Connect with us

Gulf

പെട്രോളിയം കള്ളക്കടത്തും വ്യാജ വ്യാപാരവും തടയാന്‍ നിയമം

Published

|

Last Updated

ദോഹ: പെട്രോളിയം ഉത്പന്നങ്ങളുടെ കള്ളക്കടത്തും നിയമ വിരുദ്ധ വ്യാപാരവും തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുള്‍പെടെയുള്ള ഏതാനും നിയമനിര്‍ദേശങ്ങളുടെ കരടിന് അംഗീകാരം നല്‍കിയത്.
പെട്രോളിയം കള്ളക്കടത്ത് തടയുന്ന നിയമം പരിശോധനക്കും തീരുമാനത്തിനുമായി അഡൈ്വസറി കൗണ്‍സിലിനു വിട്ടു. ഖത്വര്‍ പെട്രോളിയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്തേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടു വരുന്നതും പുറത്തേക്കു കൊണ്ടു പോകുന്നതും തടയുന്നതാണ് നിയമം. നിയമവിരുദ്ധമായ കച്ചവടവും നിയമം ശക്തമായി വിലക്കുന്നു. രാജ്യാന്തര തലത്തിലുള്ള കച്ചവടത്തിനും വിലക്കുണ്ട്. ലൈസന്‍സില്ലാത്ത വ്യാപാരികള്‍ക്ക് വാങ്ങി വില്‍ക്കുന്നതിനും തടസ്സമുണ്ട്. ലൈസന്‍സുള്ള സ്ഥാപനത്തില്‍ നിന്നും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താലും കുറ്റകരമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരത്തില്‍ പങ്കാളിത്തം വഹിക്കുന്നതു സംബന്ധിച്ചും നിയമത്തില്‍ നിര്‍ദേശമുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കനത്തതാക്കാനും കരട് നിര്‍ദേശിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുകയോ നിയമവിരുദ്ധമായി കച്ചവടം നടത്തുകയോ ചെയ്തതായി കണ്ടെത്തുകയും എന്നാല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ പോലും കുറ്റം ചുമത്തും.
സിവില്‍ ഏവിയേഷന്‍ സുരക്ഷക്കായുള്ള നാഷനല്‍ സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള ഭേദഗതി നിര്‍ദേശവും മന്ത്രിസഭ ചര്‍ച്ചക്കു വിധേയമാക്കി. നീതിന്യായ മന്ത്രാലയം, ഖത്വര്‍ എയര്‍വേയ്‌സ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെക്കൂടി കമ്മിറ്റിയില്‍ ഉള്‍പെടുത്തിക്കൊണ്ടുള്ള പരിഷ്‌കരണമാണ് മന്ത്രിസഭ അംഗീകരിച്ചത്.
രാജ്യത്തു നിന്നു പുറത്തു കൊണ്ടുപോകുന്ന ഷിപ്‌മെന്റുകള്‍ക്ക് ഖത്വരി കണ്‍ഫേമിറ്റി സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകള്‍ പാലിക്കുന്നതിനു വേണ്ടി പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. എന്നാല്‍ ഇതില്‍ നിന്നും ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ ചില ഉത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
എണ്ണ, വാതകം, പെട്രോ കെമിക്കല്‍ രംഗത്ത് കുവൈത്ത് സര്‍ക്കാറുമായി സഹകരിക്കുന്നതു സംബന്ധിച്ചുള്ള ധാരണക്കും മന്ത്രിസഭ അംഗീകാരം നല്‍കി. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സഹകരണവും ധാരണ വ്യവസ്ഥ ചെയ്യുന്നു. ഖത്വര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ഫ്രഞ്ച് നാഷനല്‍ മെട്രോളജിക്കല്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചുള്ള ധാരണക്കും മന്ത്രിസഭ സമ്മതം നല്‍കി. ഖത്വര്‍ ആംഡ് ഫോഴ്‌സിന്റെ മെഡല്‍, നിറങ്ങള്‍ എന്നിവ തീരുമാനിക്കുന്നതു സംബന്ധിച്ചുള്ള നിര്‍ദേശം പരിശോധനക്കായി എടുത്തു. വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കത്തുകളും മന്ത്രിസഭ പരിശോധിച്ചു.