Connect with us

International

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പട്ടാള ഭരണകൂടം മുന്നോട്ടുവരണം: സൂകി

Published

|

Last Updated

യാംഗൂണ്‍: മ്യാന്മര്‍ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ആംഗ് സാന്‍ സൂകി, സൈനിക പിന്തുണയോടെ ഭരണം നടത്തുന്ന യൂനിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി നേതാക്കളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. പാര്‍ലിമെന്റിന്റെ അധോസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടി 151 സീറ്റുകളില്‍ 135 ഉം കരസ്ഥമാക്കി. യൂനിയന്‍ ഇലക്ഷന്‍ കമ്മീഷന്‍(യു ഇ സി) ഇക്കാര്യം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിച്ച 33 സീറ്റില്‍ 29 സീറ്റും പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. എമ്പത് ശതമാനം വോട്ടുകളും എന്‍ എല്‍ ഡിക്ക് ലഭിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍, പാര്‍ലിമെന്റ് സ്പീക്കര്‍, ജനറല്‍ മിന്‍ ഓംഗ് എന്നിവര്‍ മുന്നോട്ടുവരണമെന്നാണ് സൂകി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യ താത്പര്യത്തിന് വേണ്ടി മാത്രം സമാധാന പരമായ രീതിയില്‍ ജനങ്ങളുടെ ആഗ്രഹം പോലെ അധികാര കൈമാറ്റം നടത്തുകയെന്ന് വളരെ പ്രധാനപ്പെട്ടതാണെന്ന് മൂന്ന് പേര്‍ക്കുമെഴുതിയ കത്തില്‍ സൂകി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം എന്തായാലും അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റും പട്ടാള നേതൃത്വവും സമ്മതിച്ചിരുന്നതായി യു എസ് ഡി പി വക്താവ് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പട്ടാള ഭരണകൂടം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

---- facebook comment plugin here -----

Latest