Connect with us

Kerala

മേയര്‍ തിരഞ്ഞെടുപ്പ് നാളെ; രണ്ടിടത്ത് അനിശ്ചിതത്വം

Published

|

Last Updated

തിരുവനന്തപുരംഛ മുനിസിപ്പാലിറ്റികളിലെ പുതിയ ചെയര്‍മാന്മാരുടെയും കോര്‍പറേഷന്‍ മേയര്‍മാരുടെയും തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രധാന കോര്‍പറേഷനുകളിലെല്ലാം അധ്യക്ഷ പദവി തിരഞ്ഞെടുപ്പ് നിര്‍ണായകമാകും. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമില്ലാത്തതാണ് പ്രശ്‌നമെങ്കില്‍ കണ്ണൂരിലും തൃശൂരും ആര് ഭരിക്കുമെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു. കൊച്ചിയില്‍ യു ഡി എഫിനാണ് ഭൂരിപക്ഷമെങ്കിലും മേയര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കോര്‍പറേഷനുകളിലും കൊല്ലവും കോഴിക്കോടും മാത്രമാണ് അനിശ്ചിതത്വമില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുള്ളത്.
തിരുവനന്തപുരം നഗരസഭയില്‍ ഇടതു മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ഥി കഴക്കൂട്ടം വാര്‍ഡില്‍ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ വി കെ പ്രശാന്താണ്. സി പി എമ്മിലെ രാഖി രവികുമാറിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ബി ജെ പിയിലും യു ഡി എഫിലും മേയര്‍ സ്ഥാനാര്‍ഥികള്‍ക്കായുള്ള ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ല.
കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. മേയര്‍ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനും നല്‍കാനാണ് നിലവിലെ തീരുമാനം. നിലവില്‍ സ്ഥാനമൊഴിഞ്ഞ കൗണ്‍സിലിലെ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗമിനി ജെയിംസ്, ഷൈനി മാത്യു എന്നിവരുടെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. സാമുദായിക അടിസ്ഥാനത്തിലാണ് ഷൈനിയുടെ പേര് നിര്‍ദേശിച്ചത് എന്നാണ് പ്രധാന ആരോപണം. കെ പി സി സി നിര്‍ദേശങ്ങളെ മറികടന്നാണ് മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും ആരോപണമുണ്ട്. പുതുമുഖങ്ങളെ മേയറാക്കരുതെന്ന കെ പി സി സിയുടെ നിര്‍ദേശവും ഡി സി സി മറികടക്കുകയാണ്. ഡി സി സിയുടെ നടപടിയില്‍ കെ പി സി സി നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് വി എം സുധീരന്‍ പറഞ്ഞത്. ഇന്ന് ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത.
കണ്ണൂര്‍ കോര്‍പറേഷനില്‍ യു ഡി എഫിനെ പിന്തുണക്കില്ലെന്ന വാശിയിലാണ് വിമതന്‍ പി കെ രാകേഷ്. പുറത്തുനിന്ന് പിന്തുണക്കില്ലെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താലേ പിന്തുണ നല്‍കൂവെന്നുമാണ് രാകേഷിന്റെ നിലപാട്. തൃശൂര്‍ കോര്‍പറേഷനിലെ സ്ഥിതിയും വിഭിന്നമല്ല. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഇവിടെ കോണ്‍ഗ്രസ് വിമതനെ അനുനയിപ്പിക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. കൊക്കാല ഡിവിഷനിലെ പി കെ അജിത കുമാരി കൂര്‍ക്കഞ്ചേരിയിലെ ഗ്രീഷ്മ അജയഘോഷ് എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.