Connect with us

Kozhikode

ഹജ്ജ് വിസ തട്ടിപ്പ്; പ്രധാന പ്രതിയെ ഇനിയും പിടികൂടാനായില്ല

Published

|

Last Updated

മുക്കം: ഹജ്ജ് പോകുന്നവര്‍ക്ക് സഹായിയാവുകയും ഹജ്ജ് വളണ്ടിയര്‍മാരാക്കാമെന്നും പറഞ്ഞ് ആയിരത്തിലേറെ പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ നേരത്തെ പിടിയിലായിരുന്നു. മുക്കം മുത്തേരി സ്വദേശി ജാബിര്‍, കല്ലുരുട്ടി സ്വദേശി മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പാസ്‌പോര്‍ട്ടും പണവും വാങ്ങി മുങ്ങിയതായി പറയുന്ന കാലികറ്റ് യൂനിവേഴ്‌സിറ്റി സ്വദേശിയെ കുറിച്ചാണ് യാതൊരു വിവരവുമില്ല.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെയാളുകളില്‍ നിന്നാണ് പണവും പാസ്‌പോര്‍ട്ടും വാങ്ങി കബളിപ്പിച്ചത്. ഹജ്ജ് വളണ്ടിയര്‍ക്ക് പുറമെ ഉംറ ചെയ്യാന്‍ അവസരം നല്‍കുമെന്നും തിരിച്ച് വരുന്ന സമയത്ത് അമ്പതിനായിരത്തോളം രൂപ പ്രതിഫലമായി നല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ് . ഇതനുസരിച്ച് യാത്രക്ക് തയാറായവരാണ് തട്ടിപ്പ് ആദ്യം അറിഞ്ഞത്. ഇവര്‍ മുക്കം ഉള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ പ്രതികള്‍ക്ക് സഹായകരമായ നിലപാടെടുത്ത പോലീസ്, സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. ഇതിനിടയില്‍ ജാബിറും കൂട്ടാളിയും പിടിയിലാവുകയായിരുന്നു. ഇവരെ കബളിപ്പിച്ച് മുങ്ങിയ യൂനിവേഴ്‌സിറ്റി സ്വദേശിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ഇത് മുഖവിലക്കെടുക്കാന്‍ കബളിപ്പിക്കപ്പെട്ടവര്‍ ഒരുക്കമല്ല . പ്രതിയെ പിടികൂടി പാസ്‌പോര്‍ട്ടും പണവും തിരിച്ച് നല്‍കാന്‍ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

Latest