Connect with us

Articles

ങ്ങള് ഏത് റോഡിന്റെ കാര്യമാ ഇപ്പറയുന്നത്?

Published

|

Last Updated

നിങ്ങളോട് മാത്രമായി പറയുകയാണ്. മറ്റാരും അറിയരുത്. നാലാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെംബറുടെ കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തായിരുന്നു ചിരി. പന്ത്രണ്ട് വാട്ട് എല്‍ ഇ ഡി ബള്‍ബ് കത്തിച്ചതുപോലെ. പറന്നു നടക്കുകയായിരുന്നല്ലോ, വാര്‍ഡില്‍. വോട്ട് തരണേ, സഹായിക്കണേ എന്ന പല്ലവിയുമായി. പോസ്റ്ററില്‍ കണ്ട മുഖം ആരും മറക്കില്ല. ഇയാള്‍ക്ക് ഇത്ര സൗന്ദര്യമുണ്ടോ എന്ന് പോലും ചിന്തിച്ചിരുന്നു. ഇതു പോലെ നമ്മുടെ നാടിനെയും മാറ്റുമെന്നാണ് നാട്ടുകാര്‍ കരുതിയത്.
നിങ്ങളെന്തിനാണ് ഈ പഴംപുരാണമൊക്കെ വിളമ്പുന്നതെന്നാകും നിങ്ങളുടെ ചോദ്യം.
നാലാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാരാണന്റെ കാര്യമാണ് പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വന്ന രോഗമാണ്. അതുവരെ ഒന്നുമില്ല. കാര്യമങ്ങ് പറയാമല്ലോ. ചെറിയൊരു ഓര്‍മക്കുറവ്. വീട്ടിലിരിക്കുമ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. സുഖം സുഖപ്രദം. സീരിയലിന്റെ സമയം കൃത്യമായി ഓര്‍മയുണ്ട്. പാല് വാങ്ങിയ കണക്ക് മണി മണി പോലെ പറയും. വീട്ടിലുള്ളവരുടെ ജനനത്തീയതിയൊക്കെ നാരായണന് നല്ല ഓര്‍മയുണ്ട്.
വാര്‍ഡിലെത്തുമ്പോഴാണ് കുഴപ്പം. ഓര്‍മക്കുറവ്. ഇന്നലെ സ്വീകരണത്തിന് ശേഷം മെംബറെ കണ്ടിരുന്നു. ബൂത്തില്‍ കണ്ട ലോഹ്യം പോലുമില്ല. തിരഞ്ഞെടുപ്പ് കാലത്ത് വിളിച്ച മുദ്രാവാക്യം ഓര്‍മയിലില്ല. നല്‍കിയ വാഗ്ദാനങ്ങളുടെ കാര്യവും അങ്ങനെത്തന്നെ.
മുപ്പത് കൊല്ലമായി പൊളിഞ്ഞു കിടക്കുന്ന റോഡിനെ പറ്റി പറഞ്ഞപ്പോള്‍ നാരാണന്‍ ചോദിക്കുകയാ, നിങ്ങള്‍ ഏത് റോഡിന്റെ കാര്യമാ ഇപ്പറയുന്നതെന്ന്.
മെംബറായാല്‍ ആദ്യ വര്‍ഷം തന്നെ ടാറിടുമെന്ന് പറഞ്ഞാ നാരാണന്‍ വോട്ട് പിടിച്ചത്. ഇപ്പോള്‍ അതൊന്നുമോര്‍മ്മയില്ല. അങ്കണവാടിക്ക് പുതിയ കെട്ടിടം, തോട് നവീകരണ പദ്ധതി, തെരുവുവിളക്ക്, തെരുവ് നായ ശല്യം ഇതൊക്കെ ആരുപറഞ്ഞെന്നാ നിങ്ങള്‍ പറയുന്നതെന്നാ നാരാണന്റെ ചോദ്യം.
വാര്‍ഡിലിറങ്ങുമ്പോഴാണ് പ്രശ്‌നം. വീട്ടിലാകുമ്പോള്‍ പ്രശ്‌നമില്ല.
എന്താ ഒരു പോംവഴി. ഏതാണ്ടെല്ലാ അംഗങ്ങളും ചെയ്യുന്നത് പോലെ അഞ്ച് വര്‍ഷം വാര്‍ഡിലിറങ്ങാതിരിക്കുക!
തോറ്റ സ്ഥാനാര്‍ഥിയുടെ കാര്യമോ? അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. തോല്‍പ്പിക്കപ്പെട്ട സ്ഥാനാര്‍ഥിയുടെ സ്ഥിതിയാണ്. വീണിതല്ലോ കിടക്കുന്നു വീട്ടില്‍, കൊടിതോരണങ്ങളുമണിഞ്ഞയ്യാ…വീട്ടിലിരിക്കാത്ത മനോഹരനാ. ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെ പോലെ. മീന്‍ വാങ്ങാനിറങ്ങിയ മനോഹരന്‍ രണ്ട് ദിവസം കഴിഞ്ഞേ വീട്ടില്‍ തിരിച്ചെത്തൂ. രോഗികളെയും കൊണ്ട് ആശുപത്രിയിലോ, സെക്രട്ടറിയേറ്റിലോ ആയിരിക്കും.
ഫലം വന്നപ്പോള്‍ തോറ്റിരിക്കുന്നു. ആകെ നാണക്കേടായി. ഇപ്പോള്‍ വീട്ടില്‍ തന്നെ. മെംബറായാല്‍ മനോഹരനെ കാണണമെങ്കില്‍ സെക്രട്ടറിയേറ്റില്‍ പോകേണ്ട പാടോര്‍ത്താ നാട്ടുകാരും പാര്‍ട്ടിക്കാരും തിരിച്ചു കുത്തിയതത്രേ.
വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുന്നു. പോസ്റ്റുകള്‍ നോക്കി, വാട്‌സ് ആപ് നോക്കി…
അപ്പോഴാണ് ഒരു വാട്‌സ് ആപ് സന്ദേശം.
തോറ്റ സ്ഥാനാര്‍ഥിയെ വാര്‍ഡില്‍ നിന്നും വീട്ടിലേക്ക് മാറ്റിയിരിക്കുന്നു!

Latest