Connect with us

Malappuram

മഞ്ചേരിയില്‍ സംഘട്ടനം; രണ്ട് പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Published

|

Last Updated

മഞ്ചേരി: നഗരത്തിലെ കുത്തുകല്‍ ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. നിരവധി കടകള്‍ അടിച്ച് തകര്‍ത്തു.
ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം. കുത്തുകല്‍ പ്രദേശത്തുള്ള യുവാക്കളും മേലാക്കം ചെട്ടിയാര്‍കുളം പരിസരത്തുള്ള യുവാക്കളും തമ്മില്‍ ഏറെ കാലമായി പ്രശ്‌നം നില നിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ പുലര്‍ച്ചെ 12.15ന് എട്ടംഗ സംഘം ബൈക്കിലെത്തി കുത്തുകല്ലിലെ യുവാക്കളെ മര്‍ദ്ദിച്ചത്.
ഇരുമ്പു വടികൊണ്ട് തലക്കടിയേറ്റ താണിപ്പാറ ബാലകൃഷ്ണന്‍ എന്ന നാണ്യാപു മകന്‍ സി ബിത്തി (24)നെ കോഴിക്കോട് മെഡിക്കല്‍ കോളജിലും, ചെരണി പ്ലൈവുഡ് റോഡിലെ പൂഴിക്കുത്ത് കുഞ്ഞലവിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (24)നെ മഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഫാസിലിന്റെ പരാതിയില്‍ ചെട്ട്യാര്‍കുളം സ്വദേശികളായ അരവിന്ദ്, ഹക്കീം, നൗഷാദ്, കിരണ്‍ദാസ് എന്നിവരുടെ പേരില്‍ മഞ്ചേരി പോലീസ് കേസെടുത്തു. അക്രമത്തില്‍ കുത്തുകല്‍ ജംഗ്ഷനിലുള്ള പലചരക്കുകട, കൂള്‍ബാര്‍, ഐ ടി സ്ഥാപനം, ബേക്കറി, ഗ്ലാസ് മാര്‍ട്ട്, ഹാര്‍ഡ്‌വേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി. ഗ്ലാസ്മാര്‍ട്ടില്‍ മാത്രം ലക്ഷത്തില്‍ പരം രൂപയുടെ ഗ്ലാസ്, പൈപ്പ്, ടാങ്ക് എന്നിവ നശിപ്പിക്കപ്പെട്ടു. സമീപത്തെ നൂറുല്‍ ഹുദാ മസ്ജിദിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ യൂനിറ്റ് കമ്മറ്റി നഗരത്തില്‍ പ്രകടനം നടത്തി.
പ്രസിഡന്റ് എന്‍ ടി കെ ബാപ്പു, എന്‍ ടി മുജീബ് റഹ്മാന്‍, സക്കീര്‍, നിവില്‍ ഇബ്രാഹിം, ഇ കെ എം ഹനീഫ ഹാജി, പി മുഹ്‌സിന്‍, സഹീര്‍ കോര്‍മ്മത്ത്, അഷ്‌റഫ് മാടായി, ഗദ്ദാഫി കോര്‍മ്മത്ത്, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, അല്‍ത്താഫ്, ഫൈസല്‍ നേതൃത്വം നല്‍കി.