Connect with us

Gulf

കെഫ് ഹോള്‍ഡിംഗ് അല്‍ ജലീല ഫൗണ്ടേഷന് ഒരു കോടി ദിര്‍ഹം സംഭാവന ചെയ്തു

Published

|

Last Updated

കെഫ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളന്‍ ദുബൈയില്‍
വാര്‍ത്താസമ്മേളനത്തില്‍. ശബാന ഫൈസല്‍, ശ്രീകാന്ത് ശ്രീനിവാസന്‍ സമീപം

ദുബൈ: യു എ ഇ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി കെഫ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, അല്‍ ജലീല ഫൗണ്ടേഷന് ഒരു കോടി ദിര്‍ഹം സംഭാവന നല്‍കിയതായി ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ ചികിത്സാ രംഗത്ത് സമൂലമായ മാറ്റംവരുത്തുക ലക്ഷ്യം വെച്ചുള്ള ആഗോള ജീവകാരുണ്യ സംഘടനയാണ് ദുബൈയിലെ ജലീല ഫൗണ്ടേഷന്‍.
അര്‍ബുദം, അമിത ഭാരം, ഹൃദ്രോഗം, പ്രമേഹം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഗൗരവമായ പഠനങ്ങള്‍ നടത്താന്‍ ജലീല ഫൗണ്ടേഷന് താങ്ങായി നില്‍ക്കാന്‍ കെഫ് കമ്പനിയുടെ സംഭാവന ഉപകരിക്കും. ആഗോള സാമൂഹിക ശൃംഖലകളില്‍ പരസ്പരം സഹകരിക്കാനും ആരോഗ്യ ക്ഷേമകാര്യങ്ങളില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും ഇരുകൂട്ടര്‍ക്കും കഴിയും. അല്‍ ജലീല ഫൗണ്ടേഷന്റെ മഹത്തായ ലക്ഷ്യത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകളെ ഇതോടൊപ്പം അഭിനന്ദിക്കുകയാണ്.
അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമുഖ സംരംഭമാണ് കെഫ് ഹോള്‍ഡിംഗ്‌സ്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഫ്രീകാസ്റ്റ് എഞ്ചിനിയറിംഗാണ് വിഭാവനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി വ്യാവസായിക ഉദ്യാനത്തില്‍ 650 കോടി രൂപയുടെ ഫാക്ടറിയാണ് നിര്‍മിച്ചിരിക്കുന്നത്. സിംഗപ്പൂരില്‍ സാമൂഹിക സംരംഭക മേഖലയില്‍ പുതിയൊരു യുഗം ആരംഭിച്ചു. ജബല്‍ അലിയിലെ ഫാക്ടറി അടുത്ത വര്‍ഷം ജൂണില്‍ തുറക്കും. നിലവില്‍ ഇന്ത്യ, മധ്യപൗരസ്ത്യ ദേശം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. പ്രീ ഫാബ്രിക്കേറ്റഡ് ബാത് റൂമുകള്‍, ജോയിന്ററികള്‍ തുടങ്ങിയവയാണ് പ്രധാനം. വൈസ് ചെയര്‍മാന്‍ ശബാന ഫൈസലും ബിസിനസ് ഹെഡ് ശ്രീകാന്ത് ശ്രീനിവാസും പങ്കെടുത്തു.

---- facebook comment plugin here -----

Latest