Connect with us

Kerala

മാണിയുടെ രാജി സ്വയം തീരുമാനിച്ചത്: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയുടെ രാജിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജിവെക്കണമെന്ന് യു ഡി എഫോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. മാതൃകപരമായ നടപടിയാണിത്. എത്രയും വേഗം മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഐക്യമുന്നണി രാഷ്ട്രീയത്തില്‍ മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളുടെ കാര്യത്തിലും അതാത് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ധനവകുപ്പ് എന്ത് ചെയ്യണമെന്നത് മാണിയുടെ നിലപാട് അനുസരിച്ച് തീരുമാനിക്കും.
കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജി. ഈ കേസ് വന്നപ്പോള്‍ മുതല്‍ മാണി കുറ്റവാളിയാണ് എന്ന് യു ഡി എഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാടില്‍ തന്നെയാണ് ഇന്നും ഉള്ളത്. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ഹൈക്കോടതി വിധിയിലും ചില പരാമര്‍ശങ്ങള്‍ വന്നതല്ലാതെ അദ്ദേഹത്തിനെതിരെ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. എങ്കിലും ഉന്നതമായ രാഷ്ട്രീയനില ഉയര്‍ത്തിപ്പിടിച്ചുള്ള രാജി അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെടാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയും തെറ്റാണ്. എ ഐ സി സി വക്താവ് ഇത് നിഷേധിച്ചിട്ടുണ്ട്. സ്വാഭാവികമായും കേന്ദ്ര നേതൃത്വം രാഷ്ട്രീയ സാഹചര്യം നിരീക്ഷിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിന്റെയും കെ എം മാണിയുടെയും നിലപാട് അറിഞ്ഞ് യുക്തമായ തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പൂര്‍ണമായ സ്വാതന്ത്ര്യമാണ് ഉണ്ടായിരുന്നത്. അങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ല. ഈ വിഷയത്തില്‍ യു ഡി എഫിലെ എല്ലാ കക്ഷികളുമായും ഉഭയകക്ഷി ചര്‍ച്ച നടത്തി. നിലവിലുള്ള സാഹചര്യം വിലയിരുത്തി.
വൈകുന്നേരം വീണ്ടും കൂടിയ ഘട്ടത്തിലാണ് കെ എം മാണി വിളിച്ച് നിലപാടറിയിച്ചത്. കോടതിയുടെ പരമാര്‍ശം വന്ന സാഹചര്യത്തില്‍ രാജി സ്വീകരിക്കണം എന്നാണ് വിളിച്ചുപറഞ്ഞത്. ഈ സാഹചര്യത്തില്‍ രാജി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest