Connect with us

Kozhikode

യാത്രക്കാര്‍ വര്‍ധിച്ചിട്ടും മാവേലി എക്‌സ്പ്രസിന്റെ എടുത്തു മാറ്റിയ കോച്ചുകള്‍ പുനഃസ്ഥാപിച്ചില്ല

Published

|

Last Updated

കോഴിക്കോട്: യാത്രക്കാരുടെ തിരക്ക് കൂടുമ്പോഴും മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലെ എടുത്തു മാറ്റിയ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റെയില്‍വേ തയാറാകുന്നില്ല.
ഉത്സവ കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ ചില കോച്ചുകള്‍ എടുത്തുമാറ്റുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഓണക്കാലത്ത് എടുത്തു മാറ്റിയ മാവേലി എക്‌സ്പ്രസിലെ മുന്നിലെയും പിറകിലെയും ഓരോ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ റയില്‍വേ അമാന്തിക്കുകയാണ്.
മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് രാത്രി യാത്രക്ക് ഏറെ ഉപകാരപ്രദമാണ് മാവേലി എക്‌സ്പ്രസ്. വൈകുന്നേരം മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി അടുത്ത പുലര്‍ച്ചെ ഏഴിന് തിരുവനന്തപുരത്ത് എത്തും. അതിനാല്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരാണ് കൂടുതലായും മാവേലി എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്.
സെക്രട്ടേറിയറ്റിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവരും റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളിലേക്ക് പോകുന്ന രോഗികളും നിത്യേന ഈ വണ്ടിയേയാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരത്ത് പുലര്‍ച്ചെ എത്തുന്നതിനാല്‍ യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പോകുന്ന ഉദ്യോഗസ്ഥര്‍, ഇന്റര്‍വ്യൂവിനും പരീക്ഷകള്‍ക്കും പോകുന്ന ഉദ്യോഗാര്‍ഥികള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധി യാത്രക്കാര്‍ മാവേലി എക്‌സ്പ്രസിന്റെ ഉപഭോക്താക്കളാണ്.
രാത്രി 10ന് ട്രെയിന്‍ കോഴിക്കോട്ടെത്തുമ്പോഴേക്കും ജനറല്‍ കോച്ചുകള്‍ നിറഞ്ഞിരിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാല് കുത്താന്‍ ഇടമില്ലാത്ത അവസ്ഥയായിരിക്കും. പിറകുവശത്താണ് ട്രെയിനിലെ ലേഡീസ് കോച്ച്. ഈ ട്രെയിനില്‍ നേരത്തെ ലേഡീസിനുള്ള കോച്ച് നീളം കുറഞ്ഞതായിരുന്നു. ഇപ്പോള്‍ പിറകുവശത്ത് രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്ന് കൂടി ലേഡിസിനാക്കി മാറ്റിയിട്ടുണ്ട്. അതോടെയാണ് പുരുഷന്മാര്‍ക്ക് കൂടി കയറാവുന്ന കോച്ച് ഒരെണ്ണം പിറകിലും കുറഞ്ഞത്.
പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം
കോഴിക്കോട്: ശബരിമല സീസണ്‍ കണക്കിലെടുത്ത് കേരളത്തിനകത്തും പുറത്തും പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബെംഗളൂരു- തിരുവനന്തപുരം, ചെന്നൈ- കണ്ണൂര്‍, കൊച്ചുവേളി- ഹൈദരാബാദ്, ദാദര്‍- കൊച്ചി, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളില്‍ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക സര്‍വീസുകളും ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളിലടക്കം റിസര്‍വേഷന്‍ അല്ലാത്ത കൂടുതല്‍ കോച്ചുകളും ഘടിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ എന്‍ നമ്പ്യാര്‍ കൊയിലാണ്ടി, കെ മുഹമ്മദ് അലി മോങ്ങം റെയില്‍വേ മന്ത്രാലായങ്ങളോട് ആവശ്യപ്പെട്ടു.

Latest