Connect with us

Kozhikode

കോര്‍പറേഷനില്‍ ഭരണസമിതിയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷനില്‍ പുതിയ ഭരണസമിതി ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ കാത്തുനില്‍ക്കുന്നത് വെല്ലുവിളികള്‍.
സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ ആറ് റോഡുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കുകയാണ് ഭരണസമിതിക്ക് മുന്നിലുള്ള ആദ്യവെല്ലുവിളി. കോഴിക്കോട് ബീച്ച് പരിസരം, മാവുര്‍ റോഡ്, അരയിടത്തുപാലം എന്നിവിടങ്ങളില്‍ തെരുവു വിളക്കുകള്‍ പൂര്‍ണമായും കത്തിയിട്ട് നാളുകളായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെരുവുവളിക്കുകള്‍ കത്തിക്കുന്നതിനായി ശ്രമം കോര്‍പറേഷന്‍ ആരംഭിച്ചിരുന്നെങ്കിലും അത് എങ്ങും എത്തിയില്ല. അഞ്ച് വര്‍ഷത്തിനിടെ 19 ഹൈമാസ്റ്റ് ലൈറ്റുകള്‍ നഗരത്തില്‍ പുതിയതായി സ്ഥാപിച്ചു. എന്നാല്‍ പലതും ഇന്ന് തകരാറിലായിക്കിടക്കുകയാണ്.
ലക്ഷങ്ങള്‍ മുടക്കി കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഇ- ടോയ്‌ലറ്റുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്. പലയിടത്തും ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനക്ഷമവുമല്ല. കോഴിക്കോട് ബീച്ച്, കാരപ്പറമ്പ് ജംഗ്ഷന്‍, മുതലക്കുളം, കോര്‍പറേഷന്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് ഇ- ടോയ്‌ലറ്റുകളുള്ളത്.
സാമൂഹിക സേവന മേഖലയില്‍ 51.53 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച ആസ്തികള്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നുവെന്ന് 2014- 15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജുവനൈല്‍ ഹോം പരിസരത്ത് ജലസേചന സംവിധാനം നിര്‍മിക്കാന്‍ 15 ലക്ഷം രൂപ ചെലവഴിച്ച് ജലസംഭരണിയും പമ്പും സ്ഥാപിച്ചു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാത്തത് കാരണം 8.21 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു. നിര്‍മാണമാരംഭിച്ച 13 അങ്കണ്‍വാടി കെട്ടിടങ്ങള്‍ പണി പകുതിയാക്കി കരാറുകാരന്‍ ഉപേക്ഷിച്ചു. മൂന്ന് ബയോഗ്യാസ് പ്ലാന്റുകള്‍ക്കായി 37.84 ലക്ഷം രൂപയാണ് പാഴായത്.

Latest