Connect with us

Kozhikode

നിയമസഭയില്‍ കരപറ്റാന്‍ മുന്നണികള്‍ ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയപരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നണികള്‍ നിയമസഭാ തിരഞ്ഞടുപ്പിന് ഒരുങ്ങുന്നു. ജില്ലയില്‍ 13 മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് പത്തും യു ഡി എഫ് മൂന്നും മണ്ഡലങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ കണക്ക് വെച്ച് എല്‍ ഡി എഫിന് ഒരു മണ്ഡലത്തില്‍ കൂടി മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടുണ്ട്. വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, എലത്തൂര്‍, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം മണ്ഡലങ്ങള്‍ എല്‍ ഡി എഫ് ജയിച്ചവയാണ്. കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളാണ് യു ഡി എഫിന്റെ കൈവശമുള്ളത്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് പ്രകാരം ഡോ എം കെ മുനീര്‍ ജയിച്ച കോഴിക്കോട് സൗത്തില്‍ എല്‍ ഡി എഫിനാണ് വോട്ട് കൂടുതല്‍ ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡോ എം കെ മുനീര്‍ 1376 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ഏഴായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ ലഭിച്ചതായി എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. 23 വാര്‍ഡുകളില്‍ 16 എണ്ണത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. യു ഡി എഫിന് ആറ് വാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്ന് ബി ജെ പിക്കും കിട്ടി.
മുസ്ലിംലീഗിലെ വി എം ഉമ്മര്‍ മാസ്റ്റര്‍ പ്രതിനിധാനം ചെയ്യുന്ന കൊടുവളളി നിയോജക മണ്ഡലത്തില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം യു ഡി എഫിന് വലിയ ഭീഷണിയില്ല. കിഴക്കോത്ത്, കൊടുവള്ളി, മടവൂര്‍, ഓമശേരി, താമരശേരി പഞ്ചായത്തുകളുടെ ഭരണം യു ഡി എഫിന് തന്നെയാണ് ലഭിച്ചത്. നരിക്കുനി മാത്രമാണ് എല്‍ ഡി എഫിന് ലഭിച്ചത്. വിഎം ഉമ്മര്‍ മാസ്റ്ററുടെ ഭൂരിപക്ഷം 16552 ആണ്. മുസ്‌ലിം ലീഗിലെ സി മോയിന്‍കുട്ടി ജയിച്ച തിരുവമ്പാടിയില്‍ മുക്കം നഗരസഭയും കാരശേരി, കൊടിയത്തൂര്‍, പുതുപ്പാടി, തിരുവമ്പാടി പഞ്ചായത്തുകളും എല്‍ ഡി എഫിനാണ് ലഭിച്ചത്. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചത്. സി മോയിന്‍കുട്ടിയുടെ ഭൂരിപക്ഷം 3833 മാത്രമാണ്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ യു ഡി എഫിന് നന്നെ വിയര്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
എല്‍ ഡി എഫ് കഴിഞ്ഞ തവണ വിജയിച്ച പത്ത് മണ്ഡലങ്ങളില്‍ വടകരയില്‍ എല്‍ ഡി എഫിന് സീറ്റ് നിലനിര്‍ത്തുകയെന്നത് വെല്ലുവിളിയാകും. ജനതാദളിലെ സി കെ നാണു 874 വോട്ടിനാണ് ജയിച്ചത്.ഇത്തവണ വടകര നഗരസഭയില്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും ചോറോട് പഞ്ചായത്ത് കൈവിട്ടത് നഷ്ടമുണ്ടാക്കി. ഇരു മുന്നണികളും തുല്യ വാര്‍ഡുകള്‍ നേടിയെങ്കിലും ആര്‍ എം പിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫിന് ഭരിക്കാം. ഒഞ്ചിയത്ത് കൂടുതല്‍ സീറ്റുകള്‍ എല്‍ ഡി എഫ് നേടിയെങ്കിലും യു ഡി എഫ് പിന്തുണയോടെ ആര്‍ എം പി ഭരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അഴിയൂര്‍, ഏറാമല പഞ്ചായത്തുകളും യു ഡി എഫിനാണ്.സി പി എമ്മിലെ കെ ലതിക ജയിച്ച കുറ്റിയാടിയില്‍ ആറ് പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് ലഭിച്ചപ്പോള്‍ രണ്ട് പഞ്ചായത്തുകളാണ് യു ഡി എഫിന് കിട്ടിയത്. കെ ലതികയുടെ ഭൂരിപക്ഷം 6972 ആണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ വെച്ച് എല്‍ ഡി എഫിന് ആശങ്കയൊന്നുമില്ല. സി പി ഐയിലെ ഇ കെ വിജയന്‍ വിജയിച്ച നാദാപുരത്ത് ആറ് പഞ്ചായത്തുകള്‍ എല്‍ ഡി എഫിനും നാല് പഞ്ചായത്ത് യു ഡി എഫിനും ലഭിച്ചു.7546 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ അദ്ദേഹം ജയിച്ചത്. കൊയിലാണ്ടിയില്‍ സി പി എമ്മിലെ കെ ദാസന്‍ ജയിച്ചത് 4139 വോട്ടിനാണ്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നഗരസഭയില്‍ ഇടത് മുന്നണിക്ക് കൊയിലാണ്ടി നഗരസഭയും മൂടാടി പഞ്ചായത്തുമാണ് ലഭിച്ചത്. തിക്കോടിയും പയ്യോളി നഗരസഭയും യു ഡി എഫിന് ലഭിച്ചപ്പോള്‍ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകള്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്.
