Connect with us

Ongoing News

പന്തുരുളുന്നു... ഭീകരതക്കെതിരെ...

Published

|

Last Updated

ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ പരിശീനത്തിന് ഇറങ്ങുന്നതിന് മുമ്പ് ഫ്രഞ്ച് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൗനം ആചരിക്കുന്നുഇംഗ്ലണ്ട് ടീം അംഗങ്ങള്‍ പരിശീനത്തിന് ഇറങ്ങുന്നതിന് മുമ്പ് ഫ്രഞ്ച് ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മൗനം ആചരിക്കുന്നു

ലണ്ടന്‍: പാരീസില്‍ സ്റ്റേഡിയം കൂട്ടക്കൊല ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിന്റെ ഭയപ്പാടുകള്‍ മാറും മുമ്പെ ഫ്രാന്‍സിന്റെ ദേശിയ ഫുട്‌ബോള്‍ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഫ്രഞ്ച് ടീമിലെ പലര്‍ക്കും ഉറ്റവരെ നഷ്ടമായിട്ടുണ്ട്.
കൊല്ലപ്പെട്ട 129 പേരില്‍ ഒരാള്‍ മിഡ്ഫീല്‍ഡര്‍ ലസാന ഡിയാരക്ക് കസിനായിരുന്നു. സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്റെ സഹോദരി തലനാരിഴക്കാണ് മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടത്. മനസൊന്ന് ശാന്തമാകും വരെ കളിക്കാരോട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ഭയന്ന് ഒളിച്ചോടേണ്ട എന്ന നിലപാടാണ് ഭീകരതക്കെതിരെ ഫ്രഞ്ച് താരങ്ങള്‍ കൈക്കൊണ്ടത്. പോരാട്ടത്തിലൂടെ ലോകത്ത് സമാധാനം പിടിച്ചെടുക്കേണ്ടതുണ്ടെന്ന സന്ദേശവുമായി ഫ്രാന്‍സ് ലണ്ടനിലേക്ക് വിമാനം കയറിയത്.
ലണ്ടനില്‍ സന്ദര്‍ശക ടീമിന് വന്‍വരവേല്‍പ്പ് ലഭിച്ചു. ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന്‍ ഫ്രഞ്ച് ടീമിനെ അഭിനന്ദിച്ചു. വെംബ്ലിയില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റവും മികച്ച ഫുട്‌ബോളിന് വേണ്ടി മാത്രമല്ല ഒരുമിക്കുന്നത്, ലോക സമാധാനത്തിന് വേണ്ടി കൂടിയാണ്, ഭീകരതക്കെതിരെയുള്ള ചുവട് വെപ്പ് കൂടിയാണ് – ഹൊഗ്‌സന്‍ പറഞ്ഞു.
വെംബ്ലിയില്‍ ഇംഗ്ലണ്ട് ടീമിന്റെ ആരാധകര്‍ ഫ്രാന്‍സിന് വേണ്ടിയും ആര്‍ത്തുവിളിക്കുന്ന കാഴ്ച കാണാം. മത്സരത്തിന് മുന്നോടിയായുള്ള ദേശീയ ഗാനാലാപനത്തില്‍ ഫ്രഞ്ച് ടീമിനൊപ്പം അതേറ്റു ചൊല്ലും വെംബ്ലിയിലെ മുഴുവന്‍ കാണികളും. ഫ്രാന്‍സിനുള്ള ഐക്യദാര്‍ഢ്യമാണിത്.
ഫ്രാന്‍സ് പ്രസിഡന്റ് ഹൊളണ്ടെ ബ്രിട്ടീഷ് സര്‍ക്കാറിനോട് വെംബ്ലിയില്‍ കനത്ത സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള ഇടം വെംബ്ലിയായിരിക്കുമെന്ന ഉറപ്പാണ് ബ്രിട്ടണ്‍ ഫ്രാന്‍സിന് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രെഗ് ഡൈക് ഓരോ നിമിഷവും സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്തുന്നു.
ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ അടങ്ങിയിരിക്കാന്‍ ജര്‍മന്‍ ടീമും ഒരുക്കമല്ല. ഇന്ന് ഹോളണ്ടിനെതിരെ നടക്കുന്നത് വെറും കായിക മത്സരമായിരിക്കില്ല. ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയുള്ള സന്ദേശം സ്‌പോര്‍ട്‌സിലൂടെ നല്‍കുവാന്‍ ജര്‍മനി ഒരുങ്ങിക്കഴിഞ്ഞു – ജര്‍മന്‍ ടീം മാനേജര്‍ ഒലിവര്‍ ബിയറോഫ് പറഞ്ഞു.അക്രമണം നടന്ന ദിവസം ജര്‍മന്‍ ടീം ആ രാത്രി മുഴുവന്‍ സ്റ്റേഡിയത്തിനകത്തായിരുന്നു ചെലവഴിച്ചത്.
ഫ്രഞ്ച് ടീമംഗങ്ങള്‍ തങ്ങള്‍ക്കൊപ്പം ആ രാത്രി മുഴുവന്‍ ഒപ്പം നിന്നത് സ്‌പോര്‍ട്‌സിന്റെ വിജയമാണ്. അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണ വലുതായിരുന്നു. ഫ്രാന്‍സില്‍ ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ കൂടിയാകും ജര്‍മനി ഇന്ന് പന്ത് തട്ടുക.

Latest