Connect with us

Articles

നമുക്ക് കോടതിയെ കോടതിയില്‍ നിന്ന് രക്ഷിക്കേണ്ടിയിരിക്കുന്നു

Published

|

Last Updated

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി നിയമിക്കണമെന്നാണ് നമ്മുടെ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ വ്യവസ്ഥയുടെ മൂലരൂപം അമേരിക്കന്‍ ഭരണഘടനയിലുള്ളതാണ്. ശക്തമായ ജുഡീഷ്യറിയും ഫെഡറല്‍ സംവിധാനവും ജുഡീഷ്യല്‍ റിവ്യൂവും അടക്കമുള്ള കാര്യങ്ങള്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. അമേരിക്കന്‍ സുപ്രീം കോടതിയുടെ ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത് അമേരിക്കന്‍ പ്രസിഡണ്ടാണ്. അമേരിക്കന്‍ സെനറ്റിന്റെ ഒരു ഒരു ജൂഡീഷ്യല്‍ കമ്മീഷ്യല്‍ കമ്മിറ്റി ഇവരുടെ നിയമനം പിന്നീട് സ്ഥിരീകരിക്കുന്നതാണ് അവിടുത്തെ നടപടി. അതേ മാതൃക തന്നെയാണ് നമ്മള്‍ ഇവിടെയും പിന്തുടരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 124-ാം അനുഛേദത്തിലാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്ന വിധം പറഞ്ഞിട്ടുള്ളത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ചതിന് ശേഷം സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണം. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത് ഭരണഘടനയുടെ 217 അനുച്ഛേദത്തിലാണ്. സംസ്ഥാന സര്‍ക്കാറുമായും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായും കൂടിയാലോചിച്ചതിന് ശേഷം ഹൈക്കോടതി ജഡ്ജിയെ നിയമിക്കാമെന്നാണ് വ്യവസ്ഥ. നിയമനം നടത്തേണ്ടത് രാഷ്ട്രപതിയാണ്. രാഷ്ട്രപതി തന്നിഷ്ടപ്രകാരം വ്യക്തിപരമായി നിയമനം നടത്തുകയല്ല. കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. അപ്പോള്‍ ഇതില്‍ പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടീവാണ് നിയമനം നടത്തുന്നത്.
ഭരണഘടനാ അസംബ്ലിയില്‍ ഈ വിഷയം ചര്‍ച്ചക്ക് വരുമ്പോള്‍ മദ്രാസ് ഹൈക്കോടതിയിലെ പ്രഗല്‍ഭ അഭിഭാഷകനായിരുന്ന മുസ്‌ലിം ലീഗ് മെമ്പറായ മലബാറുകാരന്‍ ബി പോക്കര്‍ സാഹിബ് ജഡ്ജിമാരുടെ നിയമന വ്യവസ്ഥയില്‍ ഒരു ഭേദഗതി അവതരിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ മാത്രമേ ജഡ്ജിമാരെ നിയമിക്കാവൂ എന്നായിരുന്നു അത്. അപ്പോള്‍ തന്നെ ഡോ. ബി ആര്‍ അംബേദ്കര്‍ അതിന് മറുപടി പറഞ്ഞു. അങ്ങനെ നമ്മള്‍ ഉദ്ദേശിച്ചിട്ടില്ല. നിയമനം നടത്തേണ്ടത് എക്‌സിക്യൂട്ടീവ് തന്നെയാണ്. ഭരണകൂടത്തിനാണ് നിയമനം നടത്താനുള്ള അധികാരം. ചീഫ് ജസ്റ്റിസുമായി കൂടിയാലോചനയുടെ ആവശ്യം മാത്രമേ ഉള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പോക്കര്‍ സാഹിബ് അദ്ദേഹത്തിന്റെ ഭേഗദതി ഉപേക്ഷിച്ചു. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയുടെ അന്തസ്സത്ത എന്താണെന്ന് ഇതില്‍ നിന്ന് സംശയരഹിതമായി വ്യക്തമാകും.
