌രി പറഞ്ഞു.
സ്‌കൂളിന് മുന്‍വശത്ത് നടപ്പിലാക്കുന്ന ട്രാഫിക് സുരക്ഷയുടെ ഒന്നാംഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചു. അബുദാബി നഗരാസൂത്രണ വിഭാഗം ഡിസൈന്‍ അംഗീകരിച്ച നഗരപ്രദേശങ്ങളിലെ 25 സ്‌കൂളുകളിലാണ് പദ്ധതി ഒന്നാംഘട്ടത്തില്‍ നടപ്പിലാക്കുക.
സ്‌കൂളുകളുടെ ചുറ്റുമുള്ള റോഡുകള്‍ക്ക് പുറമെ പ്രവേശന കവാടം, ബസുകളും കാറുകളും നിര്‍ത്തിയിടുന്നതിന് പ്രത്യേകം സ്ഥലങ്ങള്‍ സീബ്ര-ക്രോസ് ലൈന്‍ വരച്ച് വേര്‍തിരിക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് രണ്ടുവര്‍ഷമാണ് നഗരസഭ കണക്കാക്കിയിരിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest