Connect with us

Wayanad

കോണ്‍ഗ്രസിനെതിരെ മാണി കോണ്‍ഗ്രസിന്റെ അമര്‍ഷം

Published

|

Last Updated

കല്‍പ്പറ്റ: കോണ്‍ഗ്രസിനെതിരെ മാണി കോണ്‍ഗ്രസുകാരുടെ അമര്‍ഷം തിളക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ കാലുവാരിയത് കോണ്‍ഗ്രസാണെന്ന് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയും ഒടുവില്‍ തുറന്നടിച്ചു.
രാഷ്ട്രീയ മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും ദേവസ്യ കുറ്റപ്പെടുത്തി. ബത്തേരി നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് ബത്തേരി നഗരസഭാ കമ്മിറ്റിയുടെ വിമര്‍ശനങ്ങളെ പിന്താങ്ങി ജില്ലാ അധ്യക്ഷനും ഒടുവില്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ദേവസ്യ ഒരു സ്വകാര്യ ചാനലിനോടാണ് മനസ്സ് തുറന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതീവ ദുഖമുണ്ട്. സീറ്റ് നിര്‍ണ്ണയകാര്യത്തില്‍ കടുത്ത അവഗണനയുണ്ടായി. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകള്‍ വരെ പിടിച്ചെടുത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ലോക് സഭാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസുകാരുടെ സഹായം വേണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവഗണിച്ച് തോല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ദീര്‍ഘ വീക്ഷണമില്ലാതെയാണ്. 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 8 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. സിപിഎമ്മിനെ ഭരണം ഏല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ നാടകമായിരുന്നു അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ കോട്ടയായ ബീനാച്ചി ഡിവിഷനില്‍ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി കെ സഹദേവനെതിരെ നിര്‍ത്താന്‍ തോല്‍ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെയാണ് തിരഞ്ഞെടുത്തത്. ഉന്നത നേതാക്കള്‍ പലഡിവിഷനുകളിലും മത്സരിച്ചപ്പോള്‍ ബീനാച്ചിയില്‍ നില്‍ക്കാന്‍ വിമുഖത കാണിച്ചു. ഡിസിസി ജന സെക്രട്ടറിയായ ഡിപി രാജശേഖരനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മിനക്കെട്ടത്. ഒ എം ജോര്‍ജ്, ബാബു പഴുപ്പത്തൂര്‍ എന്നിവരുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ദേവസ്യ പറഞ്ഞു. ഇതേ സമയം കോണ്‍ഗ്രസിനെതിരെയുള്ള ദേവസ്യയുടെ വാളോങ്ങല്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ജില്ലാ അധ്യക്ഷന്‍ ഇടഞ്ഞ് നില്‍ക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫിനെ തുണക്കുമെന്നതാണ് വ്യക്തമാകുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന ദേവസ്യയുടെ പ്രസ്താവനയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി പ്രതീക്ഷിക്കുന്ന കാര്യങ്ങളെല്ലാം വായിച്ചെടുക്കുകയും ചെയ്യാം.