Connect with us

Wayanad

കുരങ്ങുപനി: വാക്‌സിനേഷന്‍ 16ന് തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: കുരങ്ങിലും ചെറുസസ്തനികളിലും കാണുന്ന ചെള്ള് മുഖേന പകരുന്ന കുരങ്ങുപനി (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്-കെ.എഫ്.ഡി)ക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 16ന് തുടങ്ങാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കുരങ്ങുപനി കഴിഞ്ഞ വര്‍ഷം രൂക്ഷമായി റിപ്പോര്‍ട്ട് ചെയ്ത മേഖലയിലെ നായ്ക്കട്ടി, ചെതലിയം പി.എച്ച്.സികള്‍ കേന്ദ്രീകരിച്ചാണ് വാക്‌സിനേഷന്‍ തുടങ്ങുക. ആറ് പഞ്ചായത്തുകളില്‍ മൂന്ന് ഘട്ടമായുള്ള വാക്‌സിനേഷനാണ് നടത്തുക. ഇതിന് പുറമെ വനത്തില്‍ മേയ്ക്കുന്ന കന്നുകാലികളിലെ ചെള്ള് നശിപ്പിക്കാന്‍ ലേപനം പുരട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ യോജിച്ച് പദ്ധതി നടപ്പിലാക്കും. കൂടാതെ രോഗം സംശയിക്കുന്നവരുടെ രക്തപരിശോധനയ്ക്കായി മണിപ്പാല്‍ ആശുപത്രിയുടെ സാറ്റലൈറ്റ് സെന്റര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. വനത്തിലെ കുരങ്ങുകളുടെ അസ്വാഭാവികമായ മരണത്തിന്റെ കണക്ക് വനംവകുപ്പ് ശേഖരിക്കും. ആരോഗ്യ ബോധവത്കരണത്തിലും പ്രതിരോധ ചികിത്സയിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുക. മൂന്ന് ഘട്ട വാക്‌സിനേഷന്‍ രോഗപ്രതിരോധത്തിന് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം വാക്‌സിനേഷന്‍ എടുത്തവര്‍ക്കൊന്നും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കും വാക്‌സിനേഷനും സൗകര്യം ഏര്‍പ്പെടുത്തും. 4,000 ഡോസ് വാക്‌സിന്‍ നിലവില്‍ സ്‌റ്റോക്കുണ്ട്. റഫറല്‍ ഹോസ്പിറ്റല്‍ എന്ന നിലയില്‍ മേപ്പാടി വിംസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
കുരങ്ങുകള്‍ക്ക് പുറമെ ചെറു സസ്തനികളിലും കന്നുകാലികളിലും രോഗവാഹികളായ ചെള്ളുകള്‍ കാണുന്നുവെന്നതിനാലാണ് കന്നുകാലികളിലെ ചെള്ളുകള്‍ നശിപ്പിക്കാനുള്ള യജ്ഞത്തിന് ഈ വര്‍ഷം തുടക്കമിടുന്നത്. എന്നാല്‍, ഈ രോഗം ബാധിച്ച് മരിക്കുന്നത് കുരങ്ങുകളും മനുഷ്യരും മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. ആറ് പഞ്ചായത്തുകളില്‍ 211 പേര്‍ക്ക് രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും നൂല്‍പ്പുഴ പഞ്ചായത്തിലുമാണ് കഴിഞ്ഞ തവണ കുരങ്ങുപനി രൂക്ഷമായത്. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ സംബന്ധിച്ചു.

Latest