1950 മുതല്‍ 93 വരെ ഇന്ത്യാരാജ്യത്ത് ഇതേ സമ്പ്രദായമാണ് പിന്തുടര്‍ന്നുവന്നത്. പതഞ്ജലി ശാസ്ത്രി, ഗജേന്ദ്ര ഗാഡ്കര്‍, കെ കെ മാത്യു, വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങി എത്രയോ പ്രഗല്‍ഭരായ ജഡ്ജിമാര്‍ ഇക്കാലയളവില്‍ ഉണ്ടായി. ഇവരെയെല്ലാം കേന്ദ്ര സര്‍ക്കാറാണ് നിയമിച്ചത്. 1981-82 കാലത്ത് ഹൈക്കോടതികളിലെ നിരവധി ജഡ്ജിമാരെ സുപ്രീം കോടതി സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമുണ്ടായി. സ്ഥലം മാറ്റത്തിനെതിരെ എസ് സി ഗുപ്ത എന്ന ഒരാള്‍ സുപ്രീം കോടതിയില്‍ കേസ് കൊടുത്തു. ആ കേസിന്റെ ഭരണഘടനാ പ്രാധാന്യം കണക്കിലെടുത്ത് സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ചിന്റെ പരിഗണനയിലാണ് വന്നത്. ജസ്റ്റിസ് പി എന്‍ ഭഗവതിയുടെ നേതൃത്വത്തിലുള്ള ഏഴംഗ ബഞ്ചിലെ നാല് ജഡ്ജിമാര്‍ സ്ഥലം മാറ്റവും ജഡ്ജിമാരുടെ നിയമനവും പ്രമോഷനും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും വിധിച്ചു. ജസ്റ്റിസ് ഭഗവതി, ഫസല്‍ അലി, ഡി എ ദേശായി, വെങ്കിട്ടരാമയ്യ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിന് തന്നെയാണ് അധികാരമെന്ന് പറഞ്ഞപ്പോള്‍ എ സി ഗുപ്ത, തുള്‍സ പുള്‍ക്കര്‍, ആര്‍ എസ് പഥക്ക് എന്നീ ജഡ്ജിമാര്‍ ഭിന്നാഭിപ്രായ വിധിയെഴുതി. ഭൂരിപക്ഷവിധി അംഗീകരിക്കപ്പെട്ടു. 1981 ഡിസംബര്‍ 30നാണ് ഈ വിധി വന്നത്. കേന്ദ്രത്തില്‍ ശക്തമായ ഒരു സര്‍ക്കാറുള്ളതുകൊണ്ടായിരുന്നു സുപ്രീം കോടതി വിധി ഇത്തരത്തിലായത്. അന്ന് ഇന്ദിരാ ഗാന്ധിയുടെ പ്രതാപകാലമായിരുന്നു. സര്‍ക്കാറിന് മൂന്നില്‍രണ്ട് ഭൂരിപക്ഷം. വിധി എതിരായിരുന്നുവെങ്കില്‍ അവര്‍ ജുഡീഷ്യറിയെ എപ്രകാരം കൈകാര്യം ചെയ്യുമെന്ന ബോധ്യം അന്നത്തെ ജഡ്ജിമാര്‍ക്കുണ്ടായിരുന്നു. നേരെ മറിച്ച് കേന്ദ്രഭരണം ദുര്‍ബലമാകുമ്പോഴൊക്കെ കോടതിയുടെ ഭാഗത്തു നിന്നുള്ള അധികാര ദുര്‍വിനിയോഗം ഉണ്ടാകും എന്നത് നേരത്തെ അനുഭവമുള്ളതാണ്. 1969-70 കാലത്ത് കോണ്‍ഗ്രസ് പിളര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് ഭൂരിപക്ഷം ഇല്ലാതായ സാഹചര്യം ഉണ്ടായി. അക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാറിന്റെ ബേങ്ക് ദേശസാത്കരണം സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. പ്രിവിപേഴ്‌സ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും കോടതി റദ്ദാക്കി. ഈ വിധി വന്നതിന്റെ പിറ്റേ ദിവസം ഇന്ദിരാ ഗാന്ധി പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിര ഭരണഘടന ഭേദഗതി ചെയ്ത് പ്രിവിപേഴ്‌സ് നിര്‍ത്തലാക്കുകയും ബേങ്ക് ദേശസാത്കരണം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ സുപ്രീം കോടതി ജഡ്ജിമാര്‍ പത്തിമടക്കി. പിന്നീട് 1973ല്‍ ഇന്ദിരാ സര്‍ക്കാര്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യുന്നതിനെതിരായ 1973ലെ കേശവാന്ദ ഭാരതി കേസിന്റെ വിധി വന്നപ്പോള്‍ ആറ് ജഡ്ജിമാര്‍ ഭരണഘടന എങ്ങനെയും ഭേദഗതി ചെയ്യുന്നതിനെ അനുകൂലിച്ചപ്പോള്‍ ഭരണഘടനയുടെ മൗലികസ്വഭാവം മാറ്റാന്‍ പറ്റില്ലെന്ന് ഏഴ് ജഡ്ജിമാര്‍ വിധിച്ചു. രോഷാകുലയായ ഇന്ദിരാ ഗാന്ധി തനിക്കെതിരായി വിധിച്ച മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് അവര്‍ക്കനുകൂലമായി വിധിച്ച ജസ്റ്റിസ് എ എന്‍ റേയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടാണ് പ്രതികാരം ചെയ്തത്്. ജുഡീഷ്യറിയുടെ പവിത്രതയെക്കുറിച്ച് പറയുമ്പോള്‍ തന്നെ രാജ്യത്തുണ്ടാകുന്ന പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോടതികളെ ബാധിക്കുന്നുണ്ടെന്നത് കാണാതിരിക്കാന്‍ പറ്റില്ല. ഭരണകൂടങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ കോടതികള്‍ക്ക് പത്തിവെക്കുകയും അവര്‍ വലിയതോതില്‍ ചീറ്റുകയും അത്യാവശ്യം കടിക്കുകയും ചെയ്യും. മറിച്ച് ഭരണകൂടം ശക്തമാണെങ്കില്‍, ഇന്ദിരാ ഗാന്ധിയെ പോലുള്ള ഒരാളാണ് പ്രധാനമന്ത്രിയെങ്കില്‍ ജഡ്ജിമാര്‍ക്ക് വിനയമുണ്ടാകും.
1989ല്‍ വി പി സിംഗിന്റെ മന്ത്രിസഭയും 90ല്‍ ചന്ദ്രശേഖറിന്റെ മന്ത്രിസഭയും വന്നതോടെ രാജ്യത്ത് ഒരു ഉറച്ച സര്‍ക്കാറില്ലാത്ത ഒരു അന്തരാള കാലഘട്ടം രൂപപ്പെട്ടു. അവിടെ നിന്നാണ് ജുഡീഷ്യറിയുടെ അമിതാധികാര പ്രവണതകളുടെ തുടക്കം. ജഡ്ജിമാരുടെ നിയമനം, സ്ഥലം മാറ്റം എന്നീ കാര്യങ്ങളില്‍ ആര്‍ക്കാണ് പരമാധികാരം എന്നതു സംബന്ധിച്ച് മറ്റൊരു കേസ് 1990 ഒക്ടോബര്‍ 26ന് സുപ്രീം കോടതിയില്‍ വന്നു. ഒമ്പതംഗ ബെഞ്ചിന് കേസ് വിട്ടു. രാഷ്ട്രീയ അസ്ഥിരതയില്‍ പെട്ട് നട്ടം തിരിഞ്ഞ നരസിംഹ റാവു സര്‍ക്കാര്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഉലഞ്ഞു നില്‍ക്കുന്ന കാലത്താണ് കോടതി ഈ ഹരജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. 1993 ഒക്ടോബര്‍ ആറിനാണ് ആ വിധി വന്നത്. രത്‌നവേല്‍ പാണ്ഡ്യന്‍ എ എം അഹമ്മദി, കുല്‍ദീപ് സിംഗ്, ജെ എസ് വര്‍മ, എം എം പൂഞ്ചി, യോഗേശ്വര്‍ ദയാല്‍, ജി എന്‍ റേ, എ എസ് ആനന്ദ,് എസ് പി ബറൂച്ച എന്നിവരടങ്ങിയതായിരുന്നു ബഞ്ച്. ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് ചീഫ് ജസ്റ്റിസിനോട് കൂടിയാലോചിക്കണം എന്ന് വാചകത്തിന്റെ അര്‍ഥം ദുര്‍വ്യാഖ്യാനിച്ച് ചീഫ് ജസ്റ്റിസിന്റെ അറിവോടും അംഗീകാരത്തോടും കൂടി മാത്രമേ നിയമിക്കാവൂ എന്നായിരുന്നു അഞ്ച് പേരുടെ ഭൂരിപക്ഷ വിധി. ജെ എസ് വര്‍മയായിരുന്നു ഈ വിധി എഴുതിയത്. നിയമനത്തിന്റെ കാര്യത്തില്‍ ചീഫ് ജസ്റ്റിസിനാണ് പ്രാമുഖ്യം എന്ന അദ്ദേഹം ഖണ്ഡിതമായി വിധിച്ചു. അതിനെ പിന്തുണച്ച് രത്‌നവേല്‍ പാണ്ഡ്യനും കുല്‍ദീപ് സിംഗും രണ്ട് പ്രത്യേക വിധികള്‍ എഴുതി. എന്നാല്‍ സര്‍ക്കാറിന്റെ അധികാരം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എ എം അഹമ്മദി ഭിന്നാഭിപ്രായമെഴുതി. ഇതേ നിലപാടില്‍ എം എം പൂഞ്ചിയും ഭിന്നവിധി പുറപ്പെടുവിച്ചു. ഒമ്പത് ജഡ്ജിമാരില്‍ നിന്ന് അഞ്ച് വിധിന്യായങ്ങളുണ്ടായി. ഭൂരിപക്ഷ വിധിന്യായം അംഗീകരിക്കപ്പെട്ടു. അങ്ങനെ ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന ലോകത്തെ ഏകരാജ്യം എന്ന ബഹുമതി ഇന്ത്യക്ക് കൈവന്നു. നിരസിംഹ റാവു സര്‍ക്കാറിന് ഇതിനോട് പ്രതികരിക്കാന്‍ പോലുമുള്ള കെല്‍പ്പ് ഉണ്ടായിരുന്നില്ല. മന്ത്രിമാരില്‍ പലരും അഴിമതി ആരോപണ വിധേയരായതിനാല്‍ കോടതികളില്‍ നിന്ന് തിരിച്ചടിയുണ്ടാകും എന്ന ഭയവും റാവുവിനെ ഭരിച്ചു.
വാജ്പയി സര്‍ക്കാര്‍ വന്ന സമയത്ത് രാഷ്ട്രപതി കെ ആര്‍ നാരായണന്‍ ഭരണഘടനയുടെ 143-ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയിലേക്ക് ഒരു റഫറന്‍സ് നടത്തി. ജഡ്ജിമാരുടെ നിയമന പ്രശ്‌നത്തില്‍ നിയമപരമായ വിഷയങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയണം എന്നാവശ്യപ്പെട്ടായിരുന്നു ഈ റഫറന്‍സ്. രാഷ്ട്രപതിയുടെ റഫറന്‍സ് എസ് പി ബറൂച്ച അധ്യക്ഷനായ ഒമ്പതംഗ ബഞ്ചിന് വിട്ടു. ഒമ്പതംഗങ്ങളും സുപ്രീം കോടതിയുടെ അധികാരം ഉയര്‍ത്തിപ്പിടിച്ച് ഏകാഭിപ്രായത്തില്‍ വിധി എഴുതി. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണെങ്കില്‍ അദ്ദേഹത്തിന്റെ മുതിര്‍ന്ന രണ്ട് സഹപ്രവര്‍ത്തകരോട് കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതിയിലാണെങ്കില്‍ ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയറായ നാല് പേരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്തു. പരിഗണിക്കപ്പെടുന്ന ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെടാമെന്നതു മാത്രമാണ് സര്‍ക്കാറിനു നല്‍കപ്പെട്ട ഏക അധികാരം. ആ വിധിയോടെ ഭരണഘടനയില്‍ ഒരിടത്തും ഇല്ലാത്ത കൊളീജിയം എന്ന പുതിയൊരു അധികാര കേന്ദ്രം കൂടി രാജ്യത്തുണ്ടായി. 1993ലെ വിധി തന്നെ ഭരണഘടനാ ദുര്‍വ്യാഖ്യാനമായിരുന്നു. കൂടിയാലോചന എന്നതിന് പകരം സമ്മതം എന്ന നിലയിലേക്ക് കൊണ്ടുപോയി. 1998ല്‍ അത് കൊളീജിയം എന്ന കോക്കസ് അഥവാ ഉപജാപകേന്ദ്രം ഉണ്ടാക്കി. ജഡ്ജിമാരുടെ ഈ കോക്കസ് അവരുടെ സ്വന്തക്കാര്‍, ബന്ധുക്കള്‍, പാര്‍ശ്വവര്‍ത്തികള്‍, പരിചയക്കാര്‍ തുടങ്ങിയവരെ ജാതിയുടെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തുടങ്ങി.
1993ന് ശേഷം ജഡ്ജിമാരുടെ നിലവാരത്തില്‍ വലിയ ഇടിവുണ്ടായി. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും നിരവധി ജഡ്ജിമാര്‍ അഴിമതി ആരോപണവിധേരായി. രംഗനാഥ മിശ്ര, ബി എന്‍ കൃപാല്‍, എ എം അഹമ്മദി, രത്‌നവേല്‍ പാണ്ഡ്യന്‍, എം എം പൂഞ്ചി, എ എസ് ആനന്ദ്, കെ ജി ബാലകൃഷ്ണന്‍, അല്‍ത്തമാസ് കബീര്‍ തുടങ്ങി നിരവധിപേര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുണ്ടായത്. ജസ്റ്റിസ് വി രാമസ്വാമിക്കെതിരായ പാര്‍ലമെന്റിന്റെ ഇംപീച്ച്‌മെന്റ്, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന പി ഡി ദിനകരനെതിരായ ഭൂമി കൈയേറ്റ ആരോപണം തുടങ്ങി പരമോന്നത നീതിപീഠത്തിന് അപകീര്‍ത്തികരമായ നിരവധി അപവാദങ്ങള്‍ അടിക്കടി ഉണ്ടായി. ഈ സമയത്താണ് ജഡ്ജിമാരെ ജഡ്ജിമാര്‍ നിയമിക്കുന്ന ഈ സംവിധാനം മാറണമെന്ന ആവശ്യം ഉയര്‍ന്നത്. വി ആര്‍ കൃഷ്ണയ്യരാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. 93ല്‍ നിയമന അധികാരം ഗവണ്‍മെന്റില്‍ നിന്ന് കവര്‍ന്നെടുത്തു കൊണ്ട് വിധി എഴുതിയ ജെ എസ് വര്‍മ തന്നെ ഈ സംവിധാനം അപകടമാണെന്ന് അഭിപ്രായപ്പെട്ടു. വാജ്പയിയുടെ രണ്ടാമത്തെ മന്ത്രിസഭക്കും ഒന്നാം യു പി എ സര്‍ക്കാരിനും പക്ഷേ, ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്താണ് ഈ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി വരുന്നത്. അപ്പോഴേക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തിയിരുന്നു. യു പി എ സര്‍ക്കാറിന്റെ അവസാന കാലത്താണ് കപില്‍ സിബല്‍ മുന്‍കൈയെടുത്ത് ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. പിന്നീട് വീരപ്പമൊയ്‌ലി ഇത് മുന്നോട്ടുകൊണ്ടുപോയി. ലോക്‌സഭ ഐക്യകണ്‌ഠ്യേന പാസാക്കിയെങ്കിലും സാങ്കേതികമായ ചില പോരായ്മകള്‍ മൂലം രാജ്യസഭക്ക് പാസാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാറിന്റെ കാലാവധി അതിനിടെ അവസാനിക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ അതേനിയമം ചില്ലറ മാറ്റങ്ങളോടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭയും രാജ്യസഭയും ഐകകണ്‌ഠ്യേന പാസാക്കി. ഭരണഘടനാ ഭേദഗതി നിയമമാകണമെങ്കില്‍ 16 നിയമസഭകള്‍ പാസാക്കേണ്ടതുണ്ട്. പതിനാറിന്റെ സ്ഥാനത്ത് 20 നിയമസഭകള്‍ ഇത് പാസാക്കി. ബില്‍ അവതരിപ്പിച്ച സമയത്ത് തന്നെ ജഡ്ജിമാരുടെ അസഹിഷ്ണുത വളരെ പ്രകടമായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എം ലോധ കോടതിക്കകത്തും പുറത്ത് പൊതുയോഗങ്ങളിലും നിയമം പാസാകുന്നതിന് മുമ്പ് തന്നെ ബില്ലിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ബില്ല് നിയമമാകുന്നതിന് മുമ്പ് തന്നെ ചിലര്‍ കേസുമായി സുപ്രീം കോടതിയെ സമീപിച്ചു. കേസ് ആ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും ബില്ലിനെതിരെ ലോധ കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ മുതിര്‍ന്നു. ലോഥ റിട്ടയര്‍ ചെയ്ത ശേഷമാണ് ബില്ല് നിയമമായത്. അതോടെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കേസ് വന്നു.
വാദം കേള്‍ക്കലിനിടെ അറ്റോര്‍ണി ജനറല്‍ ജുഡീഷ്യറിയിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുകയുണ്ടായി. കേസുകളില്‍ വീഴ്ച വരുത്തുന്ന ജഡ്ജിമാര്‍, അഴിമതിക്കാരായ ജഡ്ജിമാര്‍, കേസ് വാദം കേട്ട് വിധി പറയാത്ത ജഡ്ജിമാര്‍ തുടങ്ങി ന്യൂനതകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. കേരളത്തില്‍ നിന്നുള്ള ജസ്റ്റിസ് സിറിയക് ജോസഫിന്റെ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. നാലു കൊല്ലം സുപ്രീംകോടതിയില്‍ ജഡ്ജിയായിരുന്ന സിറിയക് ജോസഫ് പത്തില്‍ താഴെ വിധികള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ഇതുപോലുള്ള ആളുകളാണ് ഇവിടെ ഇരിക്കുന്നതെന്ന് പറഞ്ഞിട്ടും കോടതിക്ക് കുലുക്കമുണ്ടായില്ല. ഭരണഘടനാ ഭേദഗതി റദ്ദാക്കിക്കൊണ്ട് ഒക്ടോബര്‍ 16ന് സുപ്രീം കോടതിയുടെ വിധിവന്നു.
99-ാം ഭരണഘടനാ ഭേദഗതിയില്‍ പറഞ്ഞിരുന്നത് ജഡ്ജിമാരെ നിയമിക്കുന്നതിന് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെ നിയമിക്കണമെന്നാണ്. അതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും സീനിയറായ രണ്ട് ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രി, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേര്‍ന്ന് നിശ്ചയിക്കുന്ന രണ്ട് പ്രമുഖ വ്യക്തികള്‍ എന്നിവരുടങ്ങിയ ആറംഗ കമ്മിറ്റിയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കേണ്ടത് എന്നാണ് നിയമഭേദഗതിയില്‍ പറഞ്ഞിരുന്നത്. നിയമമന്ത്രിയുടെ സാന്നിധ്യം തെറ്റാണെന്നും പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്നും ഇത്തരമൊരു കമ്മിറ്റി ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും മറ്റുമുള്ള ബാലിശമായ വിലയിരുത്തലുകളാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഈ രാജ്യത്തെ സിവില്‍സമൂഹം വേണ്ടത്ര വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്നും സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളെ ഇത്തരം ഭാരപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കുന്നത് അപകടകരമായിരിക്കുമെന്നും വിധി പ്രസ്താവനയില്‍ ജസ്റ്റിസ് കെഹാര്‍ അഭിപ്രായപ്പെട്ടു. ഈ രാജ്യത്ത് ബുദ്ധിയും വിവേകവുമുള്ള കൂട്ടര്‍ ജഡ്ജിമാരാണെന്നും വേറെ ആര്‍ക്കും അതില്ലെന്നുമാണ് ഈ ജഡ്ജിമാര്‍ വിശ്വസിക്കുന്നത്. ഭരണഘടനാ ഭേദഗതി ജുഡീഷ്യറിയുടെ അധികാരത്തെ ഹനിക്കുന്നുവെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. ജഡ്ജിമാര്‍ക്ക് കേസ് കേള്‍ക്കാനും വിധി പറയാനുമുള്ള സ്വാതന്ത്ര്യമാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം. ജഡ്ജിമാരെ നിയമിക്കാനുള്ള സ്വാതന്ത്യം അതില്‍ വരുന്നില്ല. ഇഷ്ടം പോലെ ജഡ്ജിമാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യവും അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനുമുള്ള സ്വാതന്ത്ര്യവുമാണ് അവര്‍ ആവശ്യപ്പെടുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും 20 നിയമസഭകളും ഐകകണ്‌ഠ്യേന പാസാക്കിയ ഒരു സുപ്രധാന ഭരണഘടനാ ഭേദഗതി ഇത്ര ലഘുവായി തള്ളിക്കളഞ്ഞ സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഏതെങ്കിലും ഭരണഘടനാ ഭേദഗതിയുടെ മുക്കോ മൂലയോ പൊട്ടോ പൊടിയോചിലപ്പോഴൊക്കെ തട്ടിക്കളയാറുണ്ട്. സൂപ്രീം കോടതി അധികാര ദുര്‍വിനിയോഗമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. 120 കോടി ജനങ്ങളെ അപഹസിക്കുകയാണ് സുപ്രീം കോടതി ഈ വിധിന്യായത്തിലൂടെ ചെയ്തിരിക്കുത്. ജനാധിപത്യത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതായി ഈ വിധി. ഭരണഘടനയുടെ സംരക്ഷകനായ സുപ്രീം കോടതി തന്നെ ഭരണഘടനയുടെ കഴുത്തു പിടിച്ച് ഞെരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകൂടം ജനാധിപത്യത്തെ അട്ടിമറിച്ച സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഇരുള്‍ മൂടിയ ദിനമായ അടിയന്തരാവസ്ഥാ പ്രഖ്യാപന ദിനത്തേക്കാളും ഇരുളടഞ്ഞ ദിനമായിട്ടാകും 2015 ഒക്ടോബര്‍ 16 നെ ചരിത്രം വിധിയെഴുതുക. ജനാധിപത്യം ജഡ്ജാധിപത്യമാകുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. രാജ്യം ഭരിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറാണോ അതോ ജഡ്ജിമാരാണോ എന്നതാണ് ഇവിടത്തെ ചോദ്യം. രാഷ്ട്രീയക്കാര്‍ക്ക് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ജനങ്ങളെ അഭിമുഖീകരിക്കണം എന്ന ഉത്തരവാദിത്വമുണ്ട്. അതു പോലുമില്ലാത്തവരാണ് ജഡ്ജിമാര്‍. എന്തായാലും ജുഡീഷ്യല്‍ സംവിധാനം ജീര്‍ണിച്ചു എന്ന കാര്യം അവര്‍ അംഗീകരിച്ചിട്ടുണ്ട്. കോളീജിയത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ കേസ് വീണ്ടും കേള്‍ക്കാന്‍ പോകുകയാണ്. പോരായ്മകളുണ്ട്. പക്ഷെ അത് സര്‍ക്കാറല്ല ഞങ്ങള്‍ തന്നെ പരിഹരിക്കുമെന്നാണ് കോടതി പറയുന്നത്. നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണോ കോടതിക്കാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നുത്.
അമേരിക്കയില്‍ 1930-33 കാലത്ത് സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ്‌വെല്‍ട്ട് പാസാക്കിയ പ്രധാനപ്പെട്ട ചില നിയമനിര്‍മാണങ്ങള്‍ സുപീം കോടതി ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് അസ്ഥിരപ്പെടുത്തിയത് ജുഡീഷ്യറിയും ഗവണ്‍മെന്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടയാക്കി. അന്ന് റൂസ്‌വെല്‍ട്ട് ഇങ്ങനെ പറഞ്ഞു “നമുക്ക് ഈരാജ്യത്തെ കോടതിയില്‍ നിന്നും രക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് കോടതിയെ തന്നെ കോടതിയില്‍ നിന്നും രക്ഷിക്കേണ്ടിയിരിക്കുന്നു.”