Connect with us

Malappuram

കാളികാവ് പഞ്ചായത്ത് ഭരണം: ലീഗ് നേതൃത്വം പ്രാഥമിക ചര്‍ച്ച നടത്തി

Published

|

Last Updated

കാളികാവ്: ത്രികോണ മത്സരം അരങ്ങേറിയ കാളികാവ് പഞ്ചായത്തില്‍ പുതിയ ഭരണത്തെക്കുറിച്ചും കൂട്ടുകെട്ടിനെ കുറിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാചര്യത്തില്‍ മുന്നണി ഭരണം തന്നെയാവും കാളികാവില്‍ ഉണ്ടാവുക.
ഇന്നലെ കാളികാവില്‍ സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. എം ഉമ്മര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജില്ലാ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വീണ്ടും പ്രാദേശിക ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ നിലപാട് അറിയിക്കൂ എന്നാണ് അറിയുന്നത്. മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളികളാകും എന്ന് തന്നെയാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. സി പി എമ്മിനോട് ചേര്‍ന്ന് ഭരണം പങ്കിടണം എന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. മറിച്ചൊരു തീരുമാനം ഉണ്ടായാല്‍ പല വാര്‍ഡ് കമ്മിറ്റികളിലും പൊട്ടിത്തെറി ഉണ്ടാകും. സി പി എമ്മുമായി ചേര്‍ന്ന് അടവ് നയത്തിലൂടെയാണ് ചില വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. അത് കൊണ്ട് തന്നെ ഇത്തരം വാര്‍ഡുകളില്‍ പണിയെടുത്ത പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ കോണ്‍ഗ്രസുമായി ഭരണത്തില്‍ പങ്കാളികളാക്കുന്നത് വഞ്ചനയാണെന്നാണ് ഇത്തരക്കാരുടെ നിലപാട്.
സി പി എമ്മിലും ഇതേവരെ വ്യക്തമായ തീരുമാനം രൂപപ്പെട്ടിട്ടില്ല. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ നാടിന് ഗുണകരമായ രീതിയില്‍ തീരുമാനമെടുക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. ലീഗുമായി ചേര്‍ന്ന് ഭരണം നടത്താന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ രൂപപെട്ട കൂട്ട്‌കെട്ട് ഗുണം ചെയ്യുമെന്നും അവര്‍ കരുതുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വേറിട്ട് മത്സരിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് മുന്നണിയായി ഭരണം പങ്കിടണമെന്ന് പ്രാദേശിക നേതൃത്വങ്ങളോട് നിര്‍ദേശിച്ചിരുന്നു. അതിനാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നണി സംവിധാനത്തെക്കുറിച്ച് രണ്ടഭിപ്രായമില്ല. പഞ്ചായത്ത് ഭരണത്തില്‍ മുന്നണി സംവിധാനത്തിന് വഴങ്ങിയാല്‍ ലീഗിന് കാളികാവ് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് പദത്തില്‍ പിന്തുണ നല്‍കാമെന്നും കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞ തവണ കൂടുതല്‍ സീറ്റുള്ള കോണ്‍ഗ്രസിനായിരുന്നു കാളികാവ് ബ്ലോക്ക് പ്രസിഡന്റ് പദം. ഇതിന് പകരം ഗ്രാമപഞ്ചായത്ത് ഭരണത്തിന് കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നു. ഗ്രാമ പഞ്ചായത്തിലും വേണമെങ്കില്‍ പ്രസിഡന്റ് പദം ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് വഴങ്ങിയേക്കും.

 

Latest