Connect with us

Kerala

കുട്ടികളില്ല; അങ്കണ്‍വാടികള്‍ക്കും താഴ് വീഴുന്നു

Published

|

Last Updated

കണ്ണൂര്‍: കുട്ടികളുടെ ക്ഷാമം പൊതുവിദ്യാലയങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ അങ്കണ്‍വാടികളുടേയും നിലനില്‍പ്പ് അപകടത്തിലാക്കുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെയും നഴ്‌സറികളുടേയും അനിയന്ത്രിതമായ കടന്നുകയറ്റം പൊതുവിദ്യാലയങ്ങളുടേതിന് സമാനമായ പ്രതിസന്ധിയാണ് ഈ മേഖലയില്‍ സൃഷ്ടിക്കുന്നത്. 1975-ല്‍ രൂപംകൊണ്ട സംയോജിത ശിശുവികസന പദ്ധതി പ്രകാരം കുട്ടികളിലെ ഭക്ഷണക്കുറവും പോഷകക്കുറവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അങ്കണ്‍വാടി കേന്ദ്രങ്ങള്‍ തുടങ്ങിയത്. രാജ്യത്ത് നിലവില്‍ 13.3 ലക്ഷം അങ്കണ്‍വാടികളും മിനി അങ്കണ്‍വാടികളും പ്രവര്‍ത്തിക്കുന്നുണ്ട്. 13.7 ലക്ഷം ആണ് അനുവദിച്ച അങ്കണ്‍വാടികളുടെ എണ്ണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 27,000 അങ്കണ്‍വാടികളില്‍ 90 ശതമാനവും കുട്ടികളുടെ ക്ഷാമം നേരിടുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് 50 മുതല്‍ 75 വരെ കുട്ടികള്‍ ഉണ്ടായിരുന്ന അങ്കണ്‍വാടികളില്‍ പലതിലും ഇപ്പോള്‍ 5 മുതല്‍ 15വരെയാണ് കുട്ടികള്‍. 2,486 കേന്ദ്രങ്ങളുള്ള കണ്ണൂര്‍ ജില്ലയില്‍ പകുതിയിലേറെ കേന്ദ്രങ്ങളിലും 10 കുട്ടികളാണ് പഠനം. നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് വയസ്സ് മുതല്‍ ആറ് വയസ്സ് വരെയുള്ള ആകെ കുട്ടികളുടെ എണ്ണം 1,01,409 ആണ്. ഇതില്‍ 45,712 പേര്‍ മാത്രമാണ് അങ്കണ്‍വാടികളില്‍ എത്തുന്നത്.
ശിശുവിദ്യാഭ്യാസം, അമ്മമാരുടേയും കൗമാരക്കാരുടേയും ആരോഗ്യസംരക്ഷണം, ആരോഗ്യവിദ്യാഭ്യാസം എന്നിവയാണ്് അങ്കണ്‍വാടികളുടെ പ്രധാന സേവനങ്ങള്‍. ആറ് മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാര വിതരണവും ആരോഗ്യസംരക്ഷണവും ഉള്‍പ്പടെയുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നത് അങ്കണ്‍വാടികളിലൂടെയാണ്. ഗ്രാമങ്ങളിലെ അടിസ്ഥാന ആരോഗ്യ പരിപാലനകേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന ഇവയില്‍ നിന്ന് നവജാത ശിശുക്കളുടെ ആരോഗ്യനിരീക്ഷണം, അടിസ്ഥാന മരുന്നുകള്‍ സൂക്ഷിക്കല്‍, പ്രതിരോധ മരുന്ന് നല്‍കല്‍, ആരോഗ്യപരിശോധന എന്നീ സേവനങ്ങളും ലഭ്യമാകും. കുട്ടികളുടെ സാമൂഹികവത്കരണത്തിന്റെ ആദ്യകേന്ദ്രമായാണ് അങ്കണ്‍വാടികളെ വിലയിരുത്തുന്നത്. ഇംഗ്ലീഷ് മീഡിയം നഴ്‌സറികളും പ്ലേ സ്‌കൂളുകളും ഡേകെയര്‍ സെന്ററുകളും വ്യാപകമായതാണ് പ്രതിസന്ധിയുടെ മുഖ്യകാരണം. നഗരപ്രദേശങ്ങളിലാണ് കൂട്ടികളുടെ കുറവ് രൂക്ഷം. നഗരങ്ങളില്‍ മുക്കിലും മൂലയിലും നഴ്‌സറികളും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും മുളച്ചുപൊങ്ങിയതോടെ കുട്ടികള്‍ കൂട്ടമായി അങ്ങോട്ട് ചേക്കേറുകയായിരുന്നു. മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുകയാണ് പ്രധാന ചുമതല. അങ്കണ്‍വാടികളില്‍ മികച്ച ശിശു സൗഹൃദ വിദ്യാഭ്യാസമാണ് സൗജന്യമായി ലഭിക്കുന്നത്. എന്നിട്ടും മൂന്ന് വയസ്സ് മുതല്‍ കുട്ടികള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് ചേക്കേറുകയാണ്. അങ്കണ്‍വാടികളില്‍ പ്രീ സ്‌കൂള്‍ പഠനം നടത്തുന്ന കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയിരുന്നത്. നഴ്‌സറികളില്‍ പഠനം നടത്തുന്ന കുട്ടികള്‍ സ്വാഭാവികമായും അണ്‍എയ്ഡ്ഡ് മേഖയിലേക്കാണ് എത്തുന്നത്. ഇക്കാരണത്താല്‍ അങ്കണ്‍വാടികളുടെ അംഗബലം ചോര്‍ന്നത് പൊതുവിദ്യാലയങ്ങളുടെ നിലനില്‍പ്പും പ്രതിസന്ധിയിലാക്കുന്നു. 800 കുട്ടികള്‍ക്ക് ഒന്ന് വീതം എന്നനിരക്കിലാണ് അങ്കണ്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് കുട്ടികളില്ലാത്ത കേന്ദ്രങ്ങള്‍ പൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നതിനാലാണ് പല അങ്കണ്‍വാടികള്‍ക്കും തുടരാനാവുന്നത്. അതേ സമയം ഈ തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കേന്ദ്ര നിര്‍ദേശം ഉടന്‍ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ ഒട്ടു മിക്ക അങ്കണ്‍വാടികള്‍ക്കും താഴ് വീഴുമെന്ന് ഉറപ്പാണ്. ജനകീയാസുത്രണ പദ്ധതി വന്നശേഷം അങ്കണ്‍വാടികളുടെ ഭൗതീകസാഹചര്യം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. 70 ശതമാനത്തിനും സ്വന്തമായി കെട്ടിടം ഉള്‍പ്പടെ ആയിക്കഴിഞ്ഞ ഘട്ടത്തിലാണ് പഠിതാക്കള്‍ ഇല്ലാത്തത് പ്രതിസന്ധിയാവുന്നത്. ഇവിടുത്തെ ശിശുസൗഹൃദ അന്തരീക്ഷത്തിന് പകരം നഴ്‌സറി പഠനം തിരഞ്ഞെടുക്കുന്നവരില്‍ പരിമിത വരുമാനക്കാര്‍വരെയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ഒഴുക്ക് നിയമം മൂലം നിരുത്സാഹപ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. നയാപൈസ ചെലവില്ലാത്ത അങ്കണ്‍വാടി പഠനത്തിന് പകരം നഴ്‌സറികളില്‍ രക്ഷിതാവ് ഒരുകുട്ടിക്ക് പ്രതിമാസം അഞ്ഞൂറ് രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും.