Connect with us

National

താജ്മഹല്‍ നിര്‍മിച്ച നാട്ടില്‍ റോഡ് നിര്‍മിക്കാനാകുന്നില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മനുഷ്യ വിഭവ ശേഷി ഉപയോഗപ്പെടുത്തി ചുറ്റികയും ഉളിയും കൊണ്ട് മുഗള്‍ കാലഘട്ടത്തില്‍ മഹത്തായ താജ്മഹല്‍ എന്ന ലോകാത്ഭുതം നിര്‍മിച്ച നാട്ടില്‍ ആധുനിക സൗകര്യങ്ങളെല്ലാമുണ്ടായിട്ടും താജ്മഹലിന് ചുറ്റും ഒരു റോഡ് പോലും നിര്‍മിക്കാനാകുന്നില്ലെന്ന് സുപ്രീം കോടതി പരിഹസിച്ചു. താജ്മഹലിന് ചുറ്റും റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഹരജി പരിഗണിക്കവേയാണ് കോടതി രാജ്യത്തെ ഭരണസംവിധാനത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിക്കുന്ന രൂപത്തില്‍ പരാമര്‍ശം നടത്തിയത്. ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. താജ്മഹലിന് ചുറ്റും ടാര്‍ റോഡിന് പകരം കല്ല് പാകിയ റോഡുണ്ടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
17ാം നൂറ്റാണ്ടില്‍ വെറും കൈയും ചുറ്റികയും ഉളിയും കൊണ്ടാണ് താജ്മഹല്‍ നിര്‍മിച്ചത്. എന്നാല്‍, ഇത്രയേറെ ആധുനിക ഉപകരണങ്ങളുണ്ടായിട്ടും നിങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു റോഡ് പോലുമുണ്ടാക്കാനാകുന്നില്ല. വെറുതെ പൊതു പണം ദുര്‍വ്യയം ചെയ്യുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
ടാര്‍ റോഡ് മലിനീകരണമുണ്ടാക്കുമെന്ന ഖോരക്പുര്‍ ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കല്ല് പാകിയ റോഡിന് അനുമതി തേടിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ആശയത്തെ അംഗീകരിച്ച കോടതി, റോഡ് പണി പൂര്‍ത്തിയായാല്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി വകുപ്പും റോഡ് കുഴിക്കുന്നത് സംബന്ധിച്ച ആശങ്കയും പ്രകടിപ്പിച്ചു. സര്‍ക്കാറിന്റെ പുതിയ പദ്ധതി സംബന്ധിച്ച് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം തേടിയ കോടതി, ഇത് സമര്‍പ്പിക്കുന്നതിനായി ഹരജി അടുത്ത മാസം പതിനാലിലേക്ക് മാറ്റിവെച്ചു.