Connect with us

Gulf

രക്തസാക്ഷികള്‍ക്കായി സ്മാരകം ശൈഖ് സായിദ് മസ്ജിദിന് സമീപം

Published

|

Last Updated

മ്യൂസിയമാക്കി മാറ്റിയ ശൈഖ് ഖലീഫയുടെ ജന്മഗേഹമായ ഖസര്‍ അല്‍ മുവൈജി
ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാനും മറ്റു പ്രമുഖരും സന്ദര്‍ശിക്കുന്നു

അബുദാബി: രാജ്യത്തിന്നായി രക്തസാക്ഷിത്വം വഹിച്ച സൈനികര്‍ക്കായി സ്മാരകം നിര്‍മിക്കുമെന്ന് എം എഫ് എ ഒ(മാര്‍ട്ടിയേഴ്‌സ് ഫാമിലീസ് അഫയേഴ്‌സ് ഓഫീസ്) വ്യക്തമാക്കി. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണ് രക്തസാക്ഷികള്‍ക്ക് സ്മാരകം നിര്‍മിക്കുന്നത്.
ശൈഖ് സായിദ് മസ്ജിദിന്റെ കിഴക്ക് വശത്ത് ശൈഖ് സായിദ് റോഡിന്റെ സമീപത്താവും സ്മാരകം നിര്‍മിക്കുക. ആളുകള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണ് സ്മാരകം നിര്‍മിക്കാന്‍ ഇവിടം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എം എഫ് എ ഒ അധികൃതര്‍ പറഞ്ഞു. അബുദാബി നഗരത്തിനു പുറത്തുനിന്നു വരുന്നവര്‍ക്ക് ഉള്‍പെടെ എല്ലാവര്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും എത്താവുന്നിടമാണിത്. സ്മാരകം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തെ സുപ്രധാനമായ ദേശീയവും സാംസ്‌കാരികവുമായ കേന്ദ്രമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിനായി ജീവന്‍ ത്യജിച്ചവരോടുള്ള ഏറ്റവും മികച്ച ആദരവിന്റെ സൂചനയാവുന്ന രീതിയിലാണ് സ്മാരകം പൂര്‍ത്തീകരിക്കുക. ജീവത്യാഗം ചെയ്ത ധീരരായ സൈനികര്‍ക്ക് എത്രമാത്രം സ്ഥാനവും ബഹുമാനവും യു എ ഇ സമൂഹം നല്‍കുന്നൂവെന്ന് ബോധ്യപ്പെടാനും ഇത് ഇടയാക്കും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അദമ്യമായ ആഗ്രഹമാണ് ഇത്തരം ഒരു മഹനീയ പദ്ധതിക്ക് പിന്നിലെന്നും എം എഫ് എ ഒ അധികൃതര്‍ വെളിപ്പെടുത്തി.
സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഓപറേഷന്‍സ് റെസ്റ്റോറിംഗ് ഹോപ്പ് എന്ന പേരില്‍ യമനില്‍ ഹൂത്തികള്‍ക്കെതിരായ യുദ്ധം തുടങ്ങിയതില്‍ പിന്നെ രാജ്യത്തിന് അറുപതില്‍പരം സൈനികരെയാണ് ബലിനല്‍കേണ്ടി വന്നത്. യൂസുഫ് സലിം അല്‍ കഅബി, മുഹമ്മദ് ഖല്‍ഫാന്‍ അബ്ദുല്ല സലീം അല്‍ സിയാഹി, അലി ഖാമിസ് സലീം അയദ് അല്‍ കത്്ബി, അഹ്മദ് ഖമിസ് മുഅല്ല ഇദ്‌രിസ് അല്‍ ഹമ്മാദി, അബ്ദുല്‍ റഹ്മാന്‍ ഇബ്രാഹിം ഈസ അല്‍ ബലൂഷി, ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി, ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി തുടങ്ങിയര്‍ ധീരരക്തസാക്ഷികളില്‍ ഉള്‍പെടും. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്തസാക്ഷികളോടുള്ള ആദര സൂചകമായി നവംബര്‍ 30 രക്തസാക്ഷി ദിനമായി ആചരിക്കാന്‍ ഉത്തരവിട്ടിരുന്നു. രക്തസാക്ഷികള്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടിരുന്നു.