Connect with us

Gulf

ശൈഖ് ഖലീഫയുടെ ജന്മഗേഹം ഇനി മ്യൂസിയം

Published

|

Last Updated

അല്‍ ഐന്‍: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ജന്മസ്ഥലമായ ഖസര്‍ അല്‍ മുവൈജി മ്യൂസിയമാക്കി. മ്യൂസിയം ഇന്നലെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഖസര്‍ അല്‍ മുവൈജി ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തിയത്.
പുനരുദ്ധാരണത്തിന്റെ ഭാഗമായി വീട്ടിലെ വസ്തുക്കളെല്ലാം ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. അബുദാബി ടൂറിസം ആന്റ് കള്‍ചര്‍ അതോറിറ്റി(ടി സി എ)യുടെ നേതൃത്വത്തിലായിരുന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. സന്ദര്‍ശകര്‍ക്കായി മ്യൂസിയം സ്ഥിരമായി തുറന്നുവെക്കാനാണ് പദ്ധതി. ശൈഖ് ഖലീഫയുടെ ജീവിതത്തിലെ മുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളും അടുത്തറിയാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് ഉപകരിക്കും. അതോടൊപ്പം യു എ ഇയുടെ ചരിത്രവും മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും. അല്‍ ഐന്‍ മേഖലയുടെ സ്വാധീനം രാജ്യത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും എത്രമാത്രം ആഴത്തില്‍ പതിഞ്ഞെന്നും ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ അറിയാനാവും. രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന കേന്ദ്രമായ അല്‍ ഐന്‍ മേഖലയിലെ ചരിത്ര ശേഷിപ്പുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1970കളിലാണ് തുടക്കമായത്. 2009ല്‍ ഈ മേഖലയില്‍ ഉദ്ഖനനങ്ങളും ആരംഭിച്ചിരുന്നു. യുനസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടിയ പ്രദേശം കൂടിയാണ് ഖസര്‍ അല്‍ മുവൈജി.
അല്‍ നഹ്‌യാന്‍ കുടുംബം തലമുറകളായി കഴിഞ്ഞുവന്ന ഇടമാണ് ഖസര്‍ അല്‍ മുവൈജി. 1948ലായിരുന്നു ശൈഖ് ഖലീഫ ജനിച്ചത്. ഇതോടനുബന്ധിച്ചുള്ള കോട്ടയും പുനരുദ്ധാരണത്തിന്റെ ഫലമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. ശൈഖ് ഖലീഫയുടെ കുട്ടിക്കാലം മുതലുള്ള അപൂര്‍വ ചിത്രങ്ങളും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അല്‍ നഹ്‌യാന്‍ കുടുംബത്തിന്റെ നാള്‍വഴികള്‍ മ്യൂസിയം സന്ദര്‍ശിക്കുന്നതിലൂടെ ഏതൊരാള്‍ക്കും അറിയാനാവുന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍.