Connect with us

Kozhikode

കംപാഷനേറ്റ് പദ്ധതി ജില്ലയിലെ കോളജ് വിദ്യാര്‍ഥികളിലൂടെ വ്യാപിപ്പിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ കംപാഷനേറ്റ് പദ്ധതി കോളജ് വിദ്യാര്‍ഥികളിലൂടെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളജ് പ്രിന്‍സിപ്പല്‍മാരുടെയും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുടെയും യോഗം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു.
വിശക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന ഓപ്പറേഷന്‍ സുലൈമാനി കൂപ്പണുകള്‍ കൂടുതല്‍ ആവശ്യക്കാരിലേക്കെത്തിക്കാന്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ ചെറു യൂനിറ്റുകളായി തിരിഞ്ഞ് ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൂപ്പണ്‍ കൈമാറും.
ജില്ലയിലെ പ്രധാന സ്ഥാപനങ്ങള്‍, റോഡുകള്‍, ചരിത്രപ്രധാന കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ പൊതുജനതാത്പര്യമുള്ള എന്ത് വിവരങ്ങളും ലഭ്യമാക്കുന്ന കോഴിപീഡിയ പദ്ധതിയിലും വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പുവരുത്തും.
ജില്ലയിലെ ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊടുക്കുന്ന “യൊ യൊ അപ്പൂപ്പ” പദ്ധതിയാണ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം തേടുന്ന മറ്റൊരു മേഖല. ജില്ലയെ അംഗപരിമിത സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോളജുകള്‍ വഴി ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.