Connect with us

Business

മൂന്നാം പാദത്തില്‍ സ്വര്‍ണ വിപണി എട്ട് ശതമാനം ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടനുസരിച്ച് ആഗോളതലത്തില്‍ സ്വര്‍ണ വിപണി 2015 മൂന്നാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം ഉയര്‍ന്നു. മൂന്നാം പാദത്തിന്റെ ആദ്യ പാതിയില്‍ എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ട് (ഇ ടി എഫ്) ഔട്ട് ഫ്‌ളോ ഉള്‍പ്പെടെ ഒന്നിലധികം കാരണങ്ങളാല്‍ സ്വര്‍ണത്തിന്റെ വില കുറയുകയും ഡിമാന്‍ഡ് വര്‍ധനവുണ്ടാവുകയും ചെയ്തു. എന്നാല്‍ നിക്ഷേപ രീതിയിലുണ്ടായ മാറ്റങ്ങള്‍ ഇ ടി എഫ് ഇന്‍ഫ്‌ളോയില്‍ വര്‍ധനവുണ്ടാക്കുകയും തന്‍മൂലം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സ്വര്‍ണവില ഉയരുകയും ചെയ്തു. 2014 മൂന്നാം പാദത്തെ അപേക്ഷിച്ച് ആഗോളതലത്തില്‍ നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ആവശ്യം 181 ടണ്ണില്‍ നിന്ന് 27 ശതമാനം വര്‍ധിച്ച് 230 ടണ്ണായി. യുഎസില്‍ ബാറിനും നാണയത്തിനും 207 ശതമാനം ഡിമാന്‍ഡ് വര്‍ധനവുണ്ടായി. യൂറോപ്പില്‍ 35 ശതമാനവും ചൈനയില്‍ 70 ശതമാനവും വര്‍ധനവ്് രേഖപ്പെടുത്തി. ഇന്ത്യയിലെ നിക്ഷേപ മേഖല 2014 ലെ മൂന്നാം പാദത്തിനു ശേഷം ഇതാദ്യമായി ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി.
ആഗോളതലത്തില്‍ സ്വര്‍ണാഭരണത്തിന്റെ ഡിമാന്‍ഡ് 2014 മൂന്നാം പാദത്തെ അപേക്ഷിച്ച് 594 ടണ്ണില്‍ നിന്ന് 6 ശതമാനം വര്‍ധിച്ച് 632 ടണ്ണായി. ഇന്ത്യയില്‍ 15 ശതമാനവും ചൈനയില്‍ നാല് ശതമാനവും വര്‍ധനവ് ഉണ്ടായപ്പോള്‍ യു എസില്‍ രണ്ട് ശതമാനവും അറബ് രാജ്യങ്ങളില്‍ എട്ട് ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. ആഘോഷവേളകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇന്ത്യന്‍ ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങിയതാണ് ഇന്ത്യയില്‍ സ്വര്‍ണാഭരണത്തിന്റെ ആവശ്യം 15 ശതമാനം വര്‍ധിക്കാന്‍ കാരണമായത്.

Latest