Connect with us

Kerala

റെക്കോര്‍ഡുകളുമായി മാണിയുടെ പടിയിറക്കം അഴിമതിക്കാരനെന്ന ദുഷ്‌പേരുമായി

Published

|

Last Updated

കോട്ടയം: അമ്പത് വര്‍ഷം നിയമസഭാംഗമായും മന്ത്രിയായും സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിന്റെ എടുകളില്‍ ഇടംപിടിച്ച കെ എം മാണിയുടെ പടിയിറക്കം അഴിമതിക്കാരനെന്ന ദുഷ്‌പേരുമായി. ബാര്‍ കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശത്തിന് വിധേയനായി മന്ത്രിസ്ഥാനം രാജിവെക്കുമ്പോള്‍ താന്‍ വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ പിന്തുണ പോലും നഷ്ടപ്പെട്ടതും ഈ കര്‍ഷക നേതാവിന്റെ പതനത്തിന് വഴിവെച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. വളരുന്തോറും പിളരുകയും പിളര്‍ന്ന് വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് പലവേളകളിലും അഭിപ്രായപ്പെട്ട കെ എം മാണിയുടെ പതനത്തിനൊപ്പം പാര്‍ട്ടി പിളര്‍ന്ന അവസ്ഥയിലു മായി.
കോട്ടയം ജില്ല മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30നായിരുന്നു ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദം. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955ല്‍ കോഴിക്കോട് അഭിഭാഷകനായി പ്രാക്ട്രീസ് ആരംഭിച്ചു. 1959ല്‍ കെ പി സി സിയില്‍ അംഗമായി രാഷ്ട്രീയത്തില്‍ സജീവമായി. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപം കൊണ്ടകാലം മുതല്‍ കര്‍ഷക പാര്‍ട്ടിയുടെ നേതൃനിരയിലെത്തി. പുതുതായി രൂപവത്കരിച്ച പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് 1965 മാര്‍ച്ച് അഞ്ചിനായിരുന്നു കെ എം മാണി തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ നിയമസഭ പിരിച്ചുവിട്ടു നടത്തിയ തിരഞ്ഞെടുപ്പില്‍ 67 മാര്‍ച്ച് മൂന്നിനാണ് മാണി എം എല്‍ എ ആയത്. 1965 മുതല്‍ പന്ത്രണ്ട് തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. 1975 ഡിസംബര്‍ 26ന് ആദ്യമായി അച്യുതമേനോന്റെ മന്ത്രിസഭയില്‍ അംഗമായി തുടക്കം. പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബിജോണിന്റെ റെക്കോര്‍ഡാണ് മാണി തിരുത്തിയത്. അച്യുതമേനോന്റെ മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാഗമായെന്ന റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണിയുടെ പേരിലാണ്.
മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഈ റെക്കോഡുകളെല്ലാം ഉയര്‍ത്തിപ്പിടിച്ചാണ് മാണി മന്ത്രിക്കുപ്പായം അഴിക്കുന്നത്. പ്രായം 83 കഴിഞ്ഞെങ്കിലും നോക്കിലും വാക്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന കെ എം മാണി എന്ന രാഷ്ട്രീയക്കാരന്റെ അധ്വാനവര്‍ഗ സിദ്ധാന്തവും വളരെ ചര്‍ച്ചയായിട്ടുണ്ട്. ഒരു വര്‍ഷമായി ബാര്‍കോഴ ആരോപണത്തിന്റെ കരിനിഴയില്‍ സ്വന്തം ന്യായീകരണങ്ങള്‍ നിരത്തി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുവന്ന മാണി ഒടുവില്‍ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശത്തെ തുടര്‍ന്ന് യു ഡി എഫിലും പാര്‍ട്ടിയിലും ഒറ്റപ്പെട്ടാണ് രാജിവെച്ചത്.