Connect with us

Malappuram

ആര്‍ എസ് എസ് നിലപാട് വസ്തുതക്ക് നിരക്കാത്തത്: മന്ത്രി അനില്‍കുമാര്‍

Published

|

Last Updated

മലപ്പുറം: ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മേലുള്ള കരിഓയില്‍ പ്രയോഗമാണെന്ന് മന്ത്രി എ പി അനില്‍കുമാര്‍. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് ആര്‍ എസ് എസ് പറയുന്നത്.
മലപ്പുറം ജില്ലയെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നത് ആസൂത്രിതമാണ്. ഇത് ബോധപൂര്‍വമാണെന്നും ഇവയെല്ലാം അവഗണിച്ച ചരിത്രമാണ് ജില്ലക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെ പറയാവുന്ന മതസൗഹാര്‍ദ അന്തരീക്ഷമാണ് മലപ്പുറത്തിന്റേത്. ഗള്‍ഫ് പണം കൊണ്ടാണ് കേരളവും മലപ്പുറവുമെല്ലാം വളര്‍ന്ന് വികസിച്ചത്. മുഖപത്രത്തിലെ അഭിപ്രായങ്ങള്‍ സ്വന്തം നിലപാട് തന്നെയാണോ എന്ന് ബി ജെ പിയും ആര്‍ എസ് എസും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എവിടെയും ബി ജെ പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പുകളില്‍ നേരത്തെയും യു ഡി എഫിന് പരാജയമുണ്ടായിട്ടുണ്ട്. യു ഡി എഫ് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയത് കൊണ്ടല്ല പരാജയമുണ്ടായത്. പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും യു ഡി എഫിലെ അനൈക്യവുമാണ് പരാജയത്തിന് കാരണമായത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കും. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണ നഷ്ടമായ രണ്ട് സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest