Connect with us

National

ബിജെപിയില്‍ കലാപം; വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനിരുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയില്‍ മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം. ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെല്ലെന്നാണ് ബിഹാറിലെ പരാജയം സൂചിപ്പിക്കുന്നതെന്ന് നേതാക്കളുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ഹിമാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി ശാന്തകുമാര്‍ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയത്.

മോദിയുടേയും അമിത്ഷായുടേയും പേര് പറയാതെയാണ് ഇരുവരേയും ലക്ഷ്യംവച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ബിഹാറിലെ തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് യഥാര്‍ഥ ഉത്തരവാദികളെ രക്ഷിക്കാനുള്ള ശ്രമമാണ്. പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ നേട്ടം അവകാശപ്പെടുമായിരുന്നവര്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരുകയാണ്. പാര്‍ട്ടിക്ക് അടിസ്ഥാന സ്വഭാവം നഷ്ടപ്പെട്ടു. ഏതാനും പേരുടെ കാല്‍ക്കീഴിലാണ് പാര്‍ട്ടിയിപ്പോള്‍. തോല്‍വിയെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ അനിവാര്യമാണ്. എന്നാല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരല്ല പരാജയം വിലയിരുത്തേണ്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. യശ്വന്ത് സിന്‍ഹയാണ് പ്രസ്താവനയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത്.

bjp-veterans-joint-statement.1

ബീഹാര്‍ തോല്‍വിയ്ക്ക് പിന്നാലെ ഇതിനെക്കുറിച്ച് നേതാക്കള്‍ പ്രസ്താവന പുറത്തിറക്കരുതെന്ന് ബിജെപി ദേശീയ നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ, ഭോലാ സിംഗ് തുടങ്ങിയ നേതാക്കള്‍ പരസ്യമായി മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയില്‍ അമിത പ്രതീക്ഷ പുലര്‍ത്തിയ ബിജെപി സംസ്ഥാന നേതാക്കളെ പ്രചാരണ രംഗത്ത് ഉയര്‍ത്തിക്കാട്ടാന്‍ പോലും തയ്യാറായിരുന്നില്ല. മോദിയും അമിത് ഷായും ബിഹാറില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. നിരവധി പൊതുയോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

Latest