Connect with us

Kozhikode

മോദിയുടെ നിലപാട് പരിഹാസ്യം : യൂത്ത് ലീഗ്

Published

|

Last Updated

കോഴിക്കോട്: രാജ്യവ്യാപകമായി അസഹിഷ്ണുതയുടെ വിപത്തുകള്‍ പടരുമ്പോഴും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്ത് പോയി രാജ്യത്ത് അസഹിഷ്ണുത അനുവദിക്കില്ലായെന്ന് പറഞ്ഞത് പരിഹാസ്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി.
മോദിയുടെ കപടമുഖമാണിത്. അസഹിഷ്ണുതക്കെതിരെ നിലപാടുണ്ടെങ്കില്‍ രാജ്യത്തിനകത്ത് തന്റെ ആളുകളെ നിലക്ക് നിര്‍ത്താന്‍ മോദി ആര്‍ജവം കാണിക്കണം. കേന്ദ്ര കാബിനറ്റ് രഹസ്യങ്ങള്‍ ആര്‍ എസ് എസ് യോഗത്തിന്റെ അംഗീകാരത്തിന് വെക്കുന്ന നരേന്ദ്ര മോദിയെ ഒരിക്കലും വിശ്വാസ്യത്തിലെടുക്കാനാവില്ല.
മതേതരത്വത്തോടുള്ള കേരള മനസ്സും നിലപാടും ഉറച്ചതാണെന്ന് തെളിയിക്കുന്നതാണ് പഞ്ചായത്ത് തിരെഞ്ഞെടുപ്പ് ഫലമെന്ന് യോഗം വിലയിരുത്തി. കാലങ്ങളായി തുടരുന്ന രാഷട്രീയ സമവാക്യങ്ങളില്‍ മാറ്റവും ഉണ്ടാക്കുന്നതിന് വര്‍ഗീയ ശക്തികള്‍ക്കായിട്ടില്ല. എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ ഒരു രാഷ്ട്രീയ ചലനങ്ങള്‍ക്കും ബി ജെ പിക്ക് സാധിച്ചില്ല. ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളെങ്കിലും ചെറുതായി കാണാന്‍ പാടില്ല. ഇതിനെതിരെ പുതിയ തലമുറയെ അണിനിരത്തുവാനും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാനും യുവജന സംഘടനകളും മുന്നോട്ട് വരേണ്ടതുണ്ട്. മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ ഭൂരിപക്ഷ ന്യൂനപക്ഷ ജനസമൂഹങ്ങള്‍ക്ക് ഒരേ മനസ്സാണുള്ളത്.
ഇത് നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വമാണ് യുവജന സംഘടനകള്‍ക്ക് നിര്‍വഹിക്കാനുള്ളതെന്നും യോഗം ഉണര്‍ത്തി. സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ,കെ എം അബ്ദുള്‍ ഗഫൂര്‍ പങ്കെടുത്തു.