Connect with us

Gulf

ഹമദ് എയര്‍പോര്‍ട്ടില്‍ പുതിയ ടാക്‌സി വേ; നിര്‍മാണത്തിന് നടപടികള്‍ തുടങ്ങി

Published

|

Last Updated

ദോഹ: ടാക്‌സിവേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യം ലഭിക്കുമെന്ന് ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് സ്റ്റിയറിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ടാക്‌സിവേകള്‍ നിര്‍മിക്കാന്‍ ഭൂമി റിക്ലെയിം ചെയ്യുന്നതിന് കണ്‍സോളിഡേറ്റഡ് എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് 277 മില്യന്‍ റിയാലിന്റെ കരാര്‍ നല്‍കിയിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു.
യാത്രക്കാരിലുണ്ടാകുന്ന വന്‍ വളര്‍ച്ചയെ ഉള്‍ക്കൊള്ളാനാണ് ഈ നീക്കം. നേരത്തെ നാവിക ആസ്ഥാന ലഗൂണിന് വേണ്ടി നിശ്ചയിച്ച ഭാഗവും ടാകിസിവേ പദ്ധതിയില്‍ ഉള്‍പ്പെടും. ഇതോടെ എയര്‍പോര്‍ട്ടിന്റെ വലുപ്പം 272 ഏക്കറാകും. പദ്ധതിക്ക് 30 ലക്ഷം ക്യൂബിക് മീറ്റര്‍ ഭൂമി ആവശ്യമാണ്. ഇത് എട്ട് ബുര്‍ജ് ഖത്വറുകള്‍ നിര്‍മിക്കാന്‍ പര്യാപ്തമാണ്. ഖത്വര്‍ എയര്‍വേയ്‌സിന്റെ വളര്‍ച്ചയും 2022 ഫിഫ ലോകകപ്പിന്റെ തയ്യാറെടുപ്പും കാരണം പടിഞ്ഞാറന്‍ വ്യോമത്താവളം വികസിപ്പിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാണെന്ന് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അബ്ദുല്‍ അസീസ് അല്‍ നുഐമി പറഞ്ഞു.
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടും ഇപ്പോള്‍ അടച്ചിട്ട ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടും 2014ല്‍ 26.3 മില്യന്‍ യാത്രക്കാരാണ് ഉപയോഗിച്ചത്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും അത് പത്ത് ശതമാനം ഉയരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വര്‍ഷം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ വിമാനത്താവളത്തിനുള്ളത്. വിവിധ പദ്ധതികളിലൂടെ 2020ഓടെ അത് 53 മില്യന്‍ ആക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ചെക്ക് ഇന്‍ കൗണ്ടറുകള്‍, വിശ്രമമുറികള്‍, റസ്റ്റോറന്റുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍, ദോഹ മെട്രോയുമായി ബന്ധിപ്പിക്കുന്ന കെട്ടിടം തുടങ്ങിയ നിര്‍മിച്ച് പാസഞ്ചര്‍ ടെര്‍മിനല്‍ വിശാലമാക്കാനാണ് പദ്ധതി.
അതേസമയം, റണ്‍വേയുടെ പടിഞ്ഞാറ് ഭാഗത്തെ കേന്ദ്രം വിശാലമാക്കി കൂടുതല്‍ വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യപ്പെടുത്താനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യൂട്ടിലിറ്റി പ്ലാന്റ്, ഫയര്‍ ട്രെയിനിംഗ് സെന്റര്‍, ഇന്ധന സൗകര്യം തുടങ്ങിയവക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. കരാര്‍ അനുസരിച്ച് ഈയാഴ്ച തന്നെ ഭൂമി റീക്ലെയിം ചെയ്യല്‍ ആരംഭിക്കും. പദ്ധതിയുടെ തയ്യാറെടുപ്പ് എന്ന നിലയില്‍ അയ്യായിരത്തിലേറെ ചതുരശ്ര മീറ്റര്‍ കടല്‍ച്ചെടിയും, 88 തരത്തിലുള്ള പെന്‍ ഷെല്‍ ക്ലാമുകളും വെച്ചുപിടിപ്പിക്കും. ഇതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
നിലവിലെ റണ്‍വേയും എയര്‍ഫീല്‍ഡും അതിരിടുന്ന ലഗൂണിന്റെ കിഴക്കും തെക്കും അതിര്‍ത്തികളിലെ തിരയെ തടഞ്ഞുനിര്‍ത്തുന്ന പാറക്കൂട്ടുങ്ങള്‍ നീക്കം ചെയ്യും. വടക്കന്‍ അതിര്‍ത്തിയില്‍ 690 മീറ്റര്‍ പുതിയ പാറക്കൂട്ടങ്ങള്‍ നിര്‍മിക്കും. പഴയ പാറക്കൂട്ടങ്ങളാണ് ഇതിന് ഉപയോഗിക്കുക. അല്‍ ഖോറിലെയും അല്‍ റുവൈസിലെയും തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതില്‍ കണ്‍സോളിഡേറ്റഡ് എന്‍ജിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഭാഗമായിട്ടുണ്ട്. അന്ന് കപ്പല്‍ചാലുകളുടെ ആഴവും വിസ്തൃതിയും കൂട്ടിയിരുന്നു. ലാന്‍ഡ് റിക്ലമേഷന്‍ പദ്ധതി 2017 മാര്‍ച്ചോടെ പൂര്‍ത്തിയാകും.