Connect with us

Malappuram

ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ വിലപേശലുമായി മുന്നണികള്‍

Published

|

Last Updated

മലപ്പുറം: ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്തയിടത്ത് സ്വതന്ത്രരും വിമതരും പ്രധാനികളായ പഞ്ചായത്തുകളിലും നഗരസഭകളിലും ഇരുമുന്നണികളും ചാക്കിട്ട് പിടിത്തം തുടങ്ങി.
ഇരുപത് പഞ്ചായത്തുകളിലും കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകളിലും തനിച്ച് അധികാരത്തിലേറാന്‍ ഇരുമുന്നണികള്‍ക്കുമാവില്ല. ലീഗ് കോണ്‍ഗ്രസ് പോര് ശക്തമായ പഞ്ചായത്തുകള്‍, നഗരസഭകള്‍, വിമതര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തുക ഏറെ ദുഷ്‌കരമാണെന്നതാണ് യു ഡി എഫ് ക്യാമ്പിലെ വെല്ലുവിളി. പരസ്പരം പോരടിക്കുന്ന പഞ്ചായത്തുകളിലും തനിച്ച് മത്സരിക്കുന്നയിടങ്ങളിലും തിരഞ്ഞെടുപ്പ് വിജയത്തെ ആധാരമാക്കി പിന്നീട് വിട്ടുവീഴ്ചകള്‍ നടത്തുമെന്ന് ഇരുപാര്‍ട്ടികളും നേരത്തെ ധാരണയിലെത്തിയിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരമാവധി സ്ഥലങ്ങളില്‍ ഒന്നിക്കണമെന്നാണ് ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതൃത്വത്തിന്റെ വികാരമെങ്കിലും ഇതിന് പ്രാദേശിക നേതൃത്വങ്ങള്‍ തയ്യാറല്ല. ഇന്നലെ പാണക്കാട് നടന്ന ലീഗ് സെക്രട്ടേറിയേറ്റിലും ഒന്നിക്കണമെന്ന വികാരമായിരിന്നു. 94 പഞ്ചായത്തുകളില്‍ 48 പഞ്ചായത്തുകള്‍ യു ഡി എഫിന് ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 11 പഞ്ചായത്തുകളില്‍ മുസ്‌ലിംലീഗിന് തനിച്ച് ഭൂരിപക്ഷമുണ്ട്. കൂടാതെ പോര് രൂക്ഷമായ പതിനാല് പഞ്ചായത്തുകളില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാല്‍ ഭരണത്തിലേറാനാവും. 27പഞ്ചായത്തുകള്‍ എല്‍ ഡി എഫിനും സാമ്പാര്‍ മുന്നണിക്ക് മൂന്ന് പഞ്ചായത്തുകളുമുണ്ട്. കീഴുപറമ്പ്, പെരുവള്ളൂര്‍, ചോക്കാട്, എടപ്പറ്റ, മങ്കട, കാളികാവ്, കരുവാരക്കുണ്ട്, തവനൂര്‍, എടയൂര്‍, പൊന്മള, മാറഞ്ചേരി, വെട്ടത്തൂര്‍, ഒഴൂര്‍ പഞ്ചായത്തുകളില്‍ ഒന്നിക്കാനുള്ള സാധ്യതയില്‍ ജില്ലാ നേതൃത്വങ്ങള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതിന് സാധിച്ചാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തോട് അടുത്ത സാന്നിധ്യം യു ഡി എഫിന് ഉറപ്പുവരുത്താനാവും.
വാഴക്കാട്, പോരൂര്‍, മുത്തേടം, കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് സി പി എം ബന്ധവും ജനകീയ മുന്നണികളുടെ ബാനറില്‍ മത്സരിച്ച കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകളിലെ പ്രത്യേക സാഹചര്യവും ഐക്യത്തിന് തടസ്സമാണെന്നാണ് വിലയിരുത്തല്‍. സാമ്പാര്‍ മുന്നണിയുളള വാഴക്കാട്, മാറാക്കര, പറപ്പൂര്‍ പഞ്ചായത്തുകളില്‍ ഇരുപാര്‍ട്ടികളും ഒരുമുന്നണിക്കൊപ്പവും കൂടാനാവാത്ത അവസ്ഥയിലാണ്.
ലീഗും ഇടതുപക്ഷവും തുല്യശക്തികളായ മങ്കട, പെരുവളളൂര്‍, കരുവാരക്കുണ്ട്, കീഴുപറമ്പ് , ഒഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവിയടക്കം ലഭിച്ചാല്‍ പിന്തുണയേകാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍. മേലാറ്റൂര്‍, കുഴിമണ്ണ, ചാലിയാര്‍ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്നതിനാല്‍ സ്വതന്ത്രരെ പാളയത്തിലെത്തിക്കാന്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ ലീഗിനെതിരെ മതേതര മുന്നണിയില്‍ മൂന്നുപേര്‍ കൈപ്പത്തിയിലാണ് മത്സരിച്ചത്. മതേതര മുന്നണിയും ലീഗും തുല്യശക്തികളായ ഇവിടെ ഭരണം പിടിക്കാന്‍ കൈപ്പത്തിക്കാര്‍ക്ക് മികച്ച സ്ഥാനങ്ങള്‍ നല്‍കി ഒത്തുതീര്‍പ്പ് നടത്തണമെന്നാണ് ലീഗ് ജില്ലാ നേതൃത്വം പ്രാദേശിക ഘടകത്തിന് നല്‍കിയ നിര്‍ദ്ദേശം. സമ്മര്‍ദ്ദങ്ങളേയും വിലപേശലുകളേയും അതിജീവിച്ച് ഇവിടങ്ങളില്‍ മുന്നണി ബന്ധം സ്ഥാപിക്കുക അത്ര എളുപ്പമല്ലെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. കോണ്‍ഗ്രസുമായും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ളവയുമായും അടവ് സ്വീകരിച്ച പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണം കൈയ്യാളുമ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളുടെ കുരുക്കിലാണ് സി പി എം. സംസ്ഥാന നേതൃത്വം പുലര്‍ത്തുന്ന നിലപാടിന് അപ്പുറത്തുള്ള ഒരുകൂട്ടുകെട്ടുകളും ജില്ലയില്‍ സി പി എം നടത്തില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നു. അതേസമയം പോരൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ ലീഗിനെതിരെ കോണ്‍ഗ്രസുമായി സി പി എം പരസ്യമായി കൂട്ടികൂടിയിട്ടുണ്ടെന്ന ആക്ഷേപമുണ്ട്. ഇവിടെ ലീഗ് വിരുദ്ധ മുന്നണിക്കാണ് ഭൂരിപക്ഷം.
ഡി സി സി പ്രസിഡന്റിന്റെ പഞ്ചായത്തില്‍ കൂട്ടുകെട്ടുണ്ടായാല്‍ കോണ്‍ഗ്രസിലും സി പി എമ്മിനും വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാവില്ല. അതേസമയം ലീഗിനെ ഒഴിവാക്കി അധികാരത്തിലെത്താന്‍ മറ്റ് മാര്‍ഗങ്ങളുമില്ല. കോണ്‍ഗ്രസും സി പി എമ്മും കൈകോര്‍ത്ത പഞ്ചായത്തുകളില്‍ ഇരുപാര്‍ട്ടികളുടേയും ഈ പ്രതിസന്ധിയിലാണ് ലീഗിന്റെ നോട്ടം.