Connect with us

National

കേരള ഘടകത്തില്‍ ഐക്യം നിലനിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി: സി പി എം കേരളഘടകത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഐക്യം തുടരണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ കേരള ഘടകത്തില്‍ വിഭാഗീയത പൂര്‍ണമായും അവസാനിച്ചിട്ടല്ലെന്നും ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും നേതത്വം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനും, നിലവിലുള്ള ഐക്യം നിലനിര്‍ത്താനും സംസ്ഥാന ഘടകം തന്നെ മുന്‍ കൈയെടുക്കണം. ഇതിന് നേതാക്കള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണം. എന്നാലേ താഴേക്കിടയിലെ പ്രവര്‍ത്തകരിലും ആവേശവും പ്രതീക്ഷയും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ കേരള ഘടകത്തിന് ഇനിയും പലതും ചെയ്യാനുണ്ടെന്നും നേതൃത്വം ഓര്‍മിപ്പിച്ചു.
ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയുമെന്നതിന് ഉദാഹരമാണ് കേരളത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്‌നം. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജനകീയ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടെ നേതാക്കള്‍ പ്രവര്‍ത്തിച്ചു. ഇതിന്റെ പ്രതിഫലനമാണ്് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായത്. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തെ കേന്ദ്ര കമ്മിറ്റി യോഗം അഭിനന്ദിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരിട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അഭിനന്ദനം അറിയിച്ചു. എന്നാല്‍ ഐക്യം കൂടതല്‍ ബലപ്പെടുത്തി വിഭാഗീയത പൂര്‍ണമായും അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ ലഭിച്ചെങ്കിലും യു ഡി എഫുമായുള്ള വോട്ട് വ്യത്യാസം അത്രവലുതല്ല. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് ഗൗരവമായെടുക്കണമെന്നും യോഗം വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച വി എസ് അച്യുതാനന്ദനെ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പ് നടത്തിയ കൂടികാഴ്ചയില്‍ യെച്ചൂരി അഭിനന്ദിച്ചിരുന്നു. ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അവസാനദിവസം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള അംഗങ്ങള്‍ വി എസിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.
സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അടുത്ത മാസം അവസാനം കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി അന്തിമരൂപം നല്‍കി. ഈ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചു. പോളിറ്റ് ബ്യൂറോ അനുമതി നല്‍കിയ റിപ്പോര്‍ട്ട് ഭേദഗതിയോടെയാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest