Connect with us

National

മൈനുകളില്ലാത്ത പാടത്ത് കൃഷിയിറക്കാന്‍ പാക് അതിര്‍ത്തി ഗ്രാമങ്ങള്‍

Published

|

Last Updated

ജമ്മു: പാര്‍ലിമെന്റിന് നേരെ 2001 ഡിസംബര്‍ 13നുണ്ടായ ഭീകരാക്രമണത്തിന് ശേഷം സ്വന്തം കൃഷിയിടത്തില്‍ വിത്തിറക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ കര്‍ഷകര്‍. അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി സൈന്യം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിത്തുടങ്ങിയതോടെയാണ് ഗ്രാമീണകര്‍ഷകര്‍ക്ക് ആശ്വാസമായത്.
ഇനി മരണഭയം കൂടാതെ അവര്‍ക്ക് പാടങ്ങളില്‍ കൃഷിപ്പണി ആരംഭിക്കാം. ജമ്മുവിന് സമീപം ജൗരിയന്‍ ഖൗറില്‍ രാപകല്‍ യന്ത്രങ്ങളുടെ സഹായത്തോടെ യത്‌നിച്ചാണ് പാടങ്ങളില്‍ നിന്ന് കുഴിബോംബുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി സൈനികര്‍ പൂര്‍ത്തിയാക്കിയത്.
“ഞങ്ങള്‍ക്ക് ഭൂമിയുണ്ട്. ഇനി ഞങ്ങള്‍ക്ക് കൃഷിയാരംഭിക്കാം. ഇപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദമാണ് ആഗ്രഹിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമേ ഞങ്ങളുടെ കൃഷിയിടങ്ങള്‍ തിരികെ ലഭിക്കുകയുള്ളൂ”- സോഹന്‍ സിംഗ് എന്ന കര്‍ഷകന്‍ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ പാടങ്ങളില്‍ നിന്ന് കുഴി ബോംബുകള്‍ നീക്കം ചെയ്ത് കൃഷിപ്പണിക്കായി വിട്ടുനല്‍കിയതിന്റെ സന്തോഷത്തിലായിരുന്നു സോഹന്‍ സിംഗ്.
കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും പാര്‍ലിമെന്റ് ആക്രമണത്തിന്റെ പിന്നാലെ സൈന്യം നടത്തിയ ഓപ്പറേഷന്‍ പരാക്രമിന്റെ ഭാഗമായുമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉടനീളം കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഇതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയില്‍ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. 2003ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കാരാറിനെ തുടര്‍ന്ന് ഈ അവസ്ഥക്ക് അല്‍പ്പം മാറ്റം വന്നിരുന്നെങ്കിലും മിക്കയിടങ്ങളിലും ഗ്രാമീണര്‍ക്ക് ധൈര്യപൂര്‍വം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സ്ഥിതി തന്നെയായിരുന്നു. പാക് ആക്രമണ സാധ്യത നിലനില്‍ക്കുന്ന ചില പ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 2010 മുതല്‍ തന്നെ കുഴിബോംബ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നതായി മേജര്‍ ജനറല്‍ കുല്‍പ്രീത് സിംഗ് പറഞ്ഞു.

Latest