Connect with us

International

റഷ്യന്‍ വിമാനം തകര്‍ത്തത് ഭീകരരെന്ന് റഷ്യ; ഉപയോഗിച്ചത് ആഭ്യന്തരമായി നിര്‍മിച്ച സ്ഫോടകവസ്തു

Published

|

Last Updated

മോസ്‌കോ: 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ത്തത് ഭീകരര്‍ തന്നെയെന്ന് റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ സുരക്ഷാ മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്‌നിക്കോവ് ഇക്കാര്യം പ്രസിഡന്റ് വഌഡ്മിര്‍ പുടിനെ ഔദ്യോഗികമായി അറിയിച്ചു. ആഭ്യന്തരമായി നിര്‍മിച്ച സ്‌ഫോടകവസ്തു ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. ഭീകരരെ കുറിച്ച് വിവരം തരുന്നവര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഇനാം പ്രഖ്യാപിച്ചു. 33 മില്യണ്‍ പൗണ്ട് (330 കോടി ഇന്ത്യന്‍ രൂപ) ആണ് ഇനാം. സംഭവത്തിന് ഉത്തരവാദികളായവര്‍ ലോകത്തിന്റെ ഏത് മൂലയില്‍ പോയി ഒളിച്ചാലും അവരെ കണ്ടെത്തുമെന്ന് പുടിന്‍ പറഞ്ഞു.

ഒരു കിലോഗ്രാം ടിഎന്‍ടിക്ക് തുല്യമായ സ്‌ഫോടകവസ്തുവാണ് വിമാനം തകര്‍ക്കാന്‍ ഉപയോഗിച്ചത് എന്നാണ് കണ്ടെത്തല്‍. ഇത് വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്തില്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് റഷ്യന്‍ ഫെഡറല്‍ സുരക്ഷാ വിഭാഗം പറയുന്നു. സംഭവം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു.

2015 ഒക്‌ടോബര്‍ 31ന് ഈജിപ്തിലെ തുറമുഖ നഗരമായ ഷറം അല്‍ ശൈഖില്‍ നിന്ന് ടേക്ഓഫ് ചെയ്തയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസി രംഗത്ത് വന്നിരുന്നു.

Latest