Connect with us

Wayanad

കോളനികളുടെ സമഗ്ര വികസന പദ്ധതി: പ്രവൃത്തികള്‍ ജനുവരി 15നകം പൂര്‍ത്തിയാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പട്ടിക വര്‍ഗ സങ്കേതങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ മുഴുവന്‍ പ്രവൃത്തികളും ജനുവരി 15നകം പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി നിര്‍ദേശം നല്‍കി. പദ്ധതിക്കായി 2014-15 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച 64.9733 കോടി രൂപയില്‍ 59.9765 കോടി രൂപക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
തിരുനെല്ലി പഞ്ചായത്തില്‍ ഏഴ്, പനമരം പഞ്ചായത്തില്‍ എട്ട്, പുല്‍പ്പള്ളി ഏഴ്, നൂല്‍പ്പുഴ, മൂപ്പൈനാട്, മേപ്പാടി ആറ് വീതം എന്നിങ്ങനെ കോളനികളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഇതില്‍ നൂല്‍പ്പുഴ, മൂപ്പൈനാട്, മേപ്പാടി കോളനികളുടെ പട്ടിക പുതുക്കിയിട്ടുണ്ട്.
തിരുനെല്ലി പഞ്ചായത്തില്‍ അനുവദിച്ച 12.56 കോടി രൂപയില്‍ 11.72 കോടി രൂപക്ക് ഭരണാനുമതിയായി. തിരുനെല്ലി പഞ്ചായത്തിലെ രണ്ട് കോളനികളിലെ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. ശേഷിക്കുന്ന കോളനികളില്‍ പ്രവൃത്തി നടക്കുന്നു. ജീവനോപാധികളുടെ നിര്‍വഹണം നവംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കും.
പനമരം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 10.62 കോടി രൂപയില്‍ 93 കോടി രൂപയ്ക്ക് ഭരണാനുമതിയായി. വീട് അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി വരുന്നു. മറ്റ് പ്രവൃത്തികള്‍ ഈ ആഴ്ച തുടങ്ങും. ഡിസംബര്‍ 31നകം എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കും.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 11.01 കോടി രൂപയില്‍ 91.4 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പഞ്ചായത്തില്‍ കമ്യൂണിറ്റി ഹാളിന്റെ പ്രവൃത്തി പൂര്‍ത്തിയായി വരുന്നു. മറ്റ് പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. ഉടന്‍ പ്രവൃത്തി തുടങ്ങും.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 10.01 കോടി രൂപയില്‍ 99 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സുല്‍ത്താന്‍ ബത്തേരി ബി.ഡി.ഒ ആണ് നിര്‍വഹണ ഏജന്‍സി. ഈ പഞ്ചായത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ ഒന്നും തുടങ്ങിയിട്ടില്ല.മേപ്പാടി ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 10.55 കോടി രൂപയില്‍ 97.43 കോടി രൂപയ്ക്ക് ഭരണാനുമതിയായി. എല്ലാ പ്രവൃത്തികളും ഈയാഴ്ച തുടങ്ങും.മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച 10.19 കോടി രൂപയില്‍ 97.43 കോടി രൂപയ്ക്ക് ഭരണാനുമതിയായി. പഞ്ചായത്തില്‍ വീട് നിര്‍മാണവും മറ്റ് നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യട്ടി കലക്ടര്‍ (എല്‍.ആര്‍) കെ.കെ. വിജയന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.കെ. കൃഷ്ണന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വാണിദാസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വിനോദ് കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest