Connect with us

Kerala

ഹൃദയം പറന്നെത്തി; ജീവിതം പകര്‍ന്ന് നല്‍കാന്‍

Published

|

Last Updated

കൊച്ചി: നാല് പേര്‍ക്ക് ജീവന്‍ പകുത്ത് നല്‍കി ജോസഫ് ചെറിയാന്‍ യാത്രയായി. അവയവദാനത്തില്‍ മറ്റൊരു മാതൃകയായി അദ്ദേഹം. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍വച്ച് മസ്തിഷ്‌ക്കാഘാതം മൂലം മരണമടഞ്ഞ ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ് ചെറിയാന്റെ(52) ആന്തരികാവയവങ്ങളാണ് കോഴിക്കോട്, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുക. ജോസഫിന്റെ ഹൃദയം, കിഡ്‌നികള്‍, കരള്‍ എന്നീ അവയവങ്ങളാണ് മാറ്റിവച്ചത്.
കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 53കാരിയായ ജമീലയാണ് ജോസഫ് ചെറിയാനില്‍ നിന്നും ഹൃദയം സ്വീകരിച്ചത്. ജോസഫിന്റെ രണ്ട് കിഡ്‌നികളില്‍ ഒന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഒരു രോഗിക്കും ശേഷിക്കുന്ന ഒരു കിഡ്‌നിയും കരളും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തന്നെ മറ്റ് രണ്ട് രോഗികള്‍ക്കുമായി ഇന്നലെ മാറ്റിവച്ചു.
മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം രാവിലെ 10.30ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജമാക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഹൃദയം കോഴിക്കോട്ടേക്ക് എത്തിച്ചത്.
ആസ്റ്റര്‍ മെഡി്‌സിറ്റിയില്‍ നിന്നും ഹൃദയവും മറ്റു അവയവങ്ങളും വഹിച്ചുകൊണ്ടുള്ള യാത്രക്ക് ആവശ്യമായ മുഴുവന്‍ ഗതാഗത സൗകര്യവും എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റേയും ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍ ഒരുക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായാണ് അവയവദാനം നടത്തിയത്.
തലച്ചോറിനുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോസഫ് ചെറിയാന്റെ ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് മൂന്നുദിവസം മുമ്പ് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച്ച രാത്രി 7.30ഓടെ മസ്തിഷ്‌ക്കാഘാതം സ്ഥിരീകരിച്ചു.
തുടര്‍ന്ന് ജോസഫിന്റെ ഭാര്യ ലൈസമ്മ, മക്കളായ ആല്‍ബില്‍, സ്റ്റെഫിന്‍, ജോസഫിന്റെ സഹോദരങ്ങള്‍ എന്നിവരുടെ പൂര്‍ണ സമ്മതത്തോടെ അവയവദാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.

Latest