Connect with us

Editorial

മനുഷ്യത്വത്തെ വെല്ലുവിളിക്കുന്നു

Published

|

Last Updated

മനുഷ്യത്വത്തിന് മേല്‍ ഭീകരതയുടെ തേര്‍വാഴ്ചയില്‍ ലോകം ഒരിക്കല്‍ കൂടി നടുങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിലേക്ക് മരണഭയമേതുമില്ലാത്ത ഒരു പറ്റം സ്വയം സ്‌ഫോടക വസ്തുവായി ഇറങ്ങി നിന്നപ്പോള്‍ താത്കാലികമായെങ്കിലും ഈ ഒഴുക്ക് നിശ്ചലമായിരിക്കുന്നു. ആത്യന്തികമായി മാനവികത ഇത്തരം ക്രൗര്യങ്ങളെയാകെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ആശ്വസിക്കുമ്പോഴും തെരുവുകളില്‍ ചിന്തിയ ചോര ഓരോ മനുഷ്യനെയും അസ്വസ്ഥമാക്കുന്നുണ്ട്. സൃഷ്ടിക്കു മേല്‍ സംഹാരത്തിന്റെ വിജയം നിലനില്‍ക്കുന്നതല്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ഈറ്റില്ലങ്ങളെയും മനുഷ്യകുലം കൃത്യമായി തിരിച്ചറിയുന്നതോടെ ഈ വിജയങ്ങള്‍ അസ്തമിക്കുകയും മനുഷ്യത്വത്തിന്റെ പുഞ്ചിരിക്കുന്ന ഉദയം സാധ്യമാകുകയും ചെയ്യും. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണങ്ങളില്‍ 130 പേരാണ് മരിച്ചത്. ഇറാഖില്‍ നിന്ന് തുടങ്ങുകയും സിറിയയിലും തുര്‍ക്കിയിലും ലിബിയയിലും അറബ് രാഷ്ട്രങ്ങളിലുമെല്ലാം ഭീകരതയുടെ ഭീഷണിയുയര്‍ത്തി വ്യാപിക്കുകയും ചെയ്ത ഇസില്‍ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ ഇസില്‍ ആണെന്നും, ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഫ്രാന്‍സിനുള്ളിലുള്ളവരുടെ സഹായത്തോടെയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളന്‍ഡെ ആണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസില്‍ രംഗത്തെത്തിയത്.
ഇസില്‍ സംഘം ഉത്തരവാദിത്വം ഏറ്റതുകൊണ്ട് മാത്രം ഈ ആക്രമണം അവര്‍ നടത്തിയതാണെന്ന് തീര്‍പ്പിലെത്താനാകില്ല. കൃത്യമായ അന്വേഷണങ്ങളുടെയും വസ്തുതകളുടെയും പിന്‍ബലമില്ലാതെ ഇത്തരം ക്രൂരതകളുടെ പിതൃത്വം ഭീകര സംഘങ്ങള്‍ക്ക് വകവെച്ച് കൊടുക്കുന്നത് അവരെ കൂടുതല്‍ ശക്തരാക്കാനേ ഉപകരിക്കൂ. ലോകത്താകെ നടന്ന സ്‌ഫോടനങ്ങളിലും തീവ്രവാദി ആക്രമണങ്ങളിലും സംഭവിച്ച ഗുരുതരമായ പിശക് ഇത്തരം കെട്ടിവെക്കലുകളായിരുന്നു. അപ്പപ്പോള്‍ ശക്തമായി നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക് ഉത്തരവാദിത്വം കെട്ടിവെച്ച് തടിയൂരുകയാണ് ലോകം ചെയ്തിട്ടുള്ളത്. ആക്രമണങ്ങളുടെ യഥാര്‍ഥ്യങ്ങളിലേക്ക് സഞ്ചരിച്ചാല്‍ ഞെട്ടിപ്പിക്കുന്ന സത്യമായിരിക്കും അനാവരണം ചെയ്യപ്പെടുക. തിടുക്കപ്പെട്ടുള്ള തീര്‍പ്പു കല്‍പ്പിക്കലുകള്‍ നടക്കുമ്പോള്‍ പ്രശ്‌നത്തിന്റെ മര്‍മത്തില്‍ തൊടാനുള്ള സാധ്യതയാണ് അടയുന്നത്. ഇതിനര്‍ഥം ഇസില്‍ സംഘത്തെ കുറ്റവിമുക്തമാക്കണമെന്നല്ല. അവര്‍ പാരീസില്‍ കടന്നുകയറി ആക്രമണം നടത്തില്ലെന്ന് പറയുകയുമല്ല. ഇന്ന് ലോകത്തിന്റെ ഉറക്കം കെടുത്തുന്ന ഭീകരസംഘമായി ഇസില്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. ഈ വസ്തുതയുടെ മറവില്‍ മറ്റേതെങ്കിലും ശക്തികള്‍ നിരപരാധര്‍ക്ക് മേല്‍ മരണം വിതക്കുന്നുണ്ടോയെന്ന പരിശോധന നടക്കണമെന്ന് മാത്രം. സിറിയയില്‍ നിന്നും ലിബിയയില്‍ നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ പല യൂറോപ്യന്‍ രാഷ്ട്രങ്ങളും ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
ഫ്രാന്‍സ് കൂടുതല്‍ കൂടുതല്‍ അശാന്തമാകുന്നുവെന്നാണ് ഈ സ്‌ഫോടനം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഷാര്‍ലി ഹെബ്‌ദോ മാസികയുടെ ആസ്ഥാനത്ത് ഇസില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഡസനിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് പറയുന്നത് വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ രാജ്യത്തിനകത്തുള്ളവരുടെ സഹായം ഭീകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍ ഫ്രഞ്ച് കോളണിയായ അല്‍ജീരിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത തീവ്രവാദ പ്രവണത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുവെന്നത് ഫ്രാന്‍സിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
ഭീകരവാദികളെ ശക്തമായി തുറന്നുകാണിക്കുമ്പോഴും അത്തരം സംഘങ്ങളെ വളര്‍ത്തിയെടുക്കുന്നത് അമേരിക്കയടക്കമുള്ള വന്‍കിട പാശ്ചാത്യ ശക്തികളാണെന്ന വസ്തുത കാണാതിരിക്കാനാകില്ല. പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലെയും സര്‍ക്കാറുകളെ അട്ടിമറിച്ച് പാവ സര്‍ക്കാറുകളെ അവരോധിക്കാനുള്ള ശ്രമമാണ് ഈ സംഘങ്ങള്‍ക്ക് മണ്ണൊരുക്കിയത്. ഇറാഖില്‍ കൂട്ടനശീകരണ ആയുധമുണ്ടെന്ന നുണയുടെ പുറത്ത് സദ്ദാം ഹുസൈനെ താഴെയിറക്കാന്‍ തങ്ങള്‍ നടത്തിയ സൈനിക നീക്കമാണ് ഇസിലിന്റെ ഉദയത്തിന് കാരണമായതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ കുറ്റസമ്മതം നടത്തിയത് ഈയിടെയാണല്ലോ. മറ്റൊരു കുമ്പസാരം കൂടി ഈയിടെ കേട്ടു. നിക്കോളാസ് സര്‍ക്കോസിയുടെ കാലത്ത് തുടങ്ങിയ അക്രമാസക്ത വിദേശനയത്തിന്റെ ഉപോത്പന്നമാണ് ഫ്രാന്‍സിലെ ഭീകരസംഘങ്ങളെന്ന് തുറന്നുപറഞ്ഞത് ഫ്രഞ്ച് വിദേശകാര്യ രഹസ്യാന്വേഷണ മേധാവി യെവസ് ട്രോഡിഗണ്ണാണ്. സിറിയയിലും ലിബിയയിലും യമനിലും യുദ്ധത്തില്‍ പങ്കെടുത്ത് മുറിവേറ്റ് നാട്ടില്‍ തിരിച്ചെത്തിയവരാണ് സായുധ ഗ്രൂപ്പുകളില്‍ ചേരുന്നതെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഇന്ന് കാണുന്ന ഇസില്‍ സംഘത്തിന്റെ ആദ്യരൂപത്തെ പരിശീലിപ്പിച്ചത് സി ഐ എ ആണെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അവരുടെ കൈയിലുള്ള ആയുധങ്ങളെല്ലാം പാശ്ചാത്യ കമ്പനികള്‍ ഉത്പാദിപ്പിച്ചവയാണ്. പാശ്ചാത്യ ഇടപെടല്‍ ശിഥിലമാക്കിയ രാജ്യങ്ങളിലാണ് ഇവര്‍ കാലൂന്നിനില്‍ക്കുന്നത്. അതുകൊണ്ട് സമ്പത്ത് കൊള്ളയടിക്കാനും തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമായി മറ്റു രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ തകര്‍ത്തെറിയുന്ന നയം അവസാനിപ്പിക്കാതെ ഈ ഭീകര സംഘങ്ങളെ പിഴുതെറിയാനാകില്ല. ഇസിലിന്റെ പേരില്‍ ഇസ്‌ലാമുണ്ട്. എന്നാല്‍ അതിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. മതത്തിന് തികച്ചും അന്യമായ അവരുടെ കൊലയാളി പ്രത്യയശാസ്ത്രം മതത്തിന്റെ സംജ്ഞകളെ ദുരുപയോഗിക്കുകയാണ് ചെയ്യുന്നത്. അപകടകരവും അപ്രായോഗികവുമായ മതരാഷ്ട്രവാദവുമായാണ് ഇക്കൂട്ടര്‍ക്ക് ചാര്‍ച്ചയുള്ളത്. കിട്ടിയ മുഴുവന്‍ അവസരങ്ങളിലും മതപാരമ്പര്യം ഉന്‍മൂലനം ചെയ്യാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. മഹാപണ്ഡിതര്‍ ഒന്നടങ്കം ഈ വെറുപ്പിന്റെ ശക്തികളെ സമ്പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടുണ്ട്.