Connect with us

Gulf

പ്രധാനമന്ത്രി പാരീസ് മേയറെ സന്ദര്‍ശിച്ചു

Published

|

Last Updated

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പാരീസ് മേയര്‍ ആന്‍ ഹിദാല്‍ഗോയുമായി ചര്‍ച്ച നടത്തുന്നു

ദോഹ: ഖത്വര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പാരീസ് മേയര്‍ ആന്‍ ഹിദാല്‍ഗോയെ സന്ദര്‍ശിച്ചു. ലോക മനഃസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതില്‍ അനുശോചനവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പരസ്പര സഹകരണത്തിന്റെ വിവിധ വശങ്ങളും അവ പരിപോഷിപ്പിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങളെ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. എ ഡബ്ല്യു ഐ പ്രസിഡന്റ് ജാക്ക് ലാംഗും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.
ശാസ്ത്ര, സാംസ്‌കാരിക മണ്ഡലങ്ങള്‍ അടക്കമുള്ള പരസ്പര സഹകരണവും അവ മെച്ചപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗങ്ങളെ സംബന്ധിച്ചും എ ഡബ്ല്യു ഐ പ്രസിഡന്റ് ജാക്ക് ലാംഗും പ്രധാനമന്ത്രിയും സംസാരിച്ചു. ഇരുകൂട്ടര്‍ക്കും താത്പര്യമുള്ള മറ്റ് വിഷയങ്ങളെ സംബന്ധിച്ചും വിശദമായി ചര്‍ച്ച ചെയ്തു. അറബ് ലോകത്ത് നിന്നുള്ള അപൂര്‍വ ഗ്രന്ഥങ്ങളടക്കമുള്ള ലൈബ്രറിയും വിവിധ വകുപ്പുകളും അടങ്ങുന്ന എ ഡബ്ല്യു ഐ പ്രധാനമന്ത്രി നോക്കിക്കണ്ടു. വിവിധ അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള കൈയെഴുത്ത് പ്രതികളും പുരാതന അമൂല്യ വസ്തുക്കളും ശേഖരിച്ച എ ഡബ്ല്യു ഐ മ്യൂസിയവും അദ്ദേഹം സന്ദര്‍ശിച്ചു.
അറബ് സംസ്‌കാരവും നാഗരികതയും പ്രചരിപ്പിക്കുകയും വിവിധ കലാ, സാഹിത്യ, ബൗദ്ധിക പരിപാടികളിലൂടെ അത് ഫ്രാന്‍സിലെയും ലോകത്തെയും തന്നെ പൊതുജനങ്ങള്‍ക് സമര്‍പ്പിക്കുകയും ചെയ്യുന്ന എ ഡബ്ല്യു ഐ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എ ഡബ്ല്യു ഐയുടെ ദൗത്യങ്ങള്‍ക്ക് ഖത്വറിന്റെ കലവറയില്ലാത്ത പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. അറബ് ലോകത്തെ അറിവും സാംസ്‌കാരിക ആത്മീയ മൂല്യവും പ്രചരിപ്പിക്കുന്നതിന് ഫ്രാന്‍സുമായി 1980ല്‍ 18 അറബ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് എ ഡബ്ല്യു ഐ.
ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി പാരീസിലെത്തിയത്. ഓര്‍ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഖത്വര്‍ അംബാസഡര്‍ ശൈഖ് മിശ്ആല്‍ ബിന്‍ ഹമദ് അല്‍താനിയും മുതിര്‍ന്ന ഫ്രഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.