Connect with us

Kerala

ശരണ്യയുടെ രഹസ്യ മൊഴിയില്‍ ചെന്നിത്തലക്കെതിരെ പരാമര്‍ശം

Published

|

Last Updated

ഹരിപ്പാട്: പോലീസ് നിയമന തട്ടിപ്പ് കേസിലെ പ്രതി തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യയുടെ രഹസ്യമൊഴിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെയും പരാമര്‍ശം. 164ാം വകുപ്പ് പ്രകാരമുള്ള കേസില്‍ മജിസ്‌ട്രേറ്റ് ഉഷാനായര്‍ മുമ്പാകെയാണ് ശരണ്യ രഹസ്യമൊഴി നല്‍കിയത്. ഹരിപ്പാട്ടുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിലെത്തി രമേശ് ചെന്നിത്തലയെ കണ്ടുവെന്നാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ശരണ്യ മൊഴി നല്‍കിയത്. 14 പേജുള്ള രഹസ്യമൊഴിയാണ് നല്‍കിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കൂടെയുണ്ടായിരുന്നെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലേക്ക് തന്നെ കൊണ്ടുപോയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും ക്യാമ്പ് ഓഫീസില്‍ മന്ത്രി രമേശ് ചെന്നിത്തലക്ക് തന്നെ പരിചയപ്പെടുത്തിയെന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കൂടെയുണ്ടായിരുന്നെന്നുമാണ് ശരണ്യയുടെ രഹസ്യ മൊഴിയിലുള്ളത്.
നമുക്ക് വേണ്ടി ആളുകളെ പിടിക്കുന്ന ആളാണെന്നാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ശരണ്യ മൊഴിയില്‍ വ്യക്തമാക്കുന്നു. ജോലി തട്ടിപ്പിനാവശ്യമായ കേരള പൊലീസിന്റെ സീലും പി എസ് സിയുടെ സീലും മന്ത്രിയുടെ സീലും മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സംഘടിപ്പിച്ചത്. അന്വേഷണം ആരംഭിച്ചതിനു ശേഷം ആഭ്യന്തരമന്ത്രിയുടെ പേര് പറയരുതെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശരണ്യയുടെ മൊഴിയില്‍ പറയുന്നുണ്ട്. ക്രൈം ബ്രാഞ്ച് എസ് പിയാണ് ശരണ്യയെ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ പേരോ മന്ത്രിയുടെ ഓഫീസില്‍ പോയ വിവരമോ പുറത്തുപറയരുതെന്നായിരുന്നു ഭീഷണിയെന്നും ശരണ്യ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കായംകുളത്ത് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ശരണ്യ പോലീസിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ഡി വൈ എസ് പി തന്നെ ലൈംഗികമായി ദുരുപയോഗിച്ചെന്നും മറ്റും ശരണ്യ ആരോപിച്ചിരുന്നു. അതേസമയം, ആരോപണത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞു.
അതിനിടെ, ശരണ്യ (23)യെ ഇന്നലെ ഹരിപ്പാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. ഹരിപ്പാട് സി ഐ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കസ്റ്റഡിയില്‍ വിട്ടുകൊടുക്കാതെ ജയിലിലേക്ക് അയക്കുകയായിരുന്നു. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതിയെ വിട്ടുകിട്ടാന്‍ പോലീസ് ഇനി കോടതിയെ സമീപിക്കേണ്ടിവരും.

Latest