ബാലുശേരിയില്‍ സി പി എമ്മിലെ പുരുഷന്‍ കടലുണ്ടിക്ക് 8998 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് ലഭിച്ചപ്പോള്‍ ഒരു പഞ്ചായത്താണ് യു ഡി എഫിനെ തുണച്ചത്. ഉണ്ണികുളത്ത് ബലാബലമാണ്.എന്‍ സി പി യിലെ എ കെ ശശീന്ദ്രന്‍ വിജയിച്ച എലത്തൂരില്‍ എല്‍ ഡി എഫിന് അഞ്ച് പഞ്ചായത്തുകളുടെ ഭരണം ലഭിച്ചിട്ടുണ്ട്. യു ഡി എഫിന് ഒരു പഞ്ചായത്ത് ലഭിച്ചു.സി പി എമ്മിലെ കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍ 15269 വോട്ടിന് ജയിച്ച മണ്ഡലമാണ് പേരാമ്പ്ര. എട്ട് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ എല്‍ ഡി എഫിനായിട്ടുണ്ട്. യു ഡി എഫിന് ലഭിച്ചത് രണ്ട് പഞ്ചായത്തുകളുടെ ഭരണമാണ്. കോഴിക്കോട്ട് നോര്‍ത്തില്‍ സി പി എമ്മിലെ എ പ്രദീപ്കുമാര്‍ വിജയിച്ചത് 8998 വോട്ടിനാണ്. കോര്‍പ്പറേഷനിലെ എട്ട് വാര്‍ഡുകളില്‍ എല്‍ ഡി എഫിന് ജയം നേടാനായിട്ടുണ്ട്. യു ഡി എഫിന് രണ്ട് വാര്‍ഡുകളാണ് ലഭിച്ചത്. ബി ജെ പി ക്കാകട്ടെ മൂന്ന് വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ബേപ്പൂര്‍ മണ്ഡലത്തില്‍ സി പി എമ്മിലെ എളമരം കരീമിന് ലഭിച്ചത് 5316 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു . മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭ എല്‍ ഡി എഫിന് ലഭിച്ചപ്പോള്‍ ഫറോക്കില്‍ തുല്യ ശക്തികളായെങ്കിലും യു ഡി എഫിന് ഭരണം ലഭിച്ചു. രണ്ട് പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് ലഭിച്ചു.സെക്യുലര്‍ കോണ്‍ഫ്രന്‍സിലെ പി ടി എ റഹീം പ്രതിനിധാനം ചെയ്യുന്ന കുന്ദമംഗലത്ത് മൂന്ന് പഞ്ചായത്തുകള്‍ എല്‍ ഡി എഫിന് ലഭിച്ചു. രണ്ട് പഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചത്. മാവുരില്‍ തുല്യ സീറ്റാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില പരിശോധിച്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ സജീവമാകാനാണ് മുന്നണികളുടെ താത്പര്യം. നിയമസഭാതിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ട് ലഭിച്ച മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും മുന്നണി നേതൃത്വം നടപടികള്‍ ആവിഷ്‌കരിക്കും.യു ഡി എഫിന് കോഴിക്കോട് സൗത്തിലും തിരുവമ്പാടിയിലും സീറ്റ് നിലനിര്‍ത്താന്‍ നന്നെ വിയര്‍ക്കേണ്ടി വരുമെന്നത് പോലെ വടകരയില്‍ എല്‍ ഡി എഫും കാര്യമായി പണിയെടുക്കേണ്ടിവരും.