Connect with us

National

മത്സരിക്കാന്‍ പ്രായപരിധിയില്ലെന്ന് സീതാറാം യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തനത്തിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. അടുത്ത തിരഞ്ഞെടുപ്പില്‍ വി എസ് മത്സരിക്കുന്നത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഇത് ബാധകമാണ്. അദ്ദേഹത്തിന്റെ ഊര്‍ജസ്വലത കണ്ടുപഠിക്കണം. ജനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയിലും പൊതുരംഗത്തും തുടരാമെന്നും യെച്ചൂരി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഎസിന്റെ പ്രചാരണം പാര്‍ട്ടിയില്‍ നിന്ന് വേറിട്ടതായിരുന്നില്ല. വി എസ് ഒറ്റക്കല്ല തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. കൂട്ടായ പ്രചാരണമാണ് നടത്തിയത്. കേരളത്തില്‍ ബി ജെ പി വോട്ടുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബി ജെ പിയിലേക്ക് ചോര്‍ന്നതെന്നും യെച്ചൂരി പറഞ്ഞു.
ജനങ്ങള്‍ക്ക് മേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ബി ജെ പി സര്‍ക്കാറിന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന വര്‍ഗീയ വിദ്വേഷ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സി പി എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. ആറ് ഇടതു പാര്‍ട്ടികളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആറ് വരെ ഓരോ മേഖലയിലെയും പ്രദേശിക വിഷയങ്ങള്‍ കൂടി ഉയര്‍ത്തിയാണ് പ്രക്ഷോഭങ്ങള്‍ നടത്തുകയെന്ന് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡിസംബര്‍ ഒന്ന് മുതല്‍ ബാബ്‌രി മസ്ജിദ് തകര്‍ച്ചയുടെ വാര്‍ഷികദിനമായ ആറ് വരെയാണ് സി പി എം, സി പി ഐ, സി പി ഐ എം എല്‍- ലിബറേഷന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍ എസ് പി, എസ് യു സി ഐ കമ്യൂണിസ്റ്റ് എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വര്‍ഗീയ വിദ്വേഷ ആക്രമണങ്ങള്‍ക്ക് എതിരായി പ്രചാരണം സംഘടിപ്പിക്കുന്നത്.
അധിക സാമ്പത്തിക ഭാരത്തില്‍ ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദേശ മൂലധനത്തിന് രാജ്യം കൊള്ളയടിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പാര്‍ലിമെന്റിനെയും മന്ത്രിസഭയെയും മറികടന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പതിനഞ്ച് മേഖലകള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതെന്നും യെച്ചൂരി പറഞ്ഞു.

 

Latest