Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദും ഒബാമയും ചര്‍ച്ച നടത്തി

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ചര്‍ച്ച നടത്തി.
ഒബാമ ജനറല്‍ ശൈഖ് മുഹമ്മദിനെ ടെലിഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. പ്രധാനമായും യമന്‍ പ്രശ്‌നമായിരുന്നു ചര്‍ച്ചയുടെ മുഖ്യ വിഷയം. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദവും സഹകരണവും നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയമായി. ഇതോടൊപ്പം മേഖല അഭിമുഖീകരിക്കുന്ന സിറിയന്‍ പ്രശ്‌നവും മറ്റ് ഭീഷണികളുമെല്ലാം സംഭാഷണ വിഷയങ്ങളായി. സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായുള്ള വിയന്ന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ടുന്ന നിലപാടുകളുടെ കാര്യത്തിലും ഇരുവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
യമനിലെ ഔദ്യോഗിക സര്‍ക്കാരിന് നല്‍കുന്ന പിന്തുണ പൂര്‍വാധികം ശക്തിയോടെ യു എ ഇ തുടരും. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ നടത്തുന്ന പോരാട്ടത്തെ ഒബാമ പ്രകീര്‍ത്തിച്ചു. യു എ ഇ ഉള്‍പെടെയുള്ള രാജ്യങ്ങള്‍ കഠിനമായ ത്യാഗങ്ങളാണ് യമനിലെ ഔദ്യോഗിക സര്‍ക്കാരിനെ സഹായിക്കുന്നതിനായി തുടരുന്നത്.
യമന്‍ കാര്യത്തില്‍ യു എന്‍ പ്രമേയം നടപ്പാക്കണമെന്നതാണ് അമേരിക്കയുടെയും യു എ ഇയുടെയും നിലപാട്. ജീവകാരുണ്യപരമായി യമന് യു എ ഇ നല്‍കുന്ന സഹായം തുടരും. മേഖലയുടെ സമഗ്ര വികസനമാണ് യു എ ഇ ആഗ്രഹിക്കുന്നതെന്ന് ഒബാമയെ ജനറല്‍ ശൈഖ് മുഹമ്മദ് ധരിപ്പിച്ചു.