Connect with us

National

മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ തോറ്റു

Published

|

Last Updated

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ നിയമസഭാ മണ്ഡലങ്ങളിലെ ബി ജെ പി സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ക്യാമ്പയിന്‍ നടത്തിയ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു കയറി. ഇതിന് പുറമെ പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയ മണ്ഡങ്ങളില്‍ മിക്കതിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മോദിയായിരുന്നു ബി ജെ പിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. മോദിയെ പരമാവധി മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തിക്കാനും പാര്‍ട്ടി ശ്രമം നടത്തിയിരുന്നു. ഒക്‌ടോബര്‍ രണ്ടിനും നവംബര്‍ രണ്ടിനുമിടയില്‍ മോദി വിവിധ മണ്ഡലങ്ങളിലായി 26 റാലികളെയാണ് അഭിസംബോധന ചെയ്തത്. ഒരു പ്രധാനമന്ത്രി ഇത്രയധികം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കുന്നത് ഇതാദ്യമായിരുന്നു. മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ പത്ത് സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ചു കയറിയത്. ബാക്കിയുള്ള 16 മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു. നവാദ, ഔറംഗാബാദ്, ജഹനാബാദ്, ബെഗുസാരായി, മംഗര്‍, സമസ്തിപൂര്‍, നൗബത്പൂര്‍, ബുക്‌സര്‍, സീതാമര്‍ഹി തുടങ്ങിയ ബി ജെ പി ക്ക് വന്‍പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മോദി പ്രചാരണം നടത്തിയിട്ടും പാര്‍ട്ടിക്ക് ജയിപ്പിക്കാനായില്ല. മോദിയുടെ റാലികളില്‍ വന്‍തോതിലുള്ള ജനം ഒഴുകിയെത്തിയെങ്കിലും അവയൊന്നും വോട്ടായി മാറിയില്ലെന്ന് പാര്‍ട്ടി തന്നെ സമ്മതിക്കുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ ഒരു മാസത്തോളം സംസ്ഥാനത്ത് തങ്ങിയാണ് പ്രചാരണം നടത്തിയത്. വിവിധ ഭാഗങ്ങളിലായി 63 റാലികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കഹല്‍ഗോണ്‍, വിജിര്‍ഗഞ്ച്, ബുക്‌സര്‍, മാഞ്ചി എന്നിവിടങ്ങളിലാണ് റാലിയെ അഭിസംബോധന ചെയ്തത്. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രചാരണത്തില്‍ പങ്കെടുത്ത 12 മണ്ഡലങ്ങളില്‍ എട്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
ബച്‌വാദ, ബാര്‍ബിഗ്, റിഗ, കിഷന്‍ഗഞ്ച് തുടങ്ങിയ മണ്ഡലങ്ങളിലാണ് പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ചത്.