Connect with us

Gulf

ലൈസന്‍സില്ലാത്ത സ്‌കൂളുകള്‍ക്ക് ലക്ഷം റിയാല്‍ പിഴയും ജയില്‍ ശിക്ഷയും

Published

|

Last Updated

ദോഹ: രാജ്യത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമത്തിന് അംഗീകാരം. നിബന്ധനകള്‍ ശക്തമാക്കിയും നിബന്ധന ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തില്‍ കഴിഞ്ഞ ദിവസം അമീര്‍ ഒപ്പു വെച്ചു.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനകം രാജ്യത്തു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ സ്‌കൂളുകളും നിബന്ധനകള്‍ പാലിക്കണം. അംഗീകൃത പാഠ്യപദ്ധിതയില്‍ മാറ്റം വരുത്തുക, ലൈസന്‍സിന്റെ മറവില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുക, പാഠപുസ്തകങ്ങള്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയെല്ലാം നിയമലംഘനത്തിന്റെ പരിധിയില്‍ വരും. തെറ്റു കണ്ടു പിടിക്കപ്പെടുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ കോടതിക്ക് ഉത്തരവിടാം. വിദ്യാര്‍ഥികളില്‍ നിന്നും ഫീസിനത്തില്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും വേണം. കോടതിവിധി മൂന്നു പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യയും. പരസ്യം നല്‍കുന്നതിനുള്ള തുക സ്‌കൂളുകള്‍ നല്‍കണം.
സ്‌കൂളുകളെ സംബന്ധിച്ച് മന്ത്രാലയത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കിയാലും ശിക്ഷിക്കപ്പെടും. അനുമതിയില്ലാതെ സംഭാവനകളോ മറ്റു ധനസഹായങ്ങളോ സ്വീകരിക്കാന്‍ പാടില്ല. ലൈസന്‍സില്ലാതെ സ്‌കൂള്‍ തുറക്കുന്നതിന്റെയും പ്രവേശനം ആരംഭിക്കുന്നതിന്റെയുമൊന്നും പരസ്യങ്ങള്‍ നല്‍കാനും പാടില്ല. നിബന്ധനകള്‍ പാലിക്കാത്ത സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പെടെയുള്ള നിയന്ത്രണങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നു.

Latest