Connect with us

Editorial

അഴിമതിക്കാരെ രക്ഷിക്കാന്‍ നികുതിപ്പണമോ?

Published

|

Last Updated

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സിന്റെ ഹരജിയില്‍ വിധി പറയവെ അഴിമതിക്കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നികുതിപ്പണം ദുര്‍വ്യയം ചെയ്യുന്നതിന്റെ അസാംഗത്യം ചൂണ്ടിക്കാട്ടുകയുണ്ടായി ഹൈക്കോടതി. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലിനെ കേസില്‍ ഹാജരാകാന്‍ ക്ഷണിച്ചുവരുത്തിയ സര്‍ക്കാര്‍ നടപടിയെ സൂചിപ്പിച്ചായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. ഒറ്റ സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനാണ് സിബല്‍. കേസിന്റെ പ്രഥമ ദിനത്തില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിന്റെ വാദങ്ങള്‍ പാളിപ്പോയ സാഹചര്യത്തില്‍ ഇനിയും എ ജി മാത്രം ഹാജരായാല്‍ അപകടമെന്ന് മനസ്സിലാക്കിയ മാണിയാണ് സിബലിനെ കൊണ്ടുവരാന്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് വിവരം. വിജിലന്‍സിന്റെ ഹരജിയില്‍ തിങ്കളാഴ്ച വിധി പറയാനിരിക്കെ ഞായറാഴ്ച പകല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിബലുമായി നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അന്ന് വൈകീട്ട് ഏഴ് മണിക്കാണ് കേസില്‍ ഹാജരാകാന്‍ അദ്ദേഹം സമ്മതം മൂളുന്നത്. കേസിന്റെ വിധിപ്രസ്താവം നീട്ടിവെപ്പിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ കൈകടത്തിയ വിജിലന്‍സ് ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്യുന്ന വിജിലന്‍സ് കോടതി പരാമര്‍ശം നീക്കിക്കിട്ടുകയുമായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ കോടതിമുറിയില്‍ സിബല്‍ കത്തിക്കയറിയിട്ടും ജഡ്ജി മാണിയെ കടിച്ചുകുടയുകയും അദ്ദേഹം മന്ത്രിപദവിയില്‍ തുടരുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യുകയുമായതോടെ സിബലിന്റെ വരവ് വൃഥാവിലാകുകയും അദ്ദേഹത്തിന് വേണ്ടി പൊതുഖജനാവില്‍ നിന്ന് ചെലവിട്ട ലക്ഷങ്ങള്‍ പാഴാകുകയും ചെയ്തു.
കേസില്‍ നേരത്തെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്‍, നാഗേശ്വര റാവു എന്നിവരില്‍ നിന്ന് മാണിക്ക് അനുകൂലമായി നിയമോപദേശം സമ്പാദിക്കാനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍തുക ചിലവഴിച്ചിരുന്നു. ഏഴര ലക്ഷം രൂപയാണ് ഈ അഭിഭാഷകര്‍ക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പിനോട് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. അഡ്വക്കറ്റ് ജനറലോ, നിയമവകുപ്പോ ശിപാര്‍ശ ചെയ്ത ശേഷം മാത്രമേ സ്വകാര്യ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടാവൂ എന്നാണ് ചട്ടം. ഈ നടപടിക്രമം പാലിക്കാതെ വിജിലന്‍സ് ഡയറക്ടര്‍ സ്വമേധയാ അഭിഭാഷകരുമായി ബന്ധപ്പെടുകയാണുണ്ടായത്. സര്‍ക്കാര്‍ അഭിഭാഷകരെ മറികടന്നുള്ള ഈ നിയമോപദേശത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഏതടിസ്ഥാനത്തിലാണ് സ്വകാര്യ അഭിഭാഷകരില്‍ നിന്നു നിയമോപദേശം തേടിയതെന്ന കോടതിയുടെ ചോദ്യത്തിന് മുമ്പില്‍ വിജിലന്‍സ് ഉത്തരം മുട്ടുകയാണുണ്ടായത്. ക്രമവിരുദ്ധമായ ഈ നടപടിക്കെതിരെ മാണിയുടെ കീഴിലുള്ള നിയമ വകുപ്പില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുകയുണ്ടായി.
ഒരു കേസില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സി ഒരു നിഗമനത്തിലെത്തിയാല്‍ അതായിരിക്കണം സര്‍ക്കാര്‍ നിലപാട്. കുറ്റാരോപിതരുടെ വലിപ്പച്ചെറുപ്പം നോക്കാതെ അന്വേഷണോദ്യോഗസ്ഥന് തന്റെ നിഗമനത്തിന്റെ സത്യാവസ്ഥ കണ്ടെത്തുന്നതിന് കേസുമായി മുന്നോട്ടുപോകുന്നതിനാവശ്യമായ സഹായ സഹകരണങ്ങളും പ്രോത്സാഹനവും നല്‍കുകയാണ് ഇവിടെ സര്‍ക്കാറിന്റെ ബാധ്യത. പകരം അന്വേഷണോദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ കൈ കടത്തിയും മറ്റു വളഞ്ഞ മാര്‍ഗേണയും അന്വേഷണത്തിന്റെ സുഗമവും നിയമപരവുമായ പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുന്നത് രാഷ്ട്രീയ ജീര്‍ണതയാണ്. അധാര്‍മികമാണ്. അത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണക്കാരായ പൊതുജനത്തിന്റെ പണം ഉപയോഗപ്പെടുത്തുന്നത് അവരോട് കാണിക്കുന്ന കടുത്ത ദ്രോഹവുമാണ്. ഉദ്യോഗസ്ഥന്‍ സത്യസന്ധവും ഋജുവുമായ അന്വേഷണത്തിലൂടെ പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തുമ്പോള്‍ അധികാര രാഷ്ട്രീയത്തിന്റെ സൗകര്യങ്ങളുപയോഗിച്ചു കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയമെന്ന വാക്ക് സാധൂകരിക്കപ്പെടുകയാണിവിടെ.
ബാര്‍ കോഴക്കേസിലെ മാത്രം വിഷയമല്ല ഇത്. അധികാരത്തിലിരിക്കുന്നവത് അഴിമതിക്കേസുകളില്‍ അകപ്പെടുമ്പോള്‍ അവരെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്ന ദുഷ്പ്രവണത രാജ്യത്ത് പൊതുവെ നടപ്പുള്ളതാണ്. ഇതില്‍ കക്ഷിഭേദമില്ല. മുന്നണി വ്യത്യാസമില്ല. കേരളത്തില്‍ ഇടത് മുന്നണി ഭരണത്തില്‍ ചില മന്ത്രിമാര്‍ അഴിമതിയാരോപണത്തിന് വിധേയരായപ്പോള്‍ അവര്‍ക്ക് വേണ്ടിയും പൊതുപണം ദുര്‍വ്യയം ചെയ്തിട്ടുണ്ട്. അധികാരത്തിന്റെ ഇത്തരം ദുര്‍വിനിയോഗമാണ് നക്‌സല്‍, തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിറവിക്ക് പിന്നിലെന്ന വസ്തുത ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. ഇത് അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നതില്‍ കവിഞ്ഞ ഒന്നിനും അര്‍ഹരല്ല അധികാരത്തിലിരിക്കുന്നവര്‍. നിയമത്തെനോക്കുകുത്തിയാക്കി കുറ്റവാളികള്‍ക്ക് വിഹരിക്കാനുള്ള വേദിയാക്കി മാറ്റരുത് രാഷ്ട്രീയം. പാവപ്പെട്ടവന്റെ നികുതിപ്പണം അഴിമതിക്കാര്‍ക്ക് സംരക്ഷണവലയം തീര്‍ക്കുന്നതിന് ദുരുപയോഗിക്കുകയുമരുത